തെരഞ്ഞെടുപ്പ് കാലം കൊഴിഞ്ഞുപോക്കുകളുടെ കാലമാണ്; തിരിച്ചുപിടിക്കലുകളുടെയും. സീറ്റ് നിഷേധിച്ചതിലും ചോദിച്ച സീറ്റ് കിട്ടാത്തതിലും വേണ്ടത്ര പരിഗണന ലഭിക്കാത്തതിലുമൊക്കെ പ്രതിഷേധിച്ച് നേതാക്കള്‍ പുതിയ ലാവണങ്ങള്‍ തേടിയപ്പോള്‍ കൈ പൊള്ളിയത് രാജ്യത്തെ ‘പരമോന്നത’ പാര്‍ട്ടിയായ കോണ്‍ഗ്രസിന്. നരേന്ദ്ര മോദിയുടെ നേതൃശേഷിയെ അംഗീകരിച്ച് ഏറെപ്പേര്‍ കൂടാരത്തില്‍ വന്നുചേര്‍ന്നത് ബിജെപിയെ ആത്മവിശ്വാസത്തിന്റെ നെറുകയിലെത്തിച്ചു കഴിഞ്ഞു.
തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനം കോണ്‍ഗ്രസിന് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചത്. ആന്ധ്രാ പ്രദേശിനെ വിഭജിക്കാനുള്ള നീക്കം കോണ്‍ഗ്രസിന്റെ അടിവേരിളക്കിയെന്നു പറയാം. ആന്ധ്രയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊഴിഞ്ഞുപോയത്. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുവരെ കോണ്‍ഗ്രസിന് കണ്ടുനില്ക്കേണ്ടിവന്നു. ഒഡീഷയിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് പുതിയ തട്ടകങ്ങള്‍ കണ്ടെത്തി. നിയമസഭാകക്ഷി നേതാവ് ഭൂപീന്ദര്‍ സിങ്ങും അതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസില്‍ തലമുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിച്ച ബഹുമാനം ലഭിക്കുന്നില്ലെന്നാണ് ഭൂപീന്ദറിന്റ പരാതി. ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ചന്ദ്രശേഖര്‍ ദുബെ തൃണമൂല്‍ കോണ്ഗ്രിലേക്കു ചേക്കേറി. ഹരിയാന കോണ്‍ഗ്രസിലെ പ്രമുഖനും മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വിശ്വസ്തനുമായ വിനോദ് ശര്‍മ്മ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ റാവു ഇന്ദ്രജിത്ത് സിങ്ങും കൈവിട്ടതോടെ കോണ്‍ഗ്രസ് വിളറിപിടിച്ചലയുകയാണ്. ബിജെപിയിലേക്കാണ് ഇന്ദ്രജിത്ത് സിങ് ചുവടുമാറിയത്.
കര്‍ണ്ണാടക രാഷ്ട്രീയത്തിലെ അതികായനും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയെ മടക്കിക്കൊണ്ടുവരാന്‍ സാധിച്ചത് ബിജെപിയുടെ നേട്ടങ്ങളുടെ തിളക്കം വര്‍ധിപ്പിക്കുന്നു. കന്നഡ മണ്ണിലെ തെരഞ്ഞെടുപ്പ് ഫലത്തെ യെദ്യൂരപ്പ ഇഫക്ട് സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. യുപിയിലെ പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായ നേതാവ് കല്യാണ്‍ സിങ്ങിന്റെ തിരിച്ചുവരവും ബിജെപിക്ക് ഊര്‍ജം പകര്‍ന്നു. ആന്ധ്രാ കോണ്‍ഗ്രസിലെ വന്തോക്കും എന്‍ടിആറിന്റെ മകളുമായ ഡി. പുരന്ദരേശ്വരിയും ബിജെപിയില്‍ തണല്‍ തേടിയെത്തി. ബീഹാറില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരി രാം കൃപാല്‍ യാദവ് ഇക്കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതേയുള്ളു. ജനതാദള്‍ യുവിന്റെ ചേഡി പാസ്വാനും ബിജെപിയെ ആലിംഗനം ചെയ്തവരില്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് സഹയാത്രികന് ജഗദാംബിക പാലാണ് ബിജെപി പാളയത്തിലെത്തിയ മറ്റൊരു വമ്പന്‍ സ്രാവ്. സമാജ്വാദി പാര്‍ട്ടി എംപി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെയും ബിജെപി ഒപ്പം കൂട്ടിയിട്ടുണ്ട്. അസമില്‍ എജിപിക്ക് (അസം ഗണ പരിഷത്ത്) കനത്ത ആഘാതമേല്‍പ്പിച്ച നാഥ് ഗോസ്വാമിയും ബിജെപിയിലെത്തി. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപി കാംകേശ്വര് ബൈത വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: