ബിജെപി നയിക്കുന്ന എന്‍ഡിഎ ഏറെ മുന്നിലാണെന്ന് അഭിപ്രായസര്‍വ്വേ. 12 സംസ്ഥാനങ്ങളിലെ 319 സീറ്റുകളില്‍ 166 സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചനം. കോണ്‍ഗ്രസിന്റെ യുപിഎക്ക് 2009 ല്‍ കിട്ടിയ സീറ്റിന്റെ പകുതിയാകും, പരമാവധി 52 സീറ്റ്.എന്‍.ഡി.ടിവിയും ഹന്‍സയും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്.
ബീഹാറില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ജനതാദള്‍ നേതാവ് നിതീഷ്കുമാറിന്റെ സഖ്യകക്ഷിയെന്ന എന്ന നിലയില്‍ മാത്രം പോരാടിയ ബിജെപി ഇക്കുറി ബീഹാറില്‍ മേല്‍ക്കൈ നേടുമെന്ന് കണ്ടെത്തി. 40 സീറ്റില്‍ 23 സീറ്റ് ബിജെപി ഉറപ്പിച്ചു കഴിഞ്ഞു. നിതീഷിന്റെ ഐക്യജനതാദള്‍ വെറും അഞ്ചുസീറ്റില്‍ ഒതുങ്ങേണ്ടിവരും. 20 സീറ്റില്‍ നിന്നാണ് ഈ പതനം. ലാലുപ്രസാദ്-കോണ്‍ഗ്രസ് സഖ്യത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകും.
രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയം പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഛത്തീസ്ഗഢിലും നേട്ടം ആവര്‍ത്തിക്കും.
ആകെയുള്ള 543 മണ്ഡലങ്ങളില്‍ 350 സ്ഥലങ്ങളിലെ 2,00,000 പേരില്‍ നിന്ന് നേടിയ അഭിപ്രായമാണ് സര്‍വേയുടെ അടിസ്ഥാനം. സര്‍വേയില്‍ വിലയിരുത്തുന്നത് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയമാണ്. ഏഴില്‍ നാല് സീറ്റു നേടുമെന്ന് സര്‍വേ പറയുന്നു. ബിജെപി രണ്ടോ മൂന്നോ സീറ്റു നേടും. കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമാകും. എന്നാല്‍ എഎപിയുടെ ഒരു സ്വാധീനവും അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ ഉണ്ടാകില്ലെന്ന് സര്‍വേ പറയുന്നു. ബിജെപിയും സഖ്യകക്ഷിയായ ഹരിയാന വികാസ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം പത്തില്‍ ഏഴ് സീറ്റും നേടും. കോണ്‍ഗ്രസിന് മൂന്നു സീറ്റും കിട്ടിയേക്കാം.
പ്രാദേശിക പാര്‍ട്ടിക്കുള്ളില്‍ ജയലളിതയും മമത ബാനര്ജിയുമായിരിക്കും നേട്ടമുണ്ടാക്കുകയെന്ന് സര്‍വേ വിലയിരുത്തുന്നു. ആകെയുള്ള 40 സീറ്റില്‍ 80 ശതമാനവും നേടിയേക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴ്നാട്ടിലെ 39 ല്‍ 27 സീറ്റ് ജയലളിതക്ക് അനുകൂലമാകുമെന്നാണ് കണക്കുകള്‍. 2009 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പോരാടിയ ഡിഎംകെക്ക് വന്‍ പരാജയമാകും.
കര്‍ണാടകത്തില്‍ രണ്ടുവര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജിതരായ ബിജെപി സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പില്‍ വമ്പിച്ച തിരിച്ചുവരവിന് ഒരുങ്ങിക്കഴിഞ്ഞുവെന്ന് സര്‍വേ ഫലം. ബി.എസ്.യദ്യൂരപ്പയുടേയും ബി.ശ്രീരാമലുവിന്റേയും ബിജെപിയിലേക്കുള്ള വരവില്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും പിടിച്ചുനില്‍ക്കാനാവില്ല.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് -എന്‍സിപി കൂട്ടിനെതിരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപി-ശിവസേനാ സഖ്യത്തിനാവില്ലെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം ഗുജറാത്തില്‍ 26 ല്‍ 23 സീറ്റും ബിജെപി ഉറപ്പാക്കിയെന്നാണ് സര്‍വേ ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: