വനിതാ സംവരണബില്‍ ഇതുവരെ പാസായിട്ടില്ലെങ്കിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു പതിനഞ്ചാം ലോക്സഭ. പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും അധികം വനിതാ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതും പോയ തെരഞ്ഞെടുപ്പിലാണ്. കഴിഞ്ഞ ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം റെക്കോര്‍ഡ് സംഖ്യയായിരുന്നു.
59 വനിതാ എംപിമാര്‍ സാന്നിധ്യമറിയിച്ച ആദ്യത്തെ ലോക്സഭാസമ്മേളനങ്ങള്ക്കായിരുന്നു രാജ്യം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സാക്ഷ്യം വഹിച്ചത്.
2009-ലെ പൊതുതെരഞ്ഞെടുപ്പില്‍ 556 വനിതകളാണ് മത്സരിച്ചത്. കോണ്‍ഗ്രസും ബിജെപിയും വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കട്ടയ്ക്കു നിന്നു.
കോണ്‍ഗ്രസില്‍ നിന്ന് 23-ഉം, ബിജെപിയില്‍ നിന്നും 13-ഉം വനിതാ അംഗങ്ങള്‍ പാര്‍ലമെന്റിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സമാജ്വാദിപാര്ട്ടി, എന്നിവര്‍ക്ക് നാലു വീതം സ്ഥാനാര്‍ത്ഥികളേയും കഴിഞ്ഞ തവണ ലഭിച്ചു. ജനതാദള്‍ യുണൈറ്റഡ്, ശിരോമണി അകാലിദള്‍, എന്‍സിപി എന്നിവര്‍ക്ക് രണ്ടു വീതം വനിതാ എംപിമാരും ഉണ്ടായിരുന്നു. തെലങ്കാന രാഷ്ട്രസമിതി, രാഷ്ട്രീയ ലോക് ദള്‍, ശിവസേന, ഡിഎംകെ, സിപിഐ(എം)എന്നിവര്‍ക്ക് ഓരോ വനിതാ എംപിമാരും കഴിഞ്ഞ ലോക്സഭയില്‍ ഉണ്ടായിരുന്നു.
2004-ലെ തെരഞ്ഞെടുപ്പില്‍ 355 വനിതകളാണ് മത്സരിച്ചത്. ഇതില്‍ 45 പേര് മാത്രമാണ് പാര്‍ലമെന്റില്‍ എത്തിയത്. 1999-ല്‍ 284-വനിതകള്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് 49 പേരാണ്.
വനിതാ എംപിമാരുടെ കാര്യത്തില്‍ യുപി ആയിരിന്നു മുന്നില്‍. ഇവിടെ നിന്നുമാത്രം 13 പേരാണ് ലോക്സഭയിലെത്തിയത്. തൊട്ടുപിറകെ ഏഴ് വനിതാ എംപിമാരുടെ സാന്നിധ്യം അറിയിച്ച് പശ്ചിമബംഗാള്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്ന് ആറും, ആന്ധ്രാപ്രദേശില്‍ നിന്ന് അഞ്ചും വനിതാ എംപിമാര്‍ കഴിഞ്ഞ ലോക്സഭയില്‍ ഉണ്ടായിരുന്നു. ഗുജറാത്ത്, ബീഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് നാലും വനിതാ എംപിമാര്‍ സാന്നിധ്യമറിയിച്ചു.
സോണിയാഗാന്ധി, സുഷമാസ്വരാജ്, മമതാബാനര്‍ജി, സുപ്രിയ സുലെ, പ്രിയദത്ത്, ജയപ്രദ, വിജയശാന്തി, ശതാബ്ദിറോയ്, സുമിത്ര മഹാജന്, കുമാരി ഷെല്‍ജ, അജന്ത സാംഗ്മ എന്നീ കരുത്തുറ്റ വനിതാ അംഗങ്ങള്‍ ഈ 59 പേരില്‍ ചിലര്‍ മാത്രം. കരഞ്ഞും, കരുത്തുതെളിയിച്ചും കടന്നുപോയ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചത് ഇന്ത്യയിലെ ശക്തരായ ഈ വനിതകളിലൂടെ. ഇനി ഏതാനും ദിവസംകൂടി കാത്തിരിക്കാം ഈ തെരഞ്ഞെടുപ്പില്‍ എത്ര വനിതകള്‍ മാറ്റുരയ്ക്കുമെന്ന്, അവരില്‍ എത്രപേര്‍ സഭയിലെത്തുമെന്ന്, അവരില്‍ എത്രപേര്‍ തിളങ്ങുമെന്ന് കാണാന്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: