ന്യൂദല്‍ഹി: അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അഴിമതിക്കാര്‍ കയറിപ്പറ്റിയത് വിശദീകരിക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വം കുഴയുന്നു. വിശ്വസ്തര്‍ക്ക് മാത്രം മുന്‍ഗണന നല്കി പതിവുപോലെ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയിട്ടുമില്ല. ഇതോടെ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകളുമായി രാഹുല്‍ഗാന്ധി നടത്തിയ പ്രചാരണങ്ങളിലെ പൊള്ളത്തരമാണ് വ്യക്തമായിരിക്കുന്നത്.
റെയില്‍വേ ബോര്‍ഡ് നിയമനത്തിന് പത്തുകോടി രൂപ കോഴ വാങ്ങുന്നതിനിടെ അനന്തരവന് സിബിഐയുടെ പിടിയിലായതിനേ തുടര്‍ന്ന് രാജിവച്ചൊഴിയേണ്ടിവന്ന മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ചണ്ഡീഗഢിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. കല്‍ക്കരി കുംഭകോണക്കേസിലെ പ്രതി സുബോധ്കാന്ത് സഹായിയെ റാഞ്ചിയിലും മത്സരിപ്പിക്കുന്നു. ശതകോടികളുടെ അഴിമതി ആരോപണമുയര്‍ന്ന ആധാര്‍ കാര്‍ഡ് പദ്ധതിയുടെ സൂത്രധാരനായ നന്ദന് നികലേനി ബങ്കളൂരു സൗത്തിലാണ് മത്സരിക്കുന്നത്.
സഹോദരന് ഡയറക്ടറായ സ്ഥാപനത്തിന് കല്‍ക്കരി ബ്ലോക്കുകള്‍ ലേലം കൂടാതെ ലഭിക്കുന്നതിനു വേണ്ട വഴിവിട്ട നടപടികള്‍ സ്വീകരിച്ചെന്ന ആരോപണമാണ് സുബോധ്കാന്ത് സഹായിക്കെതിരെ ഉയര്‍ന്നിരുന്നത്. ഇതനുസരിച്ച് ഇത്തവണ റാഞ്ചിയില്‍ സഹായിക്ക് സീറ്റ് നല്‍കില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ച മൂന്നാംവട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സഹായി കയറിപ്പറ്റിയത് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരമായ അസറുദ്ദീന് റാഞ്ചിയില്‍ നിന്നും ജനവിധി തേടുമെന്നായിരുന്നു ആദ്യസൂചനകള്‍.
റെയില്‍വേഗേറ്റ് കേസില്‍ രാജിവെച്ചൊഴിഞ്ഞ ബന്‍സലിന് അനന്തരവനെ തള്ളിപ്പറഞ്ഞെങ്കിലും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിച്ചിരുന്നില്ല. സിബിഐ അന്വേഷണം ബന്സലിലേക്ക് എത്താതിരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം സിബിഐക്ക് മേലുണ്ടായിരുന്നതായി ആരോപണങ്ങളും ഉയര്‍ന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങളെയെല്ലാം തള്ളിക്കളഞ്ഞാണ് ചണ്ഢീഗട്ട് സീറ്റ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
ആരോപണ വിധേയരായവരെ സീറ്റുനല്‍കി ആദരിക്കുന്ന നടപടിയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സോളാര്‍ കേസില്‍ ആരോപണ വിധേയരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹമരണത്തിന്റെ ആരോപണങ്ങള്‍ നേരിടുന്ന ശശി തരൂര്‍ എന്നിവരെല്ലാം കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: