മഗധരും മൗര്യരും ഗുപ്തന്മാരും രാഷ്ട്രകൂടന്മാരും പിന്നെ മുഗളരും ഭരിച്ച, ഗംഗയും യമുനയും ഒഴുകുന്ന, രാമന്റെ അയോധ്യയും കൃഷ്ണന്റെ മഥുരയും കാശിവിശ്വനാഥന്റെ വാരണാസിയും റാണി ലക്ഷ്മീഭായിയുടെ ഝാന്‍സിയും അടങ്ങുന്ന ഉത്തര്‍പ്രദേശ്. പഴയ യുണൈറ്റഡ് പ്രൊവിന്‍സ്. 7 സംസ്ഥാനങ്ങളുമായും നേപ്പാളുമായും അതിരു പങ്കിടുന്ന വലുപ്പത്തിലഞ്ചാമനായ ഇന്ത്യന്‍ സംസ്ഥാനം. ദല്‍ഹിയിലെ ഏഴാം റേസ്കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നരേന്ദ്രമോദിക്ക് നടന്നു കയറണമെങ്കില്‍ ഉത്തരപ്രദേശമെന്ന ഈ വടക്കേന്ത്യന്‍ സംസ്ഥാനത്ത് ഹരിതകുങ്കുമ പതാക മേല്‍ക്കെ തന്നെവേണം.
80 ലോക്സഭാ മണ്ഡലങ്ങളുണ്ട് ഉത്തര്‍പ്രദേശില്‍. കേരളത്തിന്റെ നാലിരട്ടി എണ്ണംവരുമത്. 75 ജില്ലകള്‍. 20 കോടി ജനങ്ങള്‍. ഹിന്ദുക്കളും മുസ്ലീംകളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍. വികസനമെത്തിനോക്കാത്ത ഗ്രാമങ്ങള്‍. ഗുണ്ടാരാജ് നിലനില്‍ക്കുന്ന, മന്ത്രിയുടെ കാണാതായ പോത്തുകള്‍ക്കായി പോലീസ് മേധാവിമാര്‍ പരക്കം പായുന്ന നാട്. പ്രണയത്തിന്റെ നിത്യസ്മാരകം താജ്മഹലും ഹൈന്ദവ പുണ്യകേന്ദ്രങ്ങളായ അയോധ്യയും കാശിയും മഥുരയും എല്ലാം, ഈ സംസ്ഥാനത്തിന്റെ വൈവിധ്യങ്ങളുടെ അടയാളങ്ങളാണ്. ജാതിയും മതവും രാഷ്ട്രീയവും അധികാരവും എല്ലാം കൂടിച്ചേര്‍ന്ന വേര്‍തിരിക്കാനാവാത്ത സ്ഥിതിവിശേഷം. ഇവിടെ ജയിക്കാതെ, ഈ പ്രത്യേകതകളെ മറികടക്കാതെ ബിജെപിക്ക് രാജ്യം ഭരിക്കാനാവില്ല. മറികടന്നപ്പോഴൊക്കെ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി പാര്‍ട്ടി മാറി.
സര്‍വ്വേ റിപ്പോര്‍ട്ടുകളും ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തേക്കു വരുന്ന വാര്‍ത്തകളും നല്കുന്ന സൂചനയും മറ്റൊന്നല്ല. ഉത്തര്‍പ്രദേശ് വീണ്ടും ബിജെപിക്ക് അനുകൂലമായി വിധിയെഴുതുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.
സംസ്ഥാനം രൂപീകൃതമായ 1950ല്‍ ഗോവിന്ദ വല്ലഭ പന്ത് മുതല്‍ 1967ല്‍ ചന്ദ്രഭാനു ഗുപ്ത വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഭരിച്ച സംസ്ഥാനത്ത് 67ല്‍ ഭാരതീയ ക്രാന്തിദള്‍ നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ ചരണ്‍സിങ് മുഖ്യമന്ത്രിയായി. എന്നാല്‍ ഒരു വര്‍ഷം തികയ്ക്കും മുമ്പ് ഭൂരിപക്ഷം നഷ്ടമായ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്നിങ്ങോട്ട് അഞ്ചുവര്‍ഷം തികച്ചു ഭരിച്ച ഏക മുഖ്യമന്ത്രി മായാവതി മാത്രമാണ്. 2007-2012 കാലഘട്ടത്തില്‍. ഈ അസ്ഥിരത തന്നെയായിരുന്നു ഉത്തര്‍പ്രദേശിന്റെ എക്കാലത്തേയും പ്രശ്നം.
1970ല്‍ വീണ്ടും 8 മാസം ചരണ്‍സിങ് മുഖ്യമന്ത്രിയായി. വീണ്ടും രാഷ്ട്രപതി ഭരണം. 1970 ഒക്ടോബര്‍ മുതല്‍ 73 ജൂണ്‍ വരെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി പദത്തിലെത്തി. ത്രിഭുവന നാരായണ സിങ്ങും കമലാപതി ത്രിപാഠിയും. തുടര്‍ന്ന് വീണ്ടും രാഷ്ട്രപതി ഭരണം. എച്ച്.എന്‍ ബഹുഗുണ 73-75 കാലത്ത് മുഖ്യമന്ത്രിയായി. അടുത്ത വര്‍ഷം വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക് യുപി പോയി. 76-77ല്‍ എന്‍.ഡി തീവാരിയും മുഖ്യമന്ത്രിയായി. വീണ്ടും രാഷ്ട്രപതി ഭരിച്ചു കുറച്ചു മാസം.
അടിയന്തിരാവസ്ഥക്കാലത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977 ജൂണില്‍ രാംനരേഷ് യാദവ് ജനതാപാര്‍ട്ടിയെ നയിച്ച് മുഖ്യമന്ത്രിയായി. മുന്നണിയിലെ അസ്വാരസ്യങ്ങള്‍ 79-80ല്‍ ബനാര്‍സി ദാസിനെയും മുഖ്യമന്ത്രിയാക്കി. ഒടുവില്‍ വീണ്ടും രാഷ്ട്രപതി ഭരണം. 1982മുതല്‍ 1989 വരെ വി.പി സിങ്, ശ്രീപതി മിശ്ര,എന്‍.ഡി തിവാരി,വീര്‍ബഹാദൂര്‍ സിങ് എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിമാരായത്. ഇതില്‍ തീവാരി മൂന്നുവട്ടം ഈ കാലഘട്ടത്തില്‍ മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. 1989-91 കാലത്ത് അന്നത്തെ ജനതാദള്‍ നേതാവ് മുലായംസിങ് യാദവും യു.പി ഭരിച്ചു.
തുടര്‍ന്ന് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് പിന്നോക്ക സമുദായാംഗമായ ബിജെപി നേതാവ് കല്യാണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരായിരുന്നു. എന്നാല്‍ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന സംഭവത്തെതുടര്‍ന്ന് 1992 ഡിസംബര്‍ 6ന് നിയമസഭ പിരിച്ചുവിട്ട് യുപിയില്‍ വീണ്ടും രാഷ്ട്രപതി ഭരണം വന്നു. ഇതിനകം സമാജ് വാദി പാര്‍ട്ടിയുണ്ടാക്കി മാറിയ മുലായവും ബിഎസ്പി നേതാവായി ഉയര്‍ന്നു വന്ന മായാവതിയും 93-97ല്‍ മുഖ്യമന്ത്രിമാരായി. ഇതിനിടെ ഒന്നര വര്‍ഷം വീണ്ടും പ്രസിഡന്റ് ഭരിച്ചിരുന്നു. യുപിയില്‍ പിന്നെ രാഷ്ട്രപതി ഭരണം ഉണ്ടായിട്ടില്ല.
1997ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്തു. കല്യാണ്‍സിങ്, രാംപ്രകാശ് ഗുപ്ത, രാജ്നാഥ്സിങ് എന്നീ മൂന്ന് മുഖ്യമന്ത്രിമാരാണ് അഞ്ചുവര്‍ഷം കൊണ്ട് ബിജെപി ഭരണത്തിലുണ്ടായത്. എങ്കിലും സംസ്ഥാനത്ത് ആദ്യമായി ചില വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ബിജെപി ഭരണത്തില്‍ സാധിച്ചിരുന്നു.
2002ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പി നേതാവ് മായാവതി മുഖ്യമന്ത്രിയായെങ്കിലും 2003ല്‍ മുലായം വീണ്ടും സംസ്ഥാന ഭരണനേതൃത്വത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് 2007 വരെ മുലായമാണ് മുഖ്യമന്ത്രിയായി തുടര്‍ന്നത്. 2007 മുതല്‍ 2012വരെ മായാവതിയുടെ ബിഎസ്പി കാലാവധി തികച്ച് ഭരിച്ചെങ്കിലും വലിയ അഴിമതി നിറഞ്ഞ കാലഘട്ടമായി അതു മാറി. 2012ലെ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പിതാവിനെ മറികടന്ന് മുഖ്യമന്ത്രി പദത്തിലെത്തി. എന്നാല്‍ അഴിമതിക്കും ഗുണ്ടാരാജിയും യാതൊരു കുറവും വരുത്താതെ ഏറ്റവും കുറഞ്ഞ നാളുകള്‍ക്കകം തന്നെ കഴിവുകെട്ടവനെന്ന പേരു പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു അഖിലേഷ് യാദവ്.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കിയതിന്റെ അവഗണനയും ദുരവസ്ഥയും നന്നായി തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് ഇപ്പോള്‍ ഉത്തര്‍പ്രദേശ് ജനത. വര്‍ഗ്ഗീയ കലാപങ്ങളുടെ തുടര്‍ച്ച ജനവിഭാഗങ്ങളെ അത്രയധികം മടുപ്പിച്ചിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിനനുസരിച്ച് ചിന്തിക്കാതെ സംസ്ഥാനത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമുണ്ട്. നരേന്ദ്രമോദിയെന്ന വികസന നായകനെ കേള്‍ക്കുന്നതിനായി ജനലക്ഷങ്ങള്‍ തടിച്ചുകൂടിയ ഉത്തര്‍പ്രദേശിലെ റാലികള്‍ തന്നെ അതിന്റെ ഉദാഹരണം.
മൂന്നു കാര്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായി മാറുന്നത്. അമിത് ഷായെന്ന ദേശീയ ജനറല്‍ സെക്രട്ടറിയുടെ സംഘടനാ മികവ്, മോദിയോടുള്ള പിന്നോക്ക,യുവജന പിന്തുണ, വര്‍ഗ്ഗീയ കലാപങ്ങള്‍ തടയാനാവാതെ വന്നത് സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുബാങ്കില്‍ സൃഷ്ടിച്ച വിള്ളല്‍ എന്നിവ. ലോക്സഭയിലേക്ക് ആറുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് മെയ് 12 വരെ നീളും. മെയ് 16ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 1998ല്‍ 54 എംപിമാരെ ലോക്സഭയിലെത്തിച്ച വിജയം ആവര്‍ത്തിക്കാനാകുമെന്ന് അമിത് ഷായ്ക്ക് ഉറപ്പുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: