എല്ലാവര്ക്കും പിടിച്ചടക്കേണ്ടത് ദല്‍ഹിയെയാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറം യവനദേശത്തുനിന്നും പിന്നെ ഉത്തരപശ്ചിമേഷ്യന് നാടുകളില്‍ നിന്നും വന്ന ആക്രമണകാരികള്‍ ലക്ഷ്യമിട്ടത് ദല്‍ഹിയായിരുന്നു. കല്‍ക്കട്ട തലസ്ഥാനമാക്കി ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കും അവസാനം ദല്‍ഹിയെ തലസ്ഥാനമാക്കേണ്ടിവന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനാധിപത്യം വന്നപ്പോഴും എല്ലാവര്ക്കും ലക്ഷ്യം ദല്‍ഹി തന്നെ. അതേ! 125 കോടി ഇന്ത്യാക്കാരെ ഭരിക്കുന്നത് ഈ ദല്‍ഹിയാണ്. നമ്മുടെ രാജ്യതലസ്ഥാനം.
ദല്‍ഹിയുടെ തെരഞ്ഞെടുപ്പ് ചരിത്രം വിശദമായി പരിശോധിക്കാം. രാജ്യത്തു സ്വാതന്ത്ര്യം ലഭിച്ച ശേഷം ന്യൂദല്‍ഹി ഭരിച്ചത് ചീഫ് കമ്മീഷണറാണ്. 1956ല്‍ ദല്‍ഹിയെ കേന്ദ്രഭരണ പ്രദേശമാക്കിയതോടെ ചീഫ് കമ്മീഷണര്‍ക്ക് പകരം ലഫ്റ്റനന്റ് ഗവര്‍ണ്ണറെത്തി. നിയമസഭ സ്ഥാപിതമായി തെരഞ്ഞെടുപ്പ് നടക്കാന്‍ 1993വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യനിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 49 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തി. മദന്‍ലാല്‍ ഖുരാനയായിരുന്നു മുഖ്യമന്ത്രി. മൂന്നുവര്‍ഷത്തിന് ശേഷം 1996ല്‍ മുതിര്‍ന്ന നേതാവ് സാഹിബ് സിങ് വര്‍മ്മയും അവസാന വര്‍ഷം സുഷമാ സ്വരാജും ദല്‍ഹിയുടെ മുഖ്യമന്ത്രിമാരായി. 1998,2003,2008 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു നിയമസഭയില്‍ മുന്‍തൂക്കം. ഇപ്പോഴത്തെ കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതാണ് മൂന്നുവട്ടവും ദല്‍ഹി മുഖ്യമന്ത്രിയായത്. 2013ലെ തെരഞ്ഞെടുപ്പില്‍ 32 സീറ്റുമായി ബിജെപി മുന്നിലെത്തിയെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ എഎപി നേതാവ് അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയായി. എന്നാല്‍ ഭരണപരാജയവും സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നതിലെ പ്രതിസന്ധിയും രാജിവച്ചൊഴിയാന്‍ കെജ്രിവാളിനെ നിര്‍ബന്ധിതമാക്കി. ഇതോടെ രണ്ടു പതിറ്റാണ്ടിനു ശേഷം ദല്‍ഹി വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായിട്ടുണ്ട്.
എന്നാല്‍ ലോക്സഭയിലേക്ക് കോണ്‍ഗ്രസിനേയും ബിജെപിയേയും മാറിമാറി തുണച്ചിട്ടുണ്ട് ദല്‍ഹി. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ദല്‍ഹി 1967ല്‍ ഭാരതീയ ജനസംഘത്തെ പിന്തുണച്ചു. 7 ലോക്സഭാ സീറ്റുകളില്‍ ആറെണ്ണവും ജനസംഘം നേടി. ലോക്സഭയിലേക്ക് 35 അംഗങ്ങളെ വിജയിപ്പിച്ച് ജനസംഘം കരുത്തു കാട്ടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ആര്.എസ് വിദ്യാര്‍ത്ഥിയും ബല്‍രാജ് മധോക്കുമുള്പ്പെടെ ദല്‍ഹിയില്‍ നിന്നും വിജയിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ പൊതു തെരഞ്ഞെടുപ്പിലും ദല്‍ഹിയിലെ എല്ലാ സീറ്റുകളും ജനസംഘം നേതൃത്വം നല്കിയ ജനതാ സഖ്യത്തിന് നേടാനായിരുന്നു. ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നും അടല്‍ ബിഹാരി വാജ്പേയി അടക്കമുള്ള പ്രമുഖര്‍ അത്തവണ ലോക്സഭയിലെത്തി.
1989ല്‍ ഏഴില്‍ നാലു സീറ്റുകള്‍ നേടി ദല്‍ഹിയില്‍ ബിജെപി വിജയിച്ചപ്പോള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ എല്‍.കെ അദ്വാനിയയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. മദന്‍ലാല്‍ ഖുരാനയും വി.കെ മല്‍ഹോത്രയും അത്തവണ ലോക്സഭയിലെത്തി. 1991ലും 1996ലും അഞ്ചു സീറ്റുകള്‍ ബിജെപി ദല്‍ഹിയില്‍ നിന്നും കരസ്ഥമാക്കി. 1998ല്‍ ആറു സീറ്റുകളും സുഷമാ സ്വരാജും മദന്‍ലാല്‍ ഖുരാനയും വിജയ് ഗോയലുമുള്പ്പെട്ട സംഘം നേടിയപ്പോള്‍ കരോള്‍ബാഗില്‍ നിന്നും ജയിച്ചു കയറിയ മീരാകുമാര്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വാസമേകിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വീണ്ടും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനിതാ ആര്യയിലൂടെ മീരാകുമാറിനെ പരാജയപ്പെടുത്തി കരോള്ബാഗുള്പ്പെടെ 7 സീറ്റുകളും ബിജെപി നേടി. എന്നാല്‍ 2004ലും 2009ലും കോണ്‍ഗ്രസിനെയാണ് ദല്‍ഹി തുണച്ചത്. 2004ല്‍ 6 സീറ്റുകളും 2009ല്‍ 7 സീറ്റുകളും കോണ്‍ഗ്രസ് നേടി.
ഇത്തവണ പക്ഷേ കാര്യങ്ങള്‍ കോണ്‍ഗ്രസിന് ഒട്ടും അനുകൂലമല്ല. തുടര്‍ച്ചയായ മൂന്നുതവണത്തെ കോണ്‍ഗ്രസ് ഭരണത്തെ തൂത്തെറിഞ്ഞ് 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം സംസ്ഥാനത്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന് നാല് അംഗങ്ങളുടെ കുറവുണ്ടായതിനേ തുടര്‍ന്ന് 28 എംഎല്‍എമാരുള്ള ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തിലെത്തി. 49 ദിവസത്തെ ഭരണശേഷം അവരും രാജിവച്ചൊഴിഞ്ഞ സ്ഥിതിയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരിയ വോട്ട് ശതമാനത്തില്‍ വിജയം നഷ്ടമായ മണ്ഡലങ്ങള്‍ തിരിച്ചു പിടിച്ചുകൊണ്ട് നിയമസഭാതെരഞ്ഞെടുപ്പില്‍ നഷ്ടമായ സമ്പൂര്‍ണ്ണ വിജയത്തിനായാണ് ബിജെപി ശ്രമിക്കുന്നത്. 7 ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പരിശോധിച്ചാല്‍ത്തന്നെ അക്കാര്യം വ്യക്തമാകുന്നു. നിയമസഭാ പ്രതിപക്ഷ നേതാവ് ഡോ. ഹര്ഷവര്ദ്ധന് ചാന്ദിനി ചൗക്കില്‍ നിന്നും മീനാക്ഷി ലേഖി ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മനോജ് തിവാരിയും കിഴക്കന്‍ ദല്‍ഹിയില്‍ മഹേഷ് ഗിരിയും സംരവണ മണ്ഡലമായ വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയില്‍ ഉദിത് രാജുമാണ് സ്ഥാനാര്‍ത്ഥികള്‍.
എംഎല്‍എമാരായ പര്‍വേശ് വര്‍മ്മ പടിഞ്ഞാറന്‍ ദല്‍ഹിയിലും രമേശ് ബിധൂരി തെക്കന്‍ ദല്‍ഹിയിലും മത്സരിക്കുന്നുണ്ട്. ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കനും ചാന്ദിനിചൗക്കില് കേന്ദ്രമന്ത്രി കപില്‍ സിബലിനും കടുത്ത എതിരാളികളെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ബാലികേറാമലയാകും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: