തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യം മാറുകയാണ്. മുഖ്യമന്ത്രി ജയലളിതയ്ക്ക് പ്രധാനമന്ത്രി മോഹം കടുത്തതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും, ചരിത്രത്തില്‍ ഇതാദ്യമായി വിജയ്കാന്തിന്റെ ഡിഎംഡികെ ബിജെപിയുമായി സഖ്യം ചേര്‍ന്നതും തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യം മാറ്റിമറിക്കും എന്ന സൂചനയാണ് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിക്ക് തമിഴ്നാട്ടില്‍ സ്വീകാര്യത ഏറിവരുന്നതായാണ് സൂചന. ബിജെപിയോട് എതിര്‍പ്പില്ലെന്ന് ഡിഎംകെയും വ്യക്തമാക്കിയതും ബിജെപിക്കെതിരെ ശബ്ദിക്കാത്ത ജയലളിതയും ബിജെപിയോട് ഏതുസമയവും സഹകരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടെ എംഡിഎംകെയും പിഎംകെയും ബിജെപിയുമായി സഖ്യത്തിലായിക്കഴിഞ്ഞു. ഇവിടെ സിപിഎമ്മും സിപിഐയും വട്ടപ്പൂജ്യത്തിലേക്കെത്തുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജയലളിതയ്ക്ക് പ്രധാനമന്ത്രി മോഹം നല്കി കൂടെനിര്‍ത്തി തങ്ങള്‍ക്ക് രണ്ടു സീറ്റെങ്കിലും നേടാമെന്ന സിപിഎമ്മിന്റെ മോഹമാണ് ജയലളിത സഖ്യം ഉപേക്ഷിച്ചതോടെ നഷ്ടമായത്.
തമിഴ് മനസിലെ മാറ്റങ്ങള്‍ ബിജെപിക്ക് ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് അനാഥമായി മാറുകയാണ് ഇവിടെ കോണ്‍ഗ്രസ്. ജയലളിതയുമായുള്ള സഖ്യം നിലനിര്‍ത്തുന്നതിനായി സിപിഎം നേതാക്കള്‍ എഐഡിഎംകെയുടെ നേതാക്കളോട് യാചനയുമായി പുറകെ നടന്നെങ്കിലും നിഷ്ക്കരുണം അവരെ അവഗണിക്കുകയായിരുന്നു. സിപിഎം നേതാക്കളെ കാണാന്‍ പോലും ജയലളിത കൂട്ടാക്കിയില്ല. ഇത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസിന് സ്ഥിതിയാണ് അതിലേറെ കഷ്ടം. കോണ്‍ഗ്രസിന് വിജയസാധ്യതയില്ലെന്ന് ബോധ്യമായ ചിദംബരം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശികവാദത്തിനുപരി ദേശിയപാര്ട്ടികളോടുള്ള തമിഴ്മനത്തിന്റെ ആഗ്രഹമാകാം ബിജെപിയുടെ സ്വീകാര്യത ഏറുന്നതെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെ നടത്തിയ സര്‍വേകളിലെല്ലാം തന്നെ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനോട് മറ്റു സംസ്ഥാനങ്ങളിലേതു പോലെ തന്നെ തമിഴ്നാടും മുന്‍പന്തിയിലാണ്. മോദിയുടേതായി 20 ശതമാനം വോട്ട് തമിഴ്നാട്ടിലുണ്ടെന്ന് അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 68 ശതമാനം പേരും മോദി പ്രധാനമന്ത്രിയാകുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. ഈ കണക്കുകള്‍ വച്ച് സ്റ്റാലിന് ഡിഎംകെയെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എംജിആറിന്റെ കാലം മുതല്‍ സഖ്യകക്ഷികളിലൂടെ മാത്രം അധികാരത്തിലേറിയ ചരിത്രമാണുള്ളത്. എന്നാല്‍ അതിന് വിപരീതമായാണ് ജയലളിത ആദ്യമായി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ചരിത്രം വച്ച് നോക്കിയാല്‍ ജയലളിതയ്ക്ക് ദോഷമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഡിഎംകെ 2004ലും 2009ലും സഖ്യങ്ങള്‍ രൂപീകരിച്ചാണ് വിജയം നേടിയത്. എന്നാല്‍ ഇന്ന് ഡിഎംകെയുടെ സ്ഥിതി പരിതാപകരമാണ്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും ഓരോ നേതാക്കളുടെ തന്പ്രമാണിത്വവും അഴിമതിയും മൂലം ദിനംപ്രതി പാര്‍ട്ടി ക്ഷയത്തിന്റെ പാതയിലാണ്.
തമിഴ്നാട്ടില്‍ ബിജെപി വിജയകാന്ത് സഖ്യം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ഇതിനുപുറമെ എംഡിഎംകെയുമായും പിഎംകെയുമായും ബിജെപി തമിഴ്നാട്ടില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ തമിഴ്നാട്ടിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തമിഴ്നാട്ടില്‍ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഡിഎംഡികെ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയിരുന്നു. വാണിയാര്‍ സമുദായത്തിലെ 40 ശതമാനം വോട്ട് ബാങ്കുള്ള ഡോ.രാമദാസിന്റെ പിഎംകെയും ഇക്കുറി ബിജെപി സഖ്യത്തിലാണ്. വൈക്കോയുടെ എംഡിഎംകെയും ചേരുന്നതോടെ ബിജെപി സഖ്യം അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം.
എഐഡിഎംകെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി ഉള്‍പ്പെടെ 40 സീറ്റുകളില്‍ എഐഡിഎംകെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 34 സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുന്നത്. ഇതില്‍ 27 പുതുമുഖങ്ങളാണ്. 26 വയസുള്ള പവിത്രവല്ലിയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. സിപിഎം-സിപിഐ സഖ്യം ഇവിടെ 18 സ്ഥലങ്ങളില്‍ മത്സരിക്കുന്നുണ്ട്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: