അതിശൈത്യം അകന്നുതുടങ്ങിയതോടെ ജമ്മുകാശ്മീരും ലോക്സഭാ തെരഞ്ഞെടുപ്പിന് സജീവമായി തുടങ്ങി. അഞ്ചുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സാവധാനമാണ് തുടങ്ങിയിരിക്കുന്നത്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ജമ്മുകാശ്മീരിനോടു കാണിച്ച മാന്യത പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന അഭിപ്രായങ്ങള്‍ ജനങ്ങളില്‍ സജീവമാണ്. ഇത് ഈ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്നാണ് കണക്കുകൂട്ടല്‍.
ജനങ്ങളുടെ സ്വര്യജീവിതത്തെ തകര്‍ക്കുന്ന കലാപകാരികളുടെയും, തീവ്രവാദികളുടെയും പ്രവര്‍ത്തനങ്ങളോട് അകന്നു നില്ക്കുവാന് കാശ്മീര്‍ ജനത ആഗ്രഹിക്കുന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് മുന്‍തൂക്കം നല്കുകയെന്നതില് സാധാരണ ജനങ്ങള്‍പോലും ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കാശ്മീരിലെ വിനോദസഞ്ചാരമേഖല സ്വിസര്ലന്റിന് സമാനമായി വളര്‍ന്നുവരണമെന്ന താത്പര്യമുള്ളവരും ധാരാളമായുണ്ട്. അരക്ഷിത കാശ്മീര്‍ എന്നുള്ള ദുഷ്പേരു മാറിക്കിട്ടുന്നതിനും ഇവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ മുന്‍കാലങ്ങളിലേ പോലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാനുള്ള ആഹ്വാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ജനങ്ങളിലെ ഒരു ന്യൂനപക്ഷ വിഭാഗം സ്വതന്ത്ര കാശ്മീരാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു ഇപ്പോഴും പറയുന്നുണ്ടെങ്കിലും അവരും തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുവേ ജമ്മു കാശ്മീരിന്റെ അടിസ്ഥാന വികസനത്തിനുവേണ്ടി കാര്യമായ നിലയില്‍ പ്രവര്ത്തിച്ചിട്ടില്ലെന്നുള്ള ആക്ഷേപം ഇവിടെ ശക്തമാണ്. ഇവിടുത്തെ ജനങ്ങളോട് വേറിട്ട നയമാണ് കേന്ദ്രം വച്ചു പുലര്‍ത്തുന്നതെന്നും, കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെപ്പോലുള്ളവരും ഈ നിലപാടുകള്‍ക്കൊപ്പമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ആറ് ലോക്സഭാ മണ്ഡല ങ്ങളുള്ള ഈ സംസ്ഥാനത്ത് അഞ്ചെണ്ണത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയാണ് തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറ്റം നടത്തിയിരിക്കുന്നത്.
സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് അഞ്ച് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷന് തീരുമാനമെടുത്തിരിക്കുന്നത്. ഏപ്രില്‍ 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് മെയ് 7നാണ്. ഏപ്രില്‍ 10, 17, 24, 30 തീയതികളില്‍ ഓരോ മണ്ഡലത്തിലും മെയ് 7ന് രണ്ട് മണ്ഡലങ്ങളിലും പോളിംഗ് നടക്കും. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പുരുഷ വോട്ടര്‍മാര്‍ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനം കൂടിയാണ് ജമ്മു കാശ്മീര്‍. ആകെയുള്ള 65,72,896 വോട്ടര്‍മാരില്‍ 34,21,708 പേര് പുരുഷന്മാരും, 31,51,188 പേര് സ്ത്രീകളുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ 88210 പേര് യുവാക്കളും 60270 പേര് യുവതികളുമാണ്.
2009ലെ തെരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിനായി(ജെകെഎന്‍സി)യിരുന്നു മുന്‍തൂക്കം ഇവര്‍ 3സീറ്റ് നേടി. ഐന്‍സി 2ഉം ഐഎന്‍ഡി1ഉം സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. ദേശീയതലത്തില്‍ ബിജെപി യ്ക്ക് വന്നിരിക്കുന്ന മേല്‍ക്കൈയുടെ പ്രതിഫലനം ഇത്തവണ ജമ്മു കാശ്മീരിലും മാറ്റത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്കുന്ന സൂചന. സംസ്ഥാനത്തെ പ്രതിപക്ഷമായ പിഡിപി ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നത് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചയ്ക്കുവാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിനനുസൃതമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇവിടെ വിഭാവനം ചെയ്യുന്നത്. ബിജെപിക്ക് രണ്ട് സീറ്റ് ഉറപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സര്വ്വേഫലങ്ങളം വ്യക്തമാക്കുന്നത്.
96ല്‍ ആദ്യമായി ഇവിടെ ഒരു സീറ്റ് നേടിയ ബിജെപി 98ലും 99ലും രണ്ടു സീറ്റുകള്‍ വീതം സ്വന്തമാക്കിയിരുന്നു.
നാഷണല്‍ കോണ്‍ഫ്രന്‍സിന് നിലവിലുള്ള മൂന്ന് സീറ്റല് രണ്ടെണ്ണം നഷ്ടപ്പെടും. കോണ്‍ ഗ്രസിന്റെ രണ്ട് സീറ്റ് ഒന്നായി മാറും. ബിജെപിക്കൊപ്പം പിഡിപിയും രണ്ട് സീറ്റ് നേടിയേക്കും. ആറ് മണ്ഡലങ്ങളിലേക്കും സ്ഥാനാര് ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് ബിജെപി പ്രചരണ രംഗത്ത് മുമ്പിലാണ്.
പ്രമുഖ പ്രമേഹരോഗ വിദഗ്ധന്‍ ഡോ. ജിതേന്ദ്രസിംഗാണ് ഉദംപൂര്‍ മണ്ഡലത്തിലെ സ്ഥാ നാര്‍ത്ഥി. ജമ്മുവില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജുഗല്‍ കിഷോറും ലഡാക്കില്‍ പ്രമുഖ ബുദ്ധമത നേതാവ് തപ്സന്‍ ചെവാഗും അനന്തനാഗില്‍ മുസ്താഖ് അഹമ്മദ് മാലിക്കും ബാരാമുള്ളയില്‍ ഗുലാം മുഹമ്മദ് മിറും ബിജെപിക്കായി മത്സരിക്കും. കോണ്‍ഗ്രസ് ഉദംപൂരില്‍ മാത്രമാണ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ ഗുലാം നബി ആസാദായിരിക്കും മത്സരിക്കുക.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: