ന്യൂദല്‍ഹി: ബിജെപിയുടെ പ്രചണ്ഡമായ പ്രചാരണം, അതിനിടെ കീറപ്പായ കെട്ടി കോണ്‍ഗ്രസ് വഞ്ചി ഓടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട മകനെ രക്ഷിക്കാന്‍ ഇനി അമ്മയുടെ ഊഴം. ഏപ്രില്‍ ആദ്യ വാരം അസമില്‍നിന്ന് പ്രചാരണത്തിനിറങ്ങുകയാണ് സോണിയാ ഗാന്ധി. എല്ലാം മകനേ നിനക്കുവേണ്ടി.
രാഹുല്‍ ഗാന്ധി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനായിട്ടില്ല. പാര്‍ട്ടിയും നേതാക്കളും നിസഹായരായി നില്‍ക്കുകയാണ്. അതേ സമയം ബിജെപിയാകട്ടെ കോണ്‍ഗ്രസിന്റെ മുമ്പത്തെ കൂട്ടുകാരായ രാംവിലാസ് പാസ്വാനെയും കോണ്‍ഗ്രസ് നേതാക്കളായ ജഗദംബികാ പാലിനെയും പോലുള്ളവരെ വശത്താക്കുകയാണ്.
രാഹുലിന്റെ പ്രചാരണം ക്ലച്ചു പിടിച്ചില്ലെങ്കിലും സോണിയയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചാണ് പാര്‍ട്ടി തെരഞ്ഞെടുപ്പു മാനേജര്‍മാര്‍. 2004-ലും 2009-ലും സോണിയക്ക് ബിജെപിയെ ചെറുക്കാനായി എന്നാണ് അവര്‍ അതിനു യുക്തി പറയുന്നത്.
ഏപ്രില്‍ ഏഴിനു വോട്ടിംഗ് നടക്കുന്ന അസമില്‍ ഏപ്രില്‍ ഒന്നുമുതല്‍ സോണിയ പ്രചാരണം നടത്തും. അതു കഴിഞ്ഞാല്‍ ഹരിയാനയിലാണ്. യുപിഎയുടെ 10 വര്‍ഷത്തെ നേട്ടങ്ങള്‍ സാധാരണക്കാരില്‍ എത്ര ഗുണകരമായി എന്നതായിരിക്കും സോണിയയുടെ പ്രചാരണ പരിപാടിയുടെ കാതലെന്ന് നേതാക്കള്‍ പറയുന്നു. സോണിയ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലികളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: