ചെന്നൈ: തമിഴ് രാഷ്ട്രീയ മണ്ഡലത്തില്‍ ഇനി മക്കള്‍ വാഴ്ച്ചയുടെ കാലം. ദശകങ്ങളായി അണികളുടെ തലൈവന്മാരായി വിലസിയ പല തലമുതിര്‍ന്ന സിംഹങ്ങളും മടയിലേക്ക് പിന്‍വലിയാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് കാലത്ത് മക്കള്‍ക്ക് ബാറ്റണ്‍ കൈമാറുകയാണവര്‍. സാക്ഷാല്‍ എം. കരുണാനിധിയും പി. ചിദംബരവുമൊക്ക പിന്തുടര്ച്ചാവകാശം സന്താനങ്ങള്‍ക്ക് പതിച്ചു നല്‍കിക്കഴിഞ്ഞു.
ഡിഎംകെയുടെ അധികാരദണ്ഡ് എം.കെ. സ്റ്റാലിന്റെ കൈയില്‍ എത്തിയതാണ് തമിഴ് മണ്ണിലെ പ്രധാന സംസാരവിഷയം. വീല്‍ ചെയറിലായിക്കഴിഞ്ഞ കലൈഞ്ജര്‍ക്ക് ഇനിയധികം മത്സരങ്ങള്‍ക്ക് വയ്യ. സ്റ്റാലിന് മുന്നില്‍ കസേര നീക്കിയിടാന്‍ തലൈവരെ പ്രേരിപ്പിച്ചത് പ്രായാധിക്യം തന്നെ. ഒടുവില്‍ ജ്യേഷ്ഠ സഹോദരന് അഴഗിരിയെ വെട്ടിനിരത്തി സ്റ്റാലിന് ഡിഎംകെയുടെ തലപ്പത്തെത്തി. അനിയനുമായുള്ള മല്ലയുദ്ധത്തില്‍ അഴഗിരി തോറ്റെന്നു മാത്രമല്ല അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുകയും ചെയ്തു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഡിഎംകെയ്ക്ക് പുതുജീവന്‍ നല്‍കുകയാണ് ദളപതി (സേനാനായകന്) എന്ന് അണികള്‍ വിളിക്കുന്ന സ്റ്റാലിന്റെ പ്രധാന ദൗത്യം. തലമൂത്ത രാഷ്ട്രീയക്കാരനായ കരുണാനിധിയുടെ രക്ഷകര്‍ത്തൃത്വത്തിന്റെ കീഴില്‍ രാകിമിനുക്കപ്പെട്ട സ്റ്റാലിനിലെ നേതാവിന് അതിനു സാധിക്കുമെന്നു പ്രവര്‍ത്തകര്‍ കരുതുന്നു. ഒരു കാലത്ത് യുപിഎയുടെ വിശ്വസ്ത കൂട്ടാളിയായിരുന്നു ഡിഎംകെ. ഇത്തവണയും ദ്രാവിഡ പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, സ്റ്റാലിന്റെ എതിര്‍പ്പ് സോണിയയുടെ വഴിമുടക്കി. ഉറച്ച നിലപാടുകള്‍ കൈക്കൊള്ളാനുള്ള സ്റ്റാലിന്റെ പ്രാപ്തിയാണ് ഇതിലൂടെ തെളിഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വാണിയ സമുദായത്തിന്റെ പ്രതിനിധികളായ പിഎംകെയ്ക്കും (പാട്ടാളി മക്കള്‍ കക്ഷി) ഈ തെരഞ്ഞെടുപ്പ് കാലം പുതിയ നേതാവിനെ സമ്മാനിച്ചു. അന്‍പുമണി രാം ദോസിന്റെ രൂപത്തില്‍. പാര്‍ട്ടിയുടെ കേന്ദ്രസ്ഥാനത്ത് മകനെ അവരോധിക്കാന്‍ സ്ഥാപക നേതാവായ ഡോ. എസ്. രാംദോസ് മടികാട്ടിയില്ല. അച്ഛന്റെ ഇംഗിതത്തിനു വിരുദ്ധമായി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി അന്‍പുമണി തന്റെ ആജ്ഞാശക്തി അടിവരയിടുകയും ചെയ്തു. സ്ഥിരം മണ്ഡലമായ ശിവഗംഗയില്‍ മകന് കാര്‍ത്തിയെ സ്ഥാനാര്‍ത്ഥിയാക്കി ചിദംബരവും ‘മക്കള്‍ വാദ’ത്തിന് പിന്‍ബലമേകി.
പുതിയ തലമുറയ്ക്കു വഴിമാറിയെന്നാണ് ചിദംബരത്തിന്റെ ഭാഷ്യം. എന്നാല്‍ പരാജയ ഭീതി മന്ത്രിയെ പുംഗവനെ പിന്മാറാന് പ്രേരിപ്പെച്ചെന്ന കാര്യം കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. 2009ല്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് ചിദംബരം ശിവഗംഗയില്‍ ജയിച്ചത്, അതും റീക്കൗണ്ടിങ്ങിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: