രാജ്യത്താകമാനം ‘ഭാരത്വിജയ്’ റാലികള്‍ സംഘടിപ്പിച്ചുകൊണ്ട് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് തയ്യാറെടുക്കുന്നു. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ നരേന്ദ്രമോദി നേരിട്ടെത്തുന്ന 185 റാലികളാണ് സംഘടിപ്പിക്കുക. തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി വോട്ടര്‍മാരെ നരേന്ദ്രമോദിയുടെ പിന്നില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലികള്‍ സംഘടിപ്പിക്കുക.
പാര്‍ട്ടിയുടെ പ്രാദേശിക ഘടകവും കേന്ദ്രനേതൃത്വവും കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന റാലി ആവിഷ്ക്കരണത്തിലും സംഘാടനത്തിലും വേറിട്ടതായിരിക്കും. റാലിക്ക് മുമ്പും പിന്നീടും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വ്യക്തമായ രൂപരേഖയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. റാലിയുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നല്‍കും. നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ മാത്രമേ റാലികള്‍ സംഘടിപ്പിക്കൂ എന്ന് കേന്ദ്രനേതൃത്വം ഉറപ്പാക്കും. റാലിയില്‍ പങ്കെടുക്കാനായി നരേന്ദ്രമോദി നേരിട്ടു ക്ഷണിക്കുന്ന കത്ത് എല്ലാവര്ക്കും നല്‍കും. പ്രധാന ചില വിഷയങ്ങളില്‍ നരേന്ദ്രമോദിയുടെ പരിഹാരങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ കാര്‍ഡ് റാലിക്കു മുമ്പോ റാലി സമയത്തോ ശേഷമോ മുഴുവന്‍ വോട്ടര്‍മാര്‍ ക്കും നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തെക്കുറിച്ചുള്ള, ലളിതമായി വായിച്ചു മനസ്സിലാക്കാവുന്ന ഒരു ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കി നല്‍കും.
‘മോദി പ്രധാനമന്ത്രിയാകാന്‍ നിധി’ എന്ന പേരില്‍ റാലി സ്ഥലത്ത് വിവിധ ഭാഗങ്ങളില്‍ നിധിശേഖരണ ബോക്സുകള്‍ സ്ഥാപിക്കും. സംഭാവന അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മോദിയുടെ അഭ്യര്‍ത്ഥന ഉണ്ടാകും. സംഭാവന നല്കുന്നവര്ക്കെല്ലാം നന്ദി രേഖപ്പെടുത്തിയ കത്തും നല്‍കും. ജനങ്ങള്‍ക്ക് നരേന്ദ്രമോദിയോട് നിര്‍ദ്ദേശിക്കാനുള്ള കാര്യങ്ങള്‍ നിക്ഷേപിക്കുവാന്‍ പ്രത്യേ ക സ്ഥലങ്ങളില്‍ ബോക്സുകള്‍ സ്ഥാപിക്കും.
റാലി കഴിഞ്ഞ 24 മണിക്കൂറിനകം മോദിയുടെ പ്രസംഗത്തിന്റെ സംക്ഷിപ്തം നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തിക്കും. റാലിയുടെ പ്രസംഗത്തിന്റെ സിഡി ആറു മണിക്കൂറിനകം തയ്യാറാക്കുകയും അത് നിയോജക മണ്ഡലത്തിലുടനീളം പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യും. പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാക്കി സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിക്കും. രാജ്യവ്യാപകമായി ഈ രീതിയിലാണ് ‘ഭാരത് വിജയ് റാലി’ സംഘടിപ്പിക്കുക.
നാളെ ജമ്മുകാശ്മീരിലാണ് ‘ഭാരത് വിജയ്’ യാത്രയുടെ തുടക്കം. റാലികള്‍ക്ക് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് 160 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്ലി, സുഷമസ്വരാജ്, ശിവരാജ് സിംഗ് ചൗഹാന്, വസുന്ധര രാജ സിന്ധ്യ, രമണ്‍ സിംഗ്, മനോഹര്‍ പരേഖര്‍ എന്നിവരും രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: