ന്യൂദല്‍ഹി: രാജ്യം കണ്ട ഏറ്റവും മഹാനായ ഭരണാധികാരി ആയിരുന്നു അടല്‍ ബിഹാരി വാജ്പേയി എന്ന മുന്‍ നിലപാട് പിന്‍വലിച്ച് ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയായിരുന്നു എ.ബി വാജ്പേയി എന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നു വാജ്പേയി എന്ന നിലപാടുമായി പാര്‍ട്ടി വക്താവ് സഞ്ജയ് ഝാ ഇന്നലെ രംഗത്തെത്തി. വാജ്പേയിയെ പ്രശംസിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയതെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുകൊണ്ട് വാജ്പേയി മികച്ച ഭരണാധികാരിയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ കഴിഞ്ഞ ആഴ്ച പ്രശംസാ വാചകങ്ങളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ വാജ്പേയിയുടെ ഭരണനേട്ടങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് തകര്‍ത്തെന്ന ബിജെപിയുടെ പ്രചാരണായുധമായി ഇതു മാറിയതോടെയാണ് വാജ്പേയിയും കഴിവുകെട്ടവനായിരുന്നെന്ന് പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വാജ്പേയി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കെട്ടിപ്പിടിച്ചു, എന്‍ഡിഎ ഭരണകാലത്ത് ജനറല്‍ മുഷറഫ് ഇന്ത്യന്‍ മണ്ണില്‍ ഒരു ദിവസം താമസിച്ചു തുടങ്ങിയ ആരോപണങ്ങളുമായാണ് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
നരേന്ദ്രമോദിക്കെതിരായ പ്രചാരണായുധങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി തകരുമ്പോള്‍ വാജ്പേയി കഴിവുകെട്ടവനാണെന്ന പുതിയ പ്രചാരണവും തിരിച്ചടിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മന്‍മോഹന്‍സിങ് ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന ബിജെപി പ്രചാരണത്തെ മറികടക്കുന്നതിനായാണ് വാജ്പേയി അതിലും ദുര്ബലനായിരുന്നെന്ന് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ വാജ്പേയി ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിയെണ്ണി ബിജെപി നേതൃത്വം രംഗത്തെത്തുമെന്ന് ഉറപ്പായതോടെ വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: