ഭാവ്നഗര്‍: തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു പോലും ഗുജറാത്തില്‍ നില്ക്കക്കള്ളിയില്ലാതായ ബിജെപി വിരുദ്ധ പക്ഷം വിശ്വഹിന്ദു പരിഷത് അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം വളച്ചൊടിക്കുന്നു. മുസ്ലിങ്ങള്‍ക്കെതിരേ തൊഗാഡിയ പ്രസംഗിച്ചുവെന്നും അണികള്‍ക്ക് സായുധാക്രമണത്തിന് ആഹ്വാനം നല്‍കിയെന്നുമാണ് പ്രചാരണം. എന്നാല്‍ താന്‍ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി പ്രചരിപ്പിച്ചതാണെന്നും തൊഗാഡിയ വിശദീകരിച്ചു. പ്രസംഗത്തില്‍ തൊഗാഡിയ സമുദായ വിരുദ്ധമായോ ആക്രമണത്തിനു പ്രേരിപ്പിച്ചോ തൊഗാഡിയ പ്രസംഗിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് വക്താവ് രാംമാധവ് വിശദീകരിച്ചു.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചു കഴിഞ്ഞ പ്രതിപക്ഷ കക്ഷികള്‍ പ്രചാരണ രംഗത്തും വന്‍ തിരിച്ചടിയാണു നേരിടുന്നത്. പ്രവര്‍ത്തകരെ കിട്ടതെ കുഴങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയേയും നരേന്ദ്ര മോദിയേയും ഏതു വിധേനയും ജനങ്ങളില്‍നിന്ന് അകറ്റാനുള്ള പരിശ്രമത്തിലാണ്. മുസ്ലിം സമൂഹത്തില്‍നിന്നു പോലും അകറ്റപ്പെട്ടു പോയ കോണ്‍ഗ്രസ് ചില മാദ്ധ്യമങ്ങളെ കൂട്ടു പിടിച്ചു സംസ്ഥാനത്ത് വീണ്ടും വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായാണ് തൊഗാഡിയ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയെന്നു പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ഒരു വ്യവസായിയുടെ വീടിനു മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ തൊഗാഡിയ നടത്തിയ പ്രസംഗമാണ് പ്രകോപനപരമായെന്ന് ആരോപിച്ചത്. 48 മണിക്കൂറിനുള്ളില്‍ വീടുകാലിയാക്കി പോകാന്‍ തൊഗാഡിയ ആവശ്യപ്പെട്ടുവെന്നും പോയില്ലെങ്കില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചുകൊള്ളാന് അണികളെ ആഹ്വാനം ചെയ്തുവെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു വന്നു. അണികളോട് കല്ലും ടയറും പഴയ തക്കാളികളുമായി ചെന്ന് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് വാര്‍ത്തകള്‍ വന്നത്. സ്ഥലത്ത് സമുദായങ്ങള്‍ തമ്മിലല്ലാതെ അന്യ സമുദായങ്ങള്‍ക്ക് വസ്തു വില്ക്കുന്നതു തടയാന്‍ നിയമം ഉണ്ടാക്കണമെന്നും തൊഗാഡിയ പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ തൊഗാഡിയ ഈ വാര്‍ത്തകള്‍ നിഷേധിച്ചു. തന്നെയും തന്റെ സംഘടനയേയും അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് തൊഗാഡിയ വിശദീകരിച്ചു.
ആര്‍എസ്എസ് വക്താവ് രാം മാധവ് തൊഗാഡിയക്കെതിരേ വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്ന് വിശദീകരിച്ചു.
”ഞാന്‍ പ്രവീണ്‍ തൊഗാഡിയയോടു സംസാരിച്ചു. അദ്ദേഹം വാര്‍ത്ത നിഷേധിച്ചു. അത്തരത്തില്‍ പ്രസംഗിച്ചിട്ടില്ലെന്ന് അറിയിച്ചു. കെട്ടിച്ചമച്ചതാണ് വാര്‍ത്ത. ഒരു സ്വയം സേവകര്‍ക്കും അത്തരത്തില്‍ ചിന്തിക്കാന്‍ ആവില്ല. അവര്‍ എല്ലാ ജനങ്ങളും ഒരേപോലെയെന്നാണ് കരുതുന്നത്. ഒറ്റ ജനത, ഒറ്റ രാജ്യം അതാണ് സങ്കല്‍പ്പം,” രാം മാധവ് പറഞ്ഞു.
അതേ സമയം, ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സംസ്ഥാനത്ത് ഒരു വര്‍ഗീയ സംഘര്‍ഷം ആഗ്രഹിച്ചു പ്രവര്‍ത്തിക്കുകയാണ്. തൊഗാഡിയ നിഷേധിച്ചിട്ടും എഎപി നേതാക്കള്‍ നടത്താത്ത പ്രസ്താവനക്കെതിരേ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി തൊഗാഡിയയെ ആശുപത്രിയിലാക്കണമെന്നു കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പു കമ്മീഷന് പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ടേപ്പു കിട്ടി കൈമാറിക്കഴിഞ്ഞു പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ആവശ്യമെങ്കില്‍ കൈക്കൊള്ളുമെന്ന് ഭാവ്നഗര്‍ കളക്ടറും റിട്ടേണിംഗ്് ഓഫീസറുമായി പി. കെ. സോളങ്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: