ലഖ്നൗ: നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലെ വിമര്ശനത്തല്ലേറ്റ് ദേശീയ നേതാക്കളും യുപി നേതാക്കളും പുളയുന്നു. കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി കക്ഷികളുടെ നേതാക്കളെ കണക്കറ്റു പ്രഹരിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു മികച്ച ചൂടും ഉശിരും നല്‍കിയിരിക്കുകയാണ് മോദി.
മൂന്നു പാര്‍ട്ടികളുടെ അധികാരമോഹക്കളികളാണ് സംസ്ഥാനത്തെ ഇന്നത്തെ ദയനീയ നിലയിലാക്കിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. രാഷ്ട്രീയ തട്ടിപ്പിന്റെ ഭാഗമായി ദരിദ്ര ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തിയത് താജ്മഹല്‍ കാണാനെത്തുന്ന വിദേശ സഞ്ചാരികളെ പോലെയായിരുന്നുവെന്ന് മോദി വിമര്‍ശിച്ചു.
പ്രധാനമന്ത്രിയായാല്‍ ആദ്യം ചെയ്യുക പാര്‍ട്ടി ഭേദം നോക്കാതെ നിലവിലുള്ള എംപിമാരുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കുകയായിരിക്കുമെന്ന് മോദി പറഞ്ഞു. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍ വിമുക്തമാക്കാന്‍ ഇതേയുള്ളു മാര്‍ഗ്ഗമെന്ന് മോദി പറഞ്ഞു.
”അമ്മയും മകനും ചേര്‍ന്നുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തെങ്കില്‍ അച്ഛനും മകനും ചേര്‍ന്ന സര്‍ക്കാരാണ് ഉത്തര്‍പ്രദേശിനെ തകര്‍ച്ചയിലാക്കിയത്. ഇവിടെ ഒരു വശത്ത് അച്ഛനും മകനും മറുവശത്ത് ബഹന്‍ജി (മായാവതി)യും നിന്ന് അഞ്ചു വര്‍ഷം പരസ്പരം പോരടിച്ച് അവസരങ്ങള്‍ പാഴാക്കി. അമ്മയും മകനും (സോണിയയും രാഹുലും) ചേര്‍ന്ന് ഇവരുടെ വഴക്കിന്റെ തീയില്‍ എണ്ണയൊഴിച്ചു. ഇവരുടെ കളികള്‍ ഇങ്ങനെയായിരുന്നു. മതിയാക്കണം ഇവരുടെ കളി. ഇനി എനിക്ക് ഒരു അവസരം തരൂ നിങ്ങളെ സേവിക്കാന്‍,” ആരവങ്ങള്‍ക്കിടയില്‍ മോദി പറഞ്ഞു.
കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും നടത്തുന്ന കുടുംബ വാഴ്ചയുടെയും ബന്ധു സഹായ നയപരിപാടികളുടെയും കഥകള്‍ വിവരിച്ച മോദി സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയെയും വിമര്‍ശിച്ചു. ”അവരെ സംബന്ധിച്ചിടത്തോളം എല്ലാം കുടുംബ കച്ചവടവും സ്വന്തക്കാരുടെ സഹായ പരിപാടികളുമാണ്. ഇപ്പോള്‍ അത് ബന്ധുക്കളുടെ സഹായ പദ്ധതിയായി വളര്‍ത്തിയിരിക്കുന്നു. ഇവര്‍ അവരുടെ മകനെയും മകളെയും കുറിച്ചു മാത്രം ചിന്തിക്കുന്നു, അവര്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. അവരെക്കുറിച്ചു മാര്രതമാണ് അവര്‍ക്കു ചിന്ത. അല്ലെങ്കില്‍ അവരുടെ അമ്മാവന്മാരെയും അമ്മായിമാരെയും കുറിച്ചുകൂടി. അതിനപ്പുറമില്ല, ഇവര്‍ യുപിയുടെ ഭാവിയെക്കുറിച്ച് ആലോചിക്കുന്നേയല്ല,” മോദി പറഞ്ഞു.
താജ്മഹല്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ എത്തിയതുപോലെയാണ് ദാരിദ്ര്യം കാണാന്‍ രാഹുല്‍ ഗാന്ധി ദരിദ്ര ദലിതന്റെ വീട്ടിലെത്തിയതെന്ന് മോദി കളിയാക്കി. ” അതുപോലെയാണ് രാഹുല്‍ ഭായ് ദാരിദ്ര്യം കാണാനെത്തിയത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ദാരിദ്ര്യം എന്താണെന്നറിയില്ല. ദരിദ്രര്‍ക്ക് രണ്ടു കാലുണ്ടോ, രണ്ടു കയ്യുണ്ടോ, ദരിദ്രനു ശബ്ദംതന്നെയുണ്ടോ എന്നാണവര്‍ നോക്കാനെത്തുന്നത്. ദാരിദ്ര്യം കാണുന്നത് അവര്‍ക്ക് വിനോദ സഞ്ചാരമാണ്, ” മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: