ദുഃഖസ്മരണകളുമായി 1984 എപ്പോഴും ഓര്‍മ്മിക്കപ്പെടും. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ, നിരപരാധികളായ സിഖുകാരുടെ കൂട്ടക്കുരുതി ഇന്ത്യന്‍ ജനാധിപത്യത്തിലെ ു കറുത്ത അദ്ധ്യായമായി അവശേഷിക്കും. ആയിരത്തോളം നിരപരാധികളെ കൊന്നൊടുക്കി എന്നത് ഭയാനകമായ ഒരു വസ്തുതയാണെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്.
ഇതിനു പിന്നിലെ ഗൂഢാലോചന വളരെ വ്യക്തമായിരുന്നു. സംസ്ഥാനത്ത് ഒരിടത്തും കുഴപ്പക്കാര്‍ക്കെതിരെ പൊലീസ് വെടിവയ്പ് നടത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ കൊള്ളയടിക്കും കൊലപാതകത്തിനും യാതൊരു തടസവുമില്ലായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കലാപം രാഷ്ട്രീയായുധമായി അന്നത്തെ ഗവണ്മെന്റ് ഉപയോഗിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഗവണ്മെന്റ് നിയമിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിഷന് ഗവണ്മെന്റ് സ്പോണ്‍സേര്‍ഡ് അക്രമത്തിന് മറസൃഷ്ടിക്കാന് മാത്രമേ സാധിച്ചുള്ളൂ. ഈ ജസ്റ്റിസിനെ പെന്‍ഷനായതിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭയിലെ അവാര്‍ഡിന് അര്ഹനുമാക്കി. എന്നാല്‍ എന്‍ഡിഎ ഗവണ്മെന്റ് നിയമിച്ച ജസ്റ്റിസ് നാനാവതി അന്വേഷണക്കമ്മിഷനാണ് ഈ സംഭവത്തിന്റെ സത്യം പുറത്തുകൊണ്ടുവന്നത്. അതിനുശേഷമാണ് അക്രമങ്ങളുമായി ബന്ധമുള്ള അനേകം പേരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.
നിയമപരമായ അന്വേഷണ പ്രക്രിയകളിലൂടെയാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത്. എന്തിനാണ് ക്യാപ്ടന് അമരിന്ദര്സിംഗ് ചെകുത്താന്റെ വക്കാലത്ത് നേടുകയും ജഗദീഷ് ടൈറ്റ്ലറെക്കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തത്? അക്രമത്തില്‍ പങ്കെടുത്ത വ്യക്തിയെ പിന്താങ്ങുകയാണോ ഇതിലൂടെ അദ്ദേഹം ചെയ്തത്?
മറ്റൊരു തെറ്റായ പ്രസ്താവനഖ
ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ഡവ് ജോണ്സിനുവേണ്ടി ഞാന്‍ കോടതിയില്‍ ഹാജരായതിനെ ക്യാപ്ടന് വിമര്‍ശിച്ചിരുന്നു. യൂണിയന് കാര്ബൈഡുമായോ ഭോപ്പാല്‍ ഗ്യാസ് ദുരന്തമായോ ഡവ്ജോണ്സിന് യാതൊരു ബന്ധവുമില്ല. അത് അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു ധനകാര്യസ്ഥാപനം മാത്രമാണ്. വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ ഉടമസ്ഥാവകാശം ഡവ് ജോണ്‍സിനാണ്. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിനിരയായവര്ക്കെതിരെ കോടതിയില്‍ ഹാജരായത് അഭിഷേക് മനുസിംഗ്വിയാണ്. ഇദ്ദേഹം ക്യാപ്ടന് അമരീന്ദര്‍സിംഗിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രധാന വക്താവാണ്. എന്റെ തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം കക്ഷികള്‍ എന്നോട് ഉപദേശം തേടാറുണ്ട്.
ഒരു വക്കീല്‍ എന്ന നിലയ്ക്ക് ഭോപ്പാല്‍ ദുരന്തവുമായി ബന്ധമില്ലാത്ത വ്യക്തികളോ, കമ്പനിയോ എന്റെ ഉപദേശം തേടിയാല്‍ അതു നല്‍കുക എന്നുള്ളത് എന്റെ ഔദ്യോഗിക കര്‍ത്തവ്യത്തിന്റെ ഭാഗമാണ്. അതുതന്നെയാണ് ഞാന്‍ ചെയ്തതും.
കരുതലില്ലാത്ത ഇന്ത്യയുടെ പ്രതിരോധം
തെരഞ്ഞെടുപ്പു പ്രചാരണം മുന്നേറുന്നതിനനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മുന്‍ പട്ടാള ഉദ്യോഗസ്ഥരെ കണ്ടുമുട്ടാന്‍ എനിക്ക് കഴിഞ്ഞു. പലപ്പോഴും പ്രതിസന്ധികളില്‍ ഇന്ത്യയെ സേവിച്ചിട്ടുള്ള അവര്‍ രാജ്യസ്നേഹികളും ചിന്താശേഷിയുമുള്ള പൗരന്മാരാണ്. ഇവരുടെ ദീര്‍ഘകാലാഭിലാഷമായ ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ എന്നതില്‍ ഉത്കണ്ഠാകുലരുമാണ് ഇവര്‍. ബിജെപിയാണ് തങ്ങളുടെ തെരഞ്ഞെടുപ്പു പത്രികയില്‍ ‘ഒരു റാങ്ക് ഒരു പെന്ഷന്’ എന്ന പദ്ധതി ഉള്‍പ്പെടുത്തിയത്. ആയതിനാല്‍ ഇത് നടപ്പിലാക്കുക എന്ന ചുമതല ഞങ്ങളുടേതാണ്. ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസ് മുന്‍ പട്ടാള ഉദ്യോഗസ്ഥരെ തുടര്‍ച്ചയായി പരിഹസിക്കുകയാണ്.
കുറച്ചു വര്‍ഷം മുമ്പ് തന്റെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഈ ആവശ്യം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഇതു ലഭിച്ചത് താഴെക്കിടയിലുള്ള വിഭാഗത്തിനു മാത്രമായിരുന്നു. അല്ലാതെ എല്ലാവര്ക്കും ബാധകമായിട്ടല്ലായിരുന്നു. ഈ വര്‍ഷവും ധനകാര്യമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ ഈ ആവശ്യം അംഗീകരിച്ചതായി പറയുന്നുണ്ട്. ഇതിലൂടെ വീണ്ടും ഈ ഉദ്യോഗസ്ഥര്‍ പരിഹാസപാത്രമായി തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടതായി ഗവണ്മെന്റില് നിന്ന് ഇതുവരെ ഒരു വിജ്ഞാപനവും ലഭിച്ചിട്ടുമില്ല. ഇതുപോലെ ഉത്ക്കണ്ഠയുളവാക്കുന്ന തരത്തിലുള്ളതാണ് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പ്. നമ്മുടെ പ്രതിരോധ ശേഖരം വളരെ പ്രതികൂലമായ അവസ്ഥയിലാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണിയുടെ പരാജയമാണ് ഇതിനുള്ള പ്രധാന കാരണം. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ തന്ത്രങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പാകിസ്ഥാന് ചൈന പട്ടാള അച്ചുതണ്ട് നിലവില്‍ വന്നുകഴിഞ്ഞു. ചൈനയുടെ പിടിവാശി, അതിര്ത്തിബന്ധങ്ങളില് പാകിസ്ഥാനുമായുള്ള പ്രവചനാതീതമായ ബന്ധം തുടങ്ങിയവ ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ട്. പ്രതിരോധ ഉപകരണങ്ങളുടെ ആധുനികവല്‍ക്കരണം വളരെ പിന്നാക്കാവസ്ഥയിലാണ്.
കാലഹരണപ്പെട്ട സാങ്കേതികവിദ്യയ്ക്കു പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ പട്ടാള മേല്‍ക്കോയ്മയുടെ അന്തരം കുറഞ്ഞിട്ടുണ്ട്. 15000 കിലോമീറ്ററോളം അന്തര്‍ദ്ദേശീയ അതിര്‍ത്തിയുള്ള ഒരു രാജ്യത്തിനും ഇതുപോലുള്ള കാലഹരണപ്പെട്ട സാങ്കേതികവിദ്യയുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. ഇന്ത്യയുടെ അന്തര്‍വാഹിനി കപ്പലുകളിലുണ്ടായ ദുരന്തം, നമ്മുടെ നേവിയുടെ കാലഹരണപ്പെട്ട വൈദഗ്ദ്ധ്യത്തിന് ഉദാഹരണങ്ങളാണ്. ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈന പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇന്ത്യ സ്വന്തം അതിര്‍ത്തിപ്രദേശങ്ങളെ പാടെ അവഗണിക്കുകയാണ്.
‘രാജ്യം പ്രഥമമെന്നുകരുതുന്ന പാര്‍ട്ടി’ എന്ന നിലയ്ക്ക് ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള തയ്യാറെടുപ്പിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: