വാരാണസിയിലെ ആഘോഷക്കാഴ്ചകള്ക്കൊരിക്കലും അവസാനമില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി നരേന്ദ്രമോദി എത്തിയ ഇന്നലെ വാരാണസി കുംഭമേളയ്ക്ക് സമാനമായ അന്തരീക്ഷത്തിലേക്ക് മാറി. ജാതി-മത വ്യത്യാസമില്ലാതെ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തേയും താന്‍ സഞ്ചരിച്ച തുറന്ന വാഹനത്തിന് പിന്നില്‍ അണിനിരത്താന്‍ നരേന്ദ്രമോദിക്കായി.
വിവരണാതീതമായിരുന്നു ഇന്നലെ വാരണാസി. പുലര്‍ച്ചെ മുതല്‍ തന്നെ മോദി ഫോര്‍ പി.എം തൊപ്പികള്‍ ധരിച്ച് കൊടികളുമായി സഞ്ചരിക്കുന്ന പ്രവര്‍ത്തകര്‍. നഗരം മുഴുവന്‍ ബാരിക്കേഡുകളുമായി പോലീസ്. നരേന്ദ്രമോദിയെത്തുന്ന വിവരമറിഞ്ഞ് റോഡ്ഷോയ്ക്ക് പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുന്ന ജനങ്ങള്‍. റോഡ്ഷോ ആരംഭിക്കുന്ന മാളവ്യ ചൗക്കില്‍ മാധ്യമപ്രവര്‍ത്തകര്‍ രാവിലെ 8 മണിക്കു മുമ്പുതന്നെ സ്ഥലമുറപ്പിച്ചു. റോഡരുകില്‍ തയ്യാറാക്കിയ രണ്ട് വലിയ സ്റ്റേജില്‍ മുഴുവന്‍ ദൃശ്യമാധ്യമങ്ങളുടെ ക്യാമറാ സ്റ്റാന്റുകള്‍ ഉറപ്പിച്ചിരുന്നു. 9 മണിയോടെ വലിയ നാല്ക്കവല നിറഞ്ഞുകവിഞ്ഞ് ജനക്കൂട്ടം. ഇവിടുത്തെ സര്‍ദാര്‍ പട്ടേലിന്റെ വലിയ പ്രതിമയില്‍ മാലചാര്‍ത്തിയ ശേഷമാണ് മോദി റോഡ്ഷോ ആരംഭിച്ചത്. വിവിധ പ്രദേശങ്ങളില്‍ നിന്നും വലിയ പ്രകടനങ്ങളായി ജനക്കൂട്ടമെത്തുന്നു. നൂറുകണക്കിന് പേര് പങ്കെടുക്കുന്ന നിരവധി ബൈക്ക്റാലികളും ചൗക്കിലേക്കെത്തിക്കൊണ്ടിരുന്നു. മോദിയുടെ മുഖംമൂടികളും തൊപ്പികളും കാവിക്കൊടികളും ദേഹത്തണിഞ്ഞ ആയിരങ്ങള്‍, തൊണ്ടപൊട്ടുമാറുവിളിച്ച മുദ്രാവാക്യങ്ങള്‍ മാളവ്യ ചൗക്കിനെ കുംഭമേളക്കാലത്തെ ഗംഗാതീരത്തിനു സമാനമാക്കിമാറ്റി.
വിവിധതരത്തിലുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ആകാശത്തേക്കുയര്‍ത്തി മാധ്യമശ്രദ്ധയ്ക്കായി പ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിലേറ്റവും ശ്രദ്ധേയമായത് മോദിയുടെ വാരാണസിയിലെ ഭൂരിപക്ഷം അഞ്ചരലക്ഷമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച ബാനറുകള്‍ തന്നെയായിരുന്നു. പിന്നീട് ബിജെപി നേതൃത്വവുമായി നടത്തിയ സംഭാഷണത്തില്‍ മനസ്സിലായി അഞ്ചരലക്ഷത്തിന്റെ ഭൂരിപക്ഷം പാര്‍ട്ടി കണക്കൂട്ടി മുന്നോട്ടുപോകുന്ന മാന്ത്രികസംഖ്യതന്നെയെന്ന്.
അബ് കി ബാര്‍ മോദി സര്‍ക്കാര്‍, ഹര്‍ഹര്‍ മോദി മുദ്രാവാക്യങ്ങളും അഖിലേഷ് യാദവും അരവിന്ദ് കെജ്രിവാളും വരെ ഇത്തവണ മോദിയെന്ന് ഉറപ്പിക്കുകയാണെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നുകേട്ടു. ഇതിനിടയിലേക്ക് പരിപാടിയുടെ വ്യവസ്ഥാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി പത്തുമണിയോടെ വേദിയിലേക്ക് അമിത്ഷാ കയറിയതോടെ അണികളുടെ ആവേശം വാനോളമായി. അമിത് ഷായുടെ മുഖം ഉത്തര്‍പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് വ്യക്തം. അമിത് ഷായോടുള്ള പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വിശ്വാസം അത്രയധികമാണ് കഴിഞ്ഞ ആറുമാസം കൊണ്ട് ഉയര്‍ന്നിരിക്കുന്നത്. അമ്പത് സീറ്റിലധികം നേടിയില്ലെങ്കില്‍ തന്റെ പേരു മാറ്റിയിട്ടോളൂ എന്ന് മാധ്യമപ്രവര്‍ത്തകരുടെ മുഖത്തുനോക്കി പറയാന്‍ കാണിക്കുന്ന ആ ചങ്കൂറ്റം തന്നെയാണ് അമിത് ഷായെ വ്യത്യസ്ഥനാക്കുന്നത്.
പതിനൊന്നു മണിയോടെ മോദി ബനാറസ് യൂണിവേഴ്സിറ്റിയിലെത്തിയെന്ന അറിയിപ്പ് എത്തിയപ്പോള്‍ ചൗക്ക് പൂര്‍ണ്ണമായും ബിജെപി പ്രവര്‍ത്തകരുടേയും മോദി ആരാധകരുടേയും കൈകളിലായിരുന്നു. അരമണിക്കൂറിനു ശേഷം മോദിയെത്തിയപ്പോള്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസും വാളണ്ടിയര്‍മാരും നന്നേ പാടുപെട്ടു. പിന്നീട് ഇരുവശവും നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കളക്ട്രേറ്റിലേക്ക്. പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ ഏവര്‍ക്കും വ്യക്തമായിക്കഴിഞ്ഞിരുന്നു വാരാണസിയിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന്. മോദിയുടെ റാലിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോണ്‍ഗ്രസിന്റെ നീക്കവും സോമനാഥ് ഭാരതിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് അരവിന്ദ് കെജ്രിവാള് ശൂന്യമായ ഗംഗാതീരത്ത് ധര്‍ണ്ണ ഇരുന്നതുമായ വാര്‍ത്തകള്‍ പോലും നരേന്ദ്രമോദിയുടെ റോഡ്ഷോയ്ക്കിടെ ആരുമറിയാതെ കടന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: