മുംബൈ/ ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത് വിവിഐപികളുടെ നീണ്ടനിര. തെന്നിന്ത്യന്‍ സിനിമയിലെ മെഗാ താരങ്ങളായ രജനികാന്ത്, കമല്ഹാസന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ ജനാധിപത്യ പ്രക്രീയയിലെ ഏറ്റവും മഹത്തായ ദൗത്യം നിര്വഹിച്ചവരില്പ്പെടുന്നു.
തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള സ്റ്റെയില്‍ മന്നന് രജനികാന്ത് സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴു മണിക്കു ഒറ്റയ്ക്ക് പോളിങ് സ്റ്റേഷനിലെത്തിയ രജനിയെ കണ്ട് മറ്റു വോട്ടര്‍മാര്‍ അത്ഭുതപ്പെട്ടു. പ്രിയ താരത്തിന് വഴിമാറിക്കൊടുക്കാനും ആരാധകര്‍ മറന്നില്ല. അങ്ങനെ രജനി ആ ബൂത്തിലെ ആദ്യ വോട്ടറായി. മുഖ്യമന്ത്രി ജയലളിതയ്ക്കും ഇതേ കോളേജിലെ ബൂത്തിലായിരുന്നു വോട്ട്. ഭാര്യയും നടിയുമായ ഗൗതമിക്കൊപ്പമാണ് കമല്‍ ഹാസന് വോട്ടുചെയ്യാനെത്തിയത്. ചലച്ചിത്ര താരങ്ങളായ വിജയ്, അജിത്, ശരത് കുമാര്‍, ശെന്തില്‍, ഖുശ്ബു, ജീവ, പ്രസന്ന എന്നിവരും വിഐപി വോട്ടര്‍മാരുടെ നിരയ്ക്കു മാറ്റുകൂട്ടി. അജിത്തിന്റെ കൂടെ ഭാര്യ ശാലിനിയും പൗരധര്‍മ്മം നിര്‍വ്വഹിച്ചു.
41-ാം പിറന്നാള്‍ ദിനത്തില്‍ സമ്മതിദായകന്റെ പാഡ് കെട്ടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ തന്നെ മുംബൈയിലെ വോട്ടര്‍ നമ്പര്‍ വണ്‍. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനായ സച്ചിന് വോട്ടു ചെയ്യുന്നതിനുവേണ്ടി മാത്രമാണ് ടൂര്‍ണമെന്റിന്റെ വേദിയായ യുഎഇയില്‍ നിന്നും രാജ്യത്ത് വിമാനമിറങ്ങിയത്. ഭാര്യ അഞ്ജലിയും സച്ചിന്റെ കൂടെയുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തി, പിറന്നാള്‍ ദിനത്തിന് മനോഹരമായ തുടക്കം, രാജ്യസഭാംഗം കൂടെയായ സച്ചിന് ട്വിറ്ററില്‍ കുറിച്ചു. അര്‍ഹതയുള്ള എല്ലാ വോട്ടര്‍മാരും പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യണമെന്ന് സച്ചിന് ആഹ്വാനം ചെയ്തു. ‘ജനാധിപത്യത്തിലെ പ്രധാന നടപടിയാണ് വോട്ടിങ്. ഒരു ഇന്ത്യക്കാരന് എന്ന നിലയില്‍ ഇതെന്റെ കടമയും, ബാന്ദ്ര സബര്‍ബനിലെ ബൂത്തില്‍ വോട്ടു ചെയ്ത ശേഷം അമീര്‍ ഖാന് പറഞ്ഞു. ചെമ്പൂര് ബൂത്തിലെ ആദ്യ വോട്ടര്‍മാരിലൊരാള്‍ ബോളിവുഡിലെ ഗ്ലാമര്‍ താരം വിദ്യാബാലനായിരുന്നു. നാളെ ഞാന്‍ ആര്‍ക്കെങ്കിലും നേര്‍ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ അതില്‍ ഒരു മഷിയടയാളം കാണാനാവുമെന്ന് പോളിങ് ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയശേഷം വിദ്യ പറഞ്ഞു. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ നായികയായിരുന്ന രേഖയും സണ്ണി ഡിയോളും രണ്‍വീര്‍ സിങ്ങും സോനം കപൂറുമൊക്കെ വിവിധയിടങ്ങളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ധര്‍മ്മേന്ദ്ര, ശില്‍പ്പാ ഷെട്ടി, പ്രീതി സിന്റ, രണബീര്‍ കപൂര്‍, ജോണ്‍ എബ്രഹാം, കജോള്‍, അജയ് ദേവ്ഗണ് തുടങ്ങിയവരും വോട്ട് ചെയ്യാന്‍ ഉത്സാഹം കാട്ടി. അതേസമയം, അനില്‍ കപൂര്‍, ഋതിക് റോഷന്, ഷാഹിദ് കപൂര്‍, സെയ്ഫ് അലിഖാന്, കരീന കപൂര്‍, ശബാന ആസ്മി തുടങ്ങിയ താരങ്ങളുടെ അഭാവം ശ്രദ്ധേയമായി.
ദേശീയ നേതാക്കളിലെ പ്രമുഖന് ശരദ് പവാര്‍ ആദ്യമായിട്ടായിരുന്നു മുംബൈയില്‍ വോട്ട് ചെയ്തത്. ബിജെപി സ്ഥാനാര്‍ത്ഥി പൂനം മഹാജന്, കോണ്‍ഗ്രസിന്റെ പ്രിയാ ദത്ത് എന്നിവരും മുംബൈയിലെ വോട്ടര്‍മാരുടെ ക്യൂവില്‍ ഇടംപിടിച്ചു. പ്രധാനമമന്ത്രി മന്മോഹന് സിങ്ങും ഭാര്യ ഗുര്‍ചരണ്‍ കൗറും അസമിലെ ഗുവഹാത്തില്‍ വോട്ടുകുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: