തെരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടി കഴിഞ്ഞ അഞ്ചാഴ്ചകളായി ഞാന്‍ അമൃത്സറിലാണ്. മണ്ഡലത്തിലെ രാഷ്ട്രീയബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമേ മണ്ഡലവുമായി വികാരപരമായ ഒരു അടുപ്പം വളര്‍ത്തിയെടുക്കുവാനും പ്രചാരണത്തിലൂടെ എനിക്കു കഴിഞ്ഞു. ഈ മണ്ഡലത്തിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന ചോദ്യം എന്റെ മനസ്സില്‍ എപ്പോഴും ഉയര്‍ന്നുവരാറുണ്ട്.
പരമ്പരാഗത രാഷ്ട്രീയപ്രവര്‍ത്തനത്തിനും തികച്ചും വിഭിന്നമായ ആവശ്യത്തിനും വേണ്ടിക്കൂടിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. അമൃത്സറിലെ ജനങ്ങള്‍ കൂടുതല്‍ ഓജസ്സുള്ളവരും ബാഹ്യലോകവുമായി അടുത്ത ബന്ധമുള്ളവരുമാണ്. അവര്‍ ഒരിക്കലും ഭീരുക്കളല്ല. സ്വയം വിലയിരുത്തുകയും വികസനത്തിനുവേണ്ടി നിലകൊള്ളുന്നവരുമാണ് അവര്‍.
അമൃത്സറിനെ എങ്ങനെ മനോഹരമായ ഒരു നഗരമാക്കി മാറ്റാന്‍ കഴിയും? എന്റെ മനസ്സിലുള്ള അമൃത്സര്‍ വളരെ വൃത്തിയുള്ളതും വീതിയേറിയ റോഡുകളുള്ളതും മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനവുമുള്ള ഒരു നഗരമായിരിക്കണം. ആധുനിക വ്യവസായങ്ങളുള്ളതും വ്യാപാര വികസനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നഗരവുമായിരിക്കണം അമൃത്സര്‍. വിനോദസഞ്ചാരം വളര്‍ത്തുന്നതിനുവേണ്ടി റസ്റ്ററന്റുകളും ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും കൂടുതല്‍ ഉയര്‍ന്നുവരണം.
പൊതുജനങ്ങള്‍ക്കായി മികച്ച ഗതാഗതസൗകര്യം ലഭ്യമാക്കണം. വിദ്യാഭ്യാസകേന്ദ്രങ്ങളുടെയും വിവരസാങ്കേതിക വികസനകേന്ദ്രങ്ങളുടെയും വികസനത്തിന് ഈ നഗരം സാക്ഷിയാകണം.എന്തുകൊണ്ട് ലോകനിലവാരത്തിലുള്ള ഒരു സ്പോര്‍ട്സ് കോമ്പ്ലക്സ് അമൃത്സറില് ഉണ്ടായിക്കൂടാ? പഞ്ചാബിന്റെ പ്രശസ്തി ഉയര്‍ത്താന്‍ കഴിയുന്ന വിധത്തിലുള്ള കരകൗശലവസ്തുക്കള്‍ ലഭ്യമാക്കുന്ന ഒരു വിപണി അമൃത്സറിലുണ്ടാകണം. പഞ്ചാബിന്റെ സ്വാദിഷ്ടമായ ഭക്ഷണവസ്തുക്കള്‍ ലഭ്യമാകുന്ന ഒരു ഭക്ഷ്യനഗരവും ഇവിടെ ഉണ്ടാകണം. അട്ടാരിയിലേക്ക് ഒരു ദേശീയപാത ഉണ്ടാക്കുന്നതിലൂടെ അതിര്ത്തിവ്യാപാരത്തിന്റെ കേന്ദ്രമാക്കി ആ നഗരത്തെ മാറ്റണം. അതിനു പുറമേ അമൃത്സറിനെ മയക്കുമരുന്നു വിരുദ്ധ നഗരമാക്കുകയും അതിര്‍ത്തിയിലൂടെയുള്ള മയക്കുമരുന്നുവ്യാപാരം തടയുകയും വേണം. ഞാന്‍ മനസ്സില്‍ കാണുന്ന അമൃത്സര്‍ സുരക്ഷിത നഗരമായിരിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരിക്കുകയും വേണം.
മേല്‍പ്പറഞ്ഞവയെല്ലാം സാദ്ധ്യമാകണമെങ്കില്‍, നിക്ഷേപം ആവശ്യമാണ്. ഇതിലേക്കായി ഞാന്‍ എന്നെത്തന്നെ സ്വയം അര്‍പ്പിക്കുകയാണ്. അമൃത്സറിനു വേണ്ടത് തികച്ചം വ്യത്യസ്തമായ ഒരു രാഷ്ട്രീയമാണ്. അത് പ്രശ്നാധിഷ്ഠിതമായിരിക്കണം. അല്ലാതെ വ്യക്ത്യാധിഷ്ഠിതമാകരുത്. എന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങളില്‍ സംയുക്തമായി പങ്കുചേരാന്‍ സാധിക്കൂ.
വേറിട്ട ചില സൂചനകള്‍
ഗാന്ധി-വാദ്ര തന്ത്രം വിശ്വാസത്തില്‍ അധിഷ്ഠിതമല്ല, മറിച്ച് വെറും അവസരവാദപരമായതു മാത്രമാണത്. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ആക്രമണം നല്ലതല്ല എന്ന ശ്രീമതി വാദ്രയുടെ അഭിപ്രായത്തെ നല്ല സൂചനയായാണ് ഞാന്‍ കണ്ടത്. എന്നാല്‍, തൊട്ടടുത്ത നിമിഷം തന്നെ ‘സ്നൂപ് ഗേറ്റ് എന്ന പ്രയോഗത്തിലൂടെ അവര്‍ ഇതിനെ തിരുത്തി. സ്വന്തം കുടുംബത്തിനു നേരെ ആക്രമണം പാടില്ല. എന്നാല്‍ മറ്റുള്ളവരോട് എന്തുമാകാം എന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചത്.
ക്യാപ്ടന്റെ നിരാശാബോധം വര്‍ദ്ധിച്ചുവരികയാണ്. ഞാന്‍ സജീവനല്ലെന്നും എന്റെ വെബ്സൈറ്റ് അടച്ചുപൂട്ടിയെന്നും അദ്ദേഹം പ്രസ്താവന ഇറക്കി. ക്ഷമിക്കണം, ക്യാപ്ടന് എന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ഹാക്ക് ചെയ്തതാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഞാനിപ്പോഴും സജീവമാണ്.
സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലായ മുകുള്‍ റൊഹാട്ഗി ഏതോ ഒരു അടിപിടിക്കേസിനുവേണ്ടി കോടതിയില്‍ ഹാജരായി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു അഭിമുഖത്തിലൂടെ പ്രസ്താവിക്കുകയുണ്ടായി. എന്റെ സുഹൃത്തും സുപ്രീം കോടതിയിലെ ഏറ്റവും തിരക്കേറിയ വക്കീലുമായ മുകുള്‍ റൊഹാട്ഗിയോട് ഞാന്‍ ഇതേക്കുറിച്ച് അന്വേഷിച്ചു. ഒരു സ്വതന്ത്ര വക്കീല്‍ എന്ന നിലയ്ക്ക് മുലായംസിംഗ്, മായാവതി, ചിദംബരം, നരേന്ദ്രമോദി, അമിത് ഷാ, ബാദലുമാര്, ക്യാപ്ടന് സാഹിബിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു വേണ്ടി നിരവധി കേസുകളില്‍ അദ്ദേഹം ഹാജരായതായാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ആ സ്ഥിതിക്ക് മുകുളിന്റെ കേസുകളെ സ്വാധീനിക്കാന്‍ എനിക്കെങ്ങനെ കഴിയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: