അമൃതസര്‍: അരുണ്‍ ജെയ്റ്റ്ലിയെപ്പോലുള്ള ഒരു നേതാവ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രത്തില്‍ മാത്രമല്ല പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാരിനും അത് ഗുണംചെയ്യുമെന്ന് നരേന്ദ്രമോദി. പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ സര്‍ക്കാരിന് അരുണ്‍ ജെയ്റ്റ്ലി വലിയ സഹായകരമായിരിക്കും. ജെയ്റ്റ്ലി അധികാരത്തില്‍ വന്നാല്‍ അത് ബാദല്‍ സര്‍ക്കാരിനും ഗുണം ചെയ്യും. ഇപ്പോഴത്തേക്കാളുപരി അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിനെ പ്രതിനിധീകരിച്ച് പലതവണ പാര്‍ലമെന്റിലെത്തിയതാണ് ജെയ്റ്റ്ലി. പ്രതിനിധീകരിക്കുന്ന മേഖലയില്‍ എത്രമാത്രം വികസനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നതിന് വലിയ ഉദാഹരണമാണ് ജെയ്റ്റ്ലി. ഒരു വ്യക്തിയെന്ന നിലയില്‍ ജെയ്റ്റ്ലിയുടെ കഴിവുകള്‍ മഹത്തരമാണ്. എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ അടിത്തറ പാകിക്കഴിഞ്ഞു. ദല്‍ഹിയില്‍ അകാലിയും ബിജെപിയും ഒരുമിച്ചുള്ള സര്‍ക്കാര്‍ അധികാരത്തിലേറും. പഞ്ചാബിലേയും ഗുജറാത്തിലേയും ജനങ്ങള്‍ എവിടെപ്പോയാലും അവരുടെ ക്ഷേമത്തിനുവേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ജെയ്റ്റ്ലിക്ക് ലഭിക്കുക ധനമന്ത്രിപദമായിരിക്കുമെന്നുള്ള ചില വാര്‍ത്തകളും അനുമാനങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം വാര്‍ത്തകളുടെ വെളിച്ചത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്സിംഗാണ് ജെയ്റ്റ്ലിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: