സൂററ്റ്: ഗുജറാത്തുകാരനായ ആദ്യ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയായിരുന്നു. ആദ്യ കോണ്‍ഗ്രസിതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയും. പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ,81 മത്തെ വയസ്സില്‍. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും, പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാന്ഇപാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രിയും ദേശായിയാണ്.
ഗോധ്രാകളക്ടര് ആയിരിക്കെ 1927-28 കാലത്തെ കലാപത്തില്‍ ഹൈന്ദവരോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരില്‍ രാജിവെച്ച് കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തി.ദേശായിയുടെ തട്ടകമായിരുന്നു സൂററ്റ്. അഞ്ചുതവണ ദേശായിയെ പാര്ലമെന്റിലെത്തിച്ച സൂററ്റ് ഇന്ന് ബിജെപിയുടെ ശക്തി ദുര്‍ഗ്ഗമാണ്.
ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ ദേശായി 1930ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു.
സ്വാതന്ത്ര്യസമരക്കാലത്ത് ഒരുപാടുനാളുകള്‍ ജയിലില്‍ കഴിച്ചു. നേതൃത്വഗുണവും ആത്മവിശ്വാസവും കൊണ്ട് സ്വാതന്ത്ര്യസമരസേനാനികള്‍ക്കിടയില്‍ പ്രിയങ്കരനായി. ഗുജറാത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന അദ്ദേഹം 1934ലെയും 1937ലെയും പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്തെ ബോംബെ പ്രസിഡന്സിയില് റവന്യൂ മന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്നു.
1952ല്‍ ബോംബെ മുഖ്യമന്ത്രിയായി. മറാഠിയും ഗുജറാത്തിയും സംസാരിക്കുന്നവര്‍ തിങ്ങിപ്പാര്‍ത്ത ബോംബെ സംസ്ഥാനത്ത് ഇരു വിഭാഗങ്ങളും ഭാഷാടിസ്ഥാനത്തില്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു. അങ്ങനെ മഹാരാഷ്ട്രയും ഗുജറാത്തും രൂപംകൊണ്ടു. അടിയുറച്ച ഗാന്ധിയനായിരുന്നെങ്കിലുംനെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികള്‍ക്കു കടകവിരുദ്ധമായിരുന്നു ദേശായിയുടെ നിലപാടുകള്‍
മൊറാര്‍ജി പലപ്പോഴും നെഹ്രുവിന്റെ എതിരാളിയായി കണക്കാക്കപ്പെട്ടു. നെഹ്രുവിനെ പ്രായാധിക്യവും അവശതകളും അലട്ടിയപ്പോള്‍ മൊറാര്‍ജിക്ക് നെഹ്രുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ നെഹ്രുവിന്റെ മരണശേഷം (1964) ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു. ശാസ്ത്രിയുടെ മരണത്തിനു ശേഷം (1966) അദ്ദേഹം പ്രധാനമന്ത്രിപദത്തിനു വേണ്ടി തീവ്രമായി ശ്രമിക്കുകയും ഇന്ദിരയുമായി തുറന്ന പോരാട്ടം നടത്തുകയും ചെയ്തു. 351 വോട്ടുകള്‍ ലഭിച്ച ഇന്ദിര 169 വോട്ടുകള്‍ ലഭിച്ച മൊറാര്‍ജിയെ തോല്പിച്ച് പ്രധാനമന്ത്രിയാകുകയായിരുന്നു
ആദ്യം മൊറാര്‍ജി ഇന്ദിര മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നു. ഭരണരംഗത്ത് പുതുമുഖവും ചെറുപ്പവുമായ ഇന്ദിരയുടെ കീഴില്‍ രാജ്യം ഒരു മോശമായ വിളവെടുപ്പ്, രൂപയുടെ മൂല്യശോഷണം, ജനങ്ങളുടെ ഭരണകൂടത്തോടുള്ള അകല്‍ച്ച തുടങ്ങി പല പ്രതിസന്ധികളും നേരിട്ടു. മൊറാര്‍ജിയുടെ പ്രാധാന്യം വളരെ വര്‍ദ്ധിച്ചു. അദ്ദേഹം 1967ല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നു. ആഭ്യന്തര പദവി ആവശ്യപ്പെട്ടെങ്കിലും ഉപപ്രധാനമന്ത്രി പദവിയും ധനമന്ത്രി സ്ഥാനവും നല്കി.ബാങ്കുകളുടെ ദേശസാത്കരണം നടക്കുന്ന സമയത്ത്, ദേശായിയോട് ചോദിക്കുകപോലും ചെയ്യാതെ ഇന്ദിരാ ഗാന്ധി അദ്ദേഹത്തില്‍ നിന്നും സാമ്പത്തിക വകുപ്പിന്റെ അധികാരം എടുത്തുമാറ്റി. അതൃപ്തനായ ദേശായി രാജിവെച്ചു.
1969ല്‍ ഇന്ദിരയും കൂട്ടാളികളും കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി കോണ്‍ഗ്രസ് (ആര്) രൂപീകരിച്ചു. ഇത് പിന്നീട് കോണ്‍ഗ്രസ് ഐ എന്നായി. ദേശായിയും കോണ്‍ഗ്രസ് നേതൃത്വവും കോണ്‍ഗ്രസ് (ഒ) എന്നറിയപ്പെട്ടു. 1971ല്‍ പാകിസ്താന് യുദ്ധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യുദ്ധകാല നേതാവ് എന്നരീതിയില്‍ പ്രശസ്തി ലഭിച്ച ഇന്ദിരയോട് കോണ്‍ഗ്രസ് (ഒ) ദയനീയമായി തോറ്റു.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കോടതി 1974ല്‍ തെരഞ്ഞെടുപ്പു കേസില്‍ കുറ്റക്കാരിയായി വിധിച്ചപ്പോള്‍ മൊറാര്‍ജി ദേശായി ജയപ്രകാശ് നാരായണനോടു ചേര്‍ന്ന് ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അഴിമതിയിലുള്ള ജനങ്ങളുടെ മടുപ്പും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഈ ആവശ്യത്തോടു ചേര്‍ത്ത് പ്രതിപക്ഷ സഖ്യം രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. ഇന്ദിര 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൊറാര്‍ജി ദേശായിയെയും ജയപ്രകാശ് നാരായണനെയും അസംഖ്യം പ്രതിപക്ഷ നേതാക്കളെയും അറസ്റ്റുചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു.
ഇന്ദിര 1977ല്‍ തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടപ്പോള്‍ മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ച് ജനതാ സഖ്യം രൂപവത്കരിച്ചു. ജനതാ സഖ്യം പാര്‍ലമെന്റില്‍ 356 സീറ്റുകള്‍ നേടി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ജയപ്രകാശ് നാരായണന് മൊറാര്‍ജി ദേശായിയെ ഈ സഖ്യം നിലനിറുത്താന്‍ കഴിവുള്ള ഏറ്റവും നല്ലയാള് എന്നു വിശേഷിപ്പിച്ചു. മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 81 വയസ്സായിരുന്നെങ്കിലും അദ്ദേഹം രോഗവിമുക്തനും ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായിരുന്നു.
രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം 99 മത്തെ വയസ്സില്‍ അന്തരിച്ചു. അഹമ്മദാബാദില്‍ സമര്‍മതി ആശ്രമത്തിനു സമീപമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ദല്ഹിക്കുവെളിയില് സമാധി സ്ഥനമുള്ള ഏക പ്രധാനമന്ത്രിയാണ്.
1951 മുതല്‍ ആറ് തവണ മൊറാര്‍ജിയെ തെരഞ്ഞെടുത്തത് സൂററ്റാണ്. നാലു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍, 1971 സംഘടനാകോണ്ഗ്രസുകാരനായും 77 ല്‍ ജനതാപാര്ട്ടിടിക്കറ്റിലും. മൊറാര്ജിക്കുശേഷവും കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തി.. 1989 ലാണ് ബിജെപി ആദ്യമായി ജയിക്കുന്നത്. കാശിറാം റാണെയായിരുന്നു ജേതാവ്. തുടര്‍ന്ന് നാലു പ്രാവശ്യംകൂടി ജയിച്ചുകയറിയ കാശിറാം സൂററ്റിനെ ബിജെപിയുടെ സ്വന്തം മണ്ഡലമാക്കി.ബിജെപിയുടെ ദര്‍ശന ജര്‍ദോഷ് ആണ് സിറ്റിംഗ് എംപി ദര്‍ശന തന്നെയാണ് ബിജെപിക്കായി വീണ്ടും ജനവിധി തേടുന്നത്. ഭൂപതി ദേശായിയാണ് കോണ്‍ഗ്രസിനായി രംഗത്ത്. സൂററ്റ് കോര്പ്പറേന് ഭരണം ബിജെപിക്കാണ്. മണ്ഡലത്തിലെ ഏഴ് നിയമസഭകളിനും ബിജെപി എംഎല്‍എ മാര്‍. അതുകൊണ്ടു തന്നെ ദര്‍ശനയുടെ കഴിഞ്ഞപ്രാവശ്യത്തെ 75000 ത്തിന്റെ ഭൂരിപക്ഷം എത്രകൂടും എന്നതുമാത്രമേ അറിയാനുള്ളൂ.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: