ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പു പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ മണ്ഡലത്തില്‍ ഇന്നലെ അതി പ്രൗഢമായ റോഡ് ഷോ നടന്നു. മണ്ഡലത്തെയും സംസ്ഥാനത്തെയാകെയും ആവേശത്തില്‍ മുക്കിയ റോഡ്ഷോ പ്രവര്‍ത്തകരുടെ ലക്ഷ്യം സഫലമാകുമെന്നതിനു സാക്ഷ്യപത്രമായി. നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്വാനിയുടെ ഭൂരിപക്ഷം 1.27 ലക്ഷത്തില്‍നിന്ന് ഇരട്ടിയാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ഇന്നലെ റോഡ്ഷോയില്‍ നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങള്‍ നിരന്നു. കാവിക്കൊടിയും ബിജെപി പതാകയുമേന്തിയ പ്രവര്‍ത്തകര്‍ നഗര വീഥിയില്‍ തിങ്ങി നിറഞ്ഞു കടന്നു പോയി. ഭാരത്മാതാ ജയ് വിളികളും ബിജെപി വിജയ മുദ്രാവാക്യങ്ങളും അദ്വാനിക്കും നരേന്ദ്ര മോദിക്കും ജയ്വിളികളുമായി പ്രവര്‍ത്തകര്‍ ആവേശം പ്രകടിപ്പിച്ചു.
തുറന്ന ജീപ്പ്പില്‍ എല്‍.കെ. അദ്വാനിയും ഭാര്യ കമാ അദ്വാനിയും മകള്‍ പ്രതിഭാ അദ്വാനിയും പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും അഭിവാദ്യം ചെയ്തു. മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിയെയും വമ്പിച്ച വിജയം നേടുമെന്നു പ്രഖ്യാപിച്ച അദ്വാനി തിരുവനന്തപുരത്തും ബിജെപി വിജയിക്കുമെന്നാണ് വിശ്വാസമെന്ന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: