ന്യൂദല്‍ഹി: യുപിഎ അധ്യക്ഷ സോണിയയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ അനധികൃത ഭൂമിയിടപാടുകളുടെ സംബന്ധിച്ച് ബിജെപി പുറത്തിറക്കിയ സിഡിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.
വദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകള്‍ ആദ്യം മുതല്‍ നിഷേധിച്ച സോണിയയും രാഹുലും വാദ്രയെ ഭൂമിയിടപാടുകളില്‍ വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്നാണ് സിഡിയില്‍ പറഞ്ഞിരിക്കുന്ന കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളില്‍ വാദ്ര ഏക്കറുകണക്കിന് ഭൂമി വാരിക്കൂട്ടിയിരുന്നു. കള്ളചെക്കുകള് ഉപയോഗിച്ച് വാങ്ങിച്ചുകൂട്ടിയ ഭൂമിയുടെ കണക്കുകളാണ് സിഡിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
2007 നവംബറില്‍ രജിസ്റ്റേര്‍ഡ് കമ്പനിയായി ആരംഭിച്ച വാദ്രയുടെ എംഎസ് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് അന്നുണ്ടായിരുന്നത് ഒരു ലക്ഷം ഓഹരി. എന്നാല്‍ 2008-ല്‍ ഗുഡ്ഗാവിലെ ഷികോപൂര് ഗ്രാമത്തിലെ 3.531 ഏക്കര്‍ ഭൂമി വാദ്ര സ്വന്തമാക്കിയത് 7.5 കോടി മുടക്കി. ഒരുലക്ഷം രൂപ മാത്രം ബാങ്ക് ബാലന്‍സ് ഉള്ള വാദ്ര ഭൂമി സ്വന്തമാക്കിയത് 607251 എന്ന നമ്പരുള്ള കള്ളച്ചെക്കിലൂടെയാണ്. 2008ഫെബ്രുവരി പന്ത്രണ്ടിനാണ് ഭൂമിയുടെ രജിസ്ട്രേഷന് നടന്നത്. ഓംകാരേശ്വര്‍ പ്രോപ്പര്ട്ടീസിലൂടെയാണ് വാദ്ര കോടികള്‍ മുടക്കിയത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 45 ലക്ഷം രൂപയും സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നല്കി. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയെ മുന്‍നിര്‍ത്തിയാണ് ഭൂമിയിടപാടുകള്‍ നടത്തിയതെങ്കിലും വാദ്രയുടെ ഡിഎല്‍എഫ് എന്ന കമ്പനിയാണ് പണമിടപാടുകള്‍ നടത്തിയത്. കൊമേഴ്സ്യല്‍ കോളനി ലൈസന്‍സ് സ്വന്തമാക്കുന്നതിന് വാദ്ര ആകെ മുടക്കിയത് 58 കോടിയാണ്. 2008-ല്‍ അഞ്ച് കോടി, 2009 മാര്‍ച്ചില്‍ 10 കോടി, 2009 ആഗസ്റ്റില്‍ 35 കോടി, 2012-ല്‍ 8 കോടിയും ഇതിനുവേണ്ടി വാദ്ര ചെലവാക്കിയെങ്കിലും ലൈസന്‍സ് ലഭിച്ചപ്പോള്‍ അത്രയും തുക മുടക്കേണ്ടി വന്നില്ല.
കോളനി ലൈസന്‍സ് ലഭിക്കാന്‍ വാദ്ര തിടുക്കം കാണിച്ചതായും സിഡിയിലെ രേഖകളില്‍ പറയുന്നു. 2008, മാര്‍ച്ച് 28-ന് സമര്‍പ്പിച്ച ലൈസന്‍സ് അപേക്ഷയില്‍ 18 ദിവസത്തിനുള്ളില്‍ തന്നെ ഹരിയാനയിലെ ഡയറക്ടര്‍ ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ് അധികൃതര്‍ തീര്‍പ്പുകല്‍പ്പിച്ചു. സര്‍ക്കാര്‍ വാദ്രക്ക് ലൈസന്‍സ് അനുവദിച്ചതുവഴി 3.531 ഏക്കര്‍ ഭൂമിയുടെ വില 58 ല്‍ നിന്നും 50 കോടിയായി കുറഞ്ഞു. ഹരിയാനയിലെ ഭൂമിയിടപാടുകളിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയെന്നത് രേഖകളില്‍ നിന്നും വ്യക്തമാണ്. സര്‍ക്കാര്‍ അനുമതിയോടെ നടന്നതാണ് തട്ടിപ്പ്.
പരിധിക്കപ്പുറം ഭൂമി നിയമവിരുദ്ധം
തെറ്റായ രേഖകളും കണക്കുകളും ചൂണ്ടിക്കാട്ടി ഭൂമി സ്വന്തമാക്കിയതിനും മറ്റും 1988-ലെ അഴിമതി വിരുദ്ധ നിയമപ്രകാരം വാദ്രക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാം. കൂടാതെ 1972-ലെ സീലിങ് ഓണ്‍ ലാന്റ് ഹോള്‍ഡിംഗ്സ് നിയമപ്രകാരം വാദ്രയും ഭാര്യ പ്രിയങ്കയും നടത്തിയിരിക്കുന്നത് കടുത്ത നിയമലംഘനവുമാണ്. 2005 സെപ്തംബര്‍ 9 മുതലാണ് വാദ്ര ഹരിയാനയില്‍ ഭൂമി സ്വന്തമാക്കി തുടങ്ങിയത്. പ്രിയങ്കക്കും, വാദ്രയുടെ സ്ഥാപനങ്ങളും ഉള്‍പ്പെടെ 147 ഏക്കര്‍ ഭൂമിയാണ് 2009 ഡിസംബര്‍ 7 വരെ വാങ്ങിക്കൂട്ടിയത്. എന്നാല്‍ 1972-ലെ നിയമപ്രകാരം 54 ഏക്കറിലധികം ഭൂമി വാങ്ങരുതെന്ന നിയന്ത്രണാനുമതി നിലനില്‍ക്കെയാണ് 147 ഏക്കറോളം ഓളം ഭൂമി വാദ്ര ഇവിടെ സ്വന്തമാക്കിയത്.
കോടികളുടെ കുംഭകോണം നടത്തിയിട്ടും എന്തുകൊണ്ട് വാദ്രക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ചോദ്യം. അനുവദനീയമായതിലും അധികം ഭൂമി ഹരിയാനയില്‍ സ്വന്തമാക്കിയിട്ടും അധികൃതര്‍ എന്തുകൊണ്ട് മൗനം പാലിച്ചു, തുടങ്ങിയ ചോദ്യങ്ങളും ബിജെപി ഉന്നയിക്കുന്നുണ്ട്.
വാദ്രയുടെ അവിഹിത ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്. എന്നാല്‍ അഴിമതിക്കു കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നിയമനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഇതുസംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ബിജെപി ഉന്നയിക്കുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥനെ 2013-ല്‍ യുപിഎസ്സി അംഗമായി നിയമിച്ചത് ഏത് ചട്ടപ്രകാരമാണെന്ന് ബിജെപി ചോദിക്കുന്നു. 2005 മുതല്‍ 2013 വരെ ഈ ഉദ്യോഗസ്ഥനാണ് കോളനി ലൈസന്‍സ് അനുമതി സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത്. 2013-ല്‍ യുപിഎസ്സി അംഗമായി ചുമതലയേറ്റ അദ്ദേഹം അഞ്ച് മാസങ്ങള്‍ക്കുശേഷം ജോലിയില്‍ നിന്നും വിരമിച്ചു. അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ നിന്നും വിരമിക്കേണ്ട ഉദ്യോഗസ്ഥന് യുപിഎസ്സി അംഗമായതോടെ സെക്രട്ടറി റാങ്കില്‍ നിന്നുമാണ് വിരമിച്ചത്. ഇത്തരം നിയമനങ്ങള്‍ നല്‍കിയത് എന്ത് പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും ബിജെപി പ്രധാനമായും ഉന്നയിക്കുന്നു.
രാജസ്ഥാനില്‍ വാദ്ര നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ച് സോണിയയും രാഹുലും മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. 2009 ജൂണ്‍ മുതല്‍ 2011 ആഗസ്റ്റ് വരെ രാജസ്ഥാനിലെ ബികാനീര്‍ ജില്ലയില്‍ നിന്നും വാദ്ര തന്റെ കമ്പനികള്‍ വഴി വാങ്ങിയത് 1634 ഏക്കര്‍ ഭൂമിയാണ്. രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഭൂമി വാങ്ങിയതിന്റെ ഉദ്ദേശ്യലക്ഷ്യം എന്താണ്? രാജസ്ഥാന് സര്‍ക്കാരിന്റെ സോളാര്‍ എനര്‍ജി പദ്ധതിയുടെ മറവില്‍ സോളാര്‍ പാര്‍ക്ക് ലക്ഷ്യമിട്ട് വാദ്ര നടത്തിയ ഭൂമിയിടപാടുകളും വന്‍ തട്ടിപ്പിലൂടെയാണ് നടന്നത്. അന്നത്തെ അശോക് ഗെലോട്ട് സര്‍ക്കാര്‍ വാദ്രയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.
നിലവിലെ നിയമങ്ങള്‍ ലംഘിച്ചാണ് പാവപ്പെട്ട കര്‍ഷകരില്‍ നിന്നും തുച്ഛമായ വിലക്ക് വാദ്ര ഭൂമി സ്വന്തമാക്കിയത്. നിയമംലംഘിച്ച് ഏക്കറുകണക്കിന് ഭൂമി സ്വന്തമാക്കിയ നടപടി കുറ്റകരമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടേയും യുപിഎ അധ്യക്ഷയുടെയും ഒത്താശയോടെയാണ് റോബര്‍ട്ട് വാദ്ര ഭൂമികള്‍ വാങ്ങിക്കൂട്ടിയത്. റോബര്‍ട്ട് വാദ്ര മോഡല്‍ വികസനം എന്താണെന്ന് സോണിയാഗാന്ധിയും, രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്നും എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സിഡിയിലൂടെ ബിജെപി ആവശ്യപ്പെടുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: