ഝാന്‍സി: ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് ഝാന്‍സി. ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത് തീപ്പൊരി നേതാവ് ഉമാഭാരതിയാണ്. ഝാന്‍സി റാണിയുടെ പേരിലറിയപ്പെടുന്ന നഗരത്തില്‍ ഭരണം കൈയാളുന്നത് ബിജെപിയാണെങ്കിലും സിറ്റിംഗ് എംപി കോണ്‍ഗ്രസിലെ പ്രദീപ് ജെയിന് ആദിത്യയാണ്.
ഉമാഭാരതിയുടെ രംഗപ്രവേശത്തോടെ പ്രദീപ് ജെയിനും മറ്റ് സ്ഥാനാര്‍ത്ഥികളും നിഷ്പ്രഭമായി. റോഡ്ഷോകളിലും പൊതുയോഗങ്ങളിലും ഉമാഭാരതിയെ കേള്‍ക്കാനും കാണാനും വന്‍ജനാവലിയാണ് പങ്കെടുത്തത്. മണ്ഡലത്തില്‍ പതിനഞ്ചുപേരാണ് മല്‍സരരംഗത്തുള്ളത്. അനുരാധാശര്മ്മ(ബിഎസ്പി).
ചന്ദ്രപാല്‍സിംഗ് യാദവ്(എസ്പി) എന്നിവരാണ് പ്രധാനപ്പെട്ട മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഉമാഭാരതി സ്ഥാനാര്‍ത്ഥിയായെത്തുന്നു എന്നറിഞ്ഞതുമുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശഭരിതരായി മണ്ഡലം ഏറ്റെടുക്കുകയായിരുന്നു.
പ്രചാരണങ്ങളില്‍ പ്രധാനം റോഡ്ഷോ തന്നെയാണ്. എല്ലാ പാര്‍ട്ടികളുടെയും പ്രമുഖനേതാക്കള്‍ എത്തിയെങ്കിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെയും രാജ്നാഥ് സിംഗ്, ശിവരാജ്സിംഗ് ചൗഹാന് എന്നിവരുടെ സാന്നിധ്യം ഝാന്‍സിയില്‍ ജനപ്രളയം തീര്‍ക്കാന്‍ പോരുന്നതായിരുന്നു.
ഝാന്സിനഗര്, സബീന, മൗറാണിപൂര്, ഗറോട്ട, ലളിത്പൂര്‍ തുടങ്ങിയ അഞ്ച് അസംബ്ലി മണ്ഡലങ്ങളും ചേര്‍ന്നതാണ് മണ്ഡലം. അഞ്ചിടത്തും വ്യക്തമായ ഭൂരിപക്ഷം ഉമാഭാരതിക്കാകുമെന്ന് മലയാളിസമാജം പ്രവര്‍ത്തകനും കൊല്ലം സ്വദേശിയുമായ രവീന്ദ്രന്‍പിള്ള പറയുന്നു. ഇവിടുത്തെ 25 ശതമാനം മുസ്ലിം വോട്ടുകളില്‍ കണ്ണടച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും നടത്തുന്നത്. എന്നാല്‍ ബിജെപിക്ക് അനുകൂലമായ കാറ്റാണ് ഇപ്പോള്‍ ഝാന്‍സിയില്‍ വീശുന്നത്.
ഉമാഭാരതിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ബിജെപി വനിതാനേതാവും ഝാന്‍സിയുടെ നഗരസഭാ മേയറുമായ കിരണ്‍വര്‍മ്മ ഓടിനടക്കുകയാണ്. ഝാന്സിക്കോട്ടയുടെ റാണിയായി ഇനി ഉമാഭാരതി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. സദര്‍ബസാര്‍, മണിചൗക്ക്, ഓര്‍ച്ച എന്നിവിടങ്ങളില്‍ ഝാന്സികോട്ടയുടെ മാതൃകയില്‍ തീര്‍ത്ത കട്ടൗട്ടുകളും അതിനുമുകളില്‍ ഉമാഭാരതിയുടെ ചിത്രങ്ങളുമാണ് നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: