ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയടക്കം പ്രമുഖര്‍ ജനവിധി തേടുന്ന ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 ലോക്സഭാ സീറ്റുകളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.
ഗുജറാത്തിലെ വഡോദരയിലാണ് മോദി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ജനവിധി തേടുന്നുണ്ട്. സോണിയ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് ജനവിധി തേടുന്നത്. എല്‍ കെ അദ്വാനി (ഗാന്ധിനഗര്‍), അരുണ്‍ ജെയ്റ്റ്ലി (അമൃത്സര്‍), രാജ്നാഥ് സിങ് (ലഖ്നൗ), മുരളീ മനോഹര്‍ ജോഷി (കാണ്‍പുര്‍), അംബികാ സോണി (അനന്ത്പുര്‍ സാഹിബ്), അമരീന്ദര്‍ സിങ് (അമൃത്സര്‍), ഫാറൂഖ് അബ്ദുള്ള (ശ്രീനഗര്‍), ശരദ് യാദവ് (മധേപൂര്‍) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന മറ്റു പ്രമുഖര്‍.
പഞ്ചാബ് (13 സീറ്റ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (9), ബിഹാര്‍ (7), ഗുജറാത്ത് (26), തെലങ്കാന (17), ജമ്മുകശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി (1), ദാമന്‍ ദിയു (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടക്കുകയാണ്. മൂന്ന് കോടി വോട്ടര്‍മാരാണ് തെലങ്കാന സംസ്ഥാനത്തെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, തെലുങ്കുദേശം പാര്‍ട്ടി, ബിജെപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം എന്നി പാര്‍ട്ടികളാണ് തെലുങ്കാനയില്‍ മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: