ഗുവാഹത്തി: ആസാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കള്‍. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്ശിക്കാത്തില് പ്രതിഷേധിച്ചാണ് മൃതദേഹം സംസ്ക്കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാവാത്തത്. ഇതിന് മുമ്പുണ്ടായ ആക്രമണത്തെതുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്ന മുഖ്യമന്ത്രി ആവശ്യമായ സുരക്ഷ നല്‍കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ തീവ്രവാദി ആക്രമണമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ട നന്കേഖദ്രബാരി പ്രദേശത്തെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിന് വിലയില്ലേ എന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. പ്രതിഷേധത്തിലൂടെ തങ്ങള്‍ ചോദിക്കുന്ന ഒരേഒരു കാര്യം ഭാവിയില്‍ ഒരിക്കലും തങ്ങള്‍ ആക്രമിക്കപ്പെടരുതെന്നാണെന്നും അതിനാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ചെയ്ത് തരണമെന്നുമാണ്.
ജില്ലാ ഭരണകൂടം പ്രശ്നബാധിത മേഖലകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. സംസ്ക്കാരച്ചടങ്ങുകള്‍ നടത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിക്കുമെന്ന് ആരില്‍ നിന്നും വിവരം ലഭിച്ചിട്ടില്ലെന്നും അതിനാല്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ബന്ധുക്കള്‍.
വ്യാഴാഴ്ച്ച രാത്രിയും വെള്ളിയാഴ്ച്ചയുമാണ് ആസാമിലെ ബക്സയിലും കൊക്രാഝാറിലും തീവ്രവാദി ആക്രമണമുണ്ടായത്. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഏപ്രില്‍ 24 നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ബക്സയിലും കൊക്രാഝാറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അനുരഞ്ജന വിരുദ്ധ വിഭാഗ(സംഗ്ബിജിത് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.ജി.പി ഖഗന്‍ ശര്‍മ ഇന്നലെ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തെ ഇറക്കാനും ആലോചിക്കുന്നുണ്ട്. മരിച്ചവര്‍ ആരെന്നതിനെ സംബന്ധിച്ച് കൃത്യമായ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുമില്ല. അതേസമയം ആക്രമണത്തിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ ദേശീയഅന്വേഷണ ഏജന്‍സിയെ ഏല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: