ലക്നൗ: സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനേയും മകനേയും കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവ് അച്ഛനേക്കാള്‍ വിഷമാണെന്ന പ്രസ്താവനയുമായാണ് മായാവതി മുന്നോട്ട് വന്നിരിക്കുന്നത്.
ഡോ ബി ആര് അംബേദ്ക്കറിന്റെ ഭരണഘടനയില്ലായിരുന്നെങ്കില് അഖിലേഷ് ഒരിക്കലും ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാകിലായിരുന്നു. പകരം അഖിലേഷിന് സൈഫായിലെ ഏതെങ്കിലും ഭൂപ്രഭുവിന്റെ കാലികളെ മേയ്ക്കുന്ന പണിയാകും ലഭിക്കുക.
കോണ്‍ഗ്രസിനെതിരേയും ബിഎസ്പി ആഞ്ഞടിച്ചു. യുപിഎ പത്ത് വര്‍ഷം ഭരിച്ചിട്ടും രാജ്യത്ത് വികസനസങ്ങളൊന്നും നടപ്പാക്കിയില്ലെന്നും അഴിമതി മാത്രമാണ് അവര്‍ ഭരണക്കാലത്ത് നടപ്പാക്കിയതെന്നും മായാവതി തുറന്നടിച്ചു.
കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും തെറ്റായ രാഷ്ട്രീയവും കൊണ്ട് ദളിതര്‍ അപമാനിക്കപ്പെട്ടെന്നും അവര്‍ തെറ്റായ വഴി തെരെഞ്ഞെടുത്തെന്നും മായാവതി പറഞ്ഞു. തുടര്‍ച്ചയായി ദളിതരെ കൊന്നൊടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ അവര്‍ നക്സലുകളായി മാറുകയായിരുന്നെന്ന് മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ബിഎസ്പി സര്‍ക്കാരായിരുന്നെങ്കില്‍ സമുഹത്തിലെ മുഖ്യധാരയിലേക്ക് നക്സലുകളെ കൊണ്ടു വരുന്നതിന് പ്രത്യേക പ്രചാരണം തന്നെ സംഘടിപ്പിക്കുമായിരുന്നു.
ഉത്തര്‍ പ്രദേശ് നിരവധി പ്രധാനമന്ത്രിമാരെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അതെല്ലാം പിന്നാക്കം പോയിരിക്കുന്നു. സമൂഹത്തിലെ എല്ലാ മേഖലകളുടേയും ഉന്നമനത്തിന് പ്രവര്‍ത്തിക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലാഭം മാത്രം ലക്ഷ്യം വച്ചതാണ് അതിന് കാരണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: