വാരാണസി: മോദിയുടെ പ്രധാന എതിരാളിയാര്? ആംആദ്മിയും കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ഥിയാണ് മോദിയുടെ പ്രധാന എതിരാളിയെന്ന് വരുത്താനുള്ള തീവ്രശ്രമത്തിലാണ്. ആരു ജയിക്കുമെന്നല്ല, ആരാകും മോദിയുടെ എതിരാളിയായി രണ്ടാം സ്ഥാനത്ത് എത്തുകയെന്നതാണ് ഇപ്പോള്‍ ഈ രണ്ടു പാര്‍ട്ടികളുടേയും ചിന്ത.
കേജ്രിവാളിന് ആ സഥാനം ഒരു തരത്തിലും നല്കാതിരിക്കാനുള്ള തന്ത്രം മെനയുകയാണ് കോണ്‍ഗ്രസ്. അജയ് റായ് ആണ് അവരുടെ സ്ഥാനാര്‍ഥി. അജയാണ് മുഖ്യഎതിരാളിയെന്നാണ് പ്രസംഗത്തിലും പ്രചാരണത്തിലും അവര്‍ ഇപ്പോള്‍ പറയുന്നത്. അല്ലെങ്കില്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അവസ്ഥയുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തെറിച്ചിരുന്നു.
വാരാണസിയില്‍ മുസ്ലീം വോട്ടുകള്‍ പലതായി ചിതറും.കൂടുതല്‍ പങ്കും ആം ആദ്മിയുടെ കേജ്രിവാളിന് കിട്ടുമെന്നാണ് കോണ്‍ഗ്രസിെന്റ ആശങ്ക. മുസ്ലീങ്ങള്‍ കേജ്രിവാളിനെയാണ് രണ്ടാം സ്ഥാനത്തു കാണുന്നത്. മുസ്ലീം വോട്ട് അജയ് റായ്ക്ക് ഉറപ്പിക്കാന്‍ സല്മാന് ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, കെ. റഹ്മാന് ഖാന് എന്നിവര്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.മൂന്നു ലക്ഷത്തോളം മുസ്ലീം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.ഇത് ഒറ്റയ്ക്ക് പിടിക്കാനാണ് ശ്രമം.
എന്നാല്‍ ഈ വോട്ടുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആംആദ്മിക്കും സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഒക്കെയായി വിഭജിച്ചു പോകും. കേജ്രിവാളില് നിന്ന് മുസ്ലീം വോട്ട് പിടിച്ചെടുക്കാനുള്ള ചുമതല ഗുലാം നബി ആസാദിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ആസാദ് രണ്ടു പ്രമുഖ മുസ്ലീം നേതാക്കളെ കണ്ടു കഴിഞ്ഞു. ഷിയാ മുസ്ലീങ്ങള്‍ ഇക്കുറി മോദിക്കൊപ്പമാണ്. അരലക്ഷം ഷിയാകളാണ് വാരാണസിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: