ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വാരാണസി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും ആംആദ്മി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജ്രിവാളുമൊക്കെ മത്സരിക്കുന്ന വാരാണസിയില്‍ മികച്ച പ്രചാരണ പരിപാടികളാണ് പ്രമുഖ പാര്‍ട്ടികളൊക്കെ സംഘടിപ്പിക്കുന്നത്. മറ്റ് പാര്‍ട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ലക്ഷങ്ങളാണ് ഓരോരുത്തരും വാരിയെറിയുന്നത്. കോണ്‍ഗ്രസും, ആംആദ്മിയുമൊക്കെ ലക്ഷക്കണക്കിനുരൂപ ചെലവാക്കുമ്പോള്‍ വളരെ കുറച്ചു തുക മാത്രം വിനിയോഗിച്ചുകൊണ്ട് നരേന്ദ്ര മോദി വാരാണസിയെ അത്ഭുതപ്പെടുത്തുകയാണ്.
പ്രചാരണത്തിനായി മറ്റ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുടക്കിയതിനേക്കാള്‍ കുറവ് തുകയാണ് മോദി ഇതുവരെ ചെലവാക്കിയതെന്ന് മെയ് ഒന്നിന് തെരഞ്ഞെടുപ്പ് നിരീക്ഷന് സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്റായ്, ആംആദ്മി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജ്രിവാള്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരാണ് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി വിനിയോഗിക്കുന്നത്. പ്രചാരണത്തിനായി പണം വാരിയെറിയുന്നില്ലെങ്കിലും വിശുദ്ധ നഗരത്തില്‍ മോദി തന്നെയാണ് താരം.
പ്രചാരണത്തിനായി ഇതുവരെ 5.83 ലക്ഷം രൂപയാണ് മോദിയും സംഘവും ഇവിടെ ചെലവാക്കിയത്. എന്നാല്‍ കേജ്രിവാളാകട്ടെ 22 ലക്ഷവും, അജയ് റായി 32 ലക്ഷവുമാണ് ഇതുവരെ പ്രചാരണത്തിനായി ചെലവാക്കിയത്.
ദേശീയ പാര്‍ട്ടികള്‍ അവരുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇവിടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് മോദിയെ തങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്നും പ്രചാരണത്തിനായി കൂടുതല്‍ പണം വിനിയോഗിക്കേണ്ട കാര്യമില്ലെന്നും വാരാണസിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് അശോക് ധവാന് പറയുന്നു.
തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവാക്കുന്ന പണത്തിന് പരിധിയില്ല. എന്നാല്‍ ലോക്സഭാതെരഞ്ഞെടുപ്പുകളില് 70 ലക്ഷത്തിനു മുകളില്‍ വിനിയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിബന്ധന ഉണ്ട്. പാര്‍ലമെന്റ് മണ്ഡലത്തില്‍ ഓരോ സ്ഥാനാര്‍ത്ഥികളും ചെലവാക്കുന്ന തുക സമയാനുസൃതമായി നിരീക്ഷകനു മുന്നില്‍ വ്യക്തമാക്കണം.
മെയ് ഒന്നിനും രണ്ടിനും വാരാണസിയിലെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനു മുന്നില്‍ സമര്‍പ്പിച്ച കണക്കുകളാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: