തെരഞ്ഞെടുപ്പുകാലം ഭരണസംബന്ധിയായ വിഷയങ്ങള്‍ പരസ്പരം അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ത്തുന്നതിനുള്ള അവസരമാണ്. എങ്കിലും ഇത്തരം രാഷ്ട്രീയ ധ്രുവീകരണത്തില്‍ നന്മകള് കാണുന്നവരാണ് പലരും. രാഷ്ട്രീയ എതിരാളികളുടെ ചെയ്തികള്‍ കൊണ്ടാണെങ്കില്‍പ്പോലും സംജാതമാകുന്ന ധ്രുവീകരണത്തിന്റെ ഗുണഫലമാണ് ഇപ്പോള്‍ ബിജെപി അനുഭവിക്കുന്നത് എന്ന് നിര്‍ഭാഗ്യവശാല്‍ ചിലര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം ഇത്തരത്തിലുള്ള ഒരു വിഷയമാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ആസാമിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബോധപൂര്‍വം നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നു. ബംഗ്ലാദേശികളുടെ കൂട്ടത്തോടെയുള്ള നുഴഞ്ഞുകയറ്റം ആസാം, പശ്ചിമബംഗാള്‍, ബീഹാറിലെ ചില ജില്ലകള്‍ എന്നിവിടങ്ങളിലെ ജനസംഖ്യാപരമായ സംതുലനാവസ്ഥക്ക് മാറ്റം വരുത്തി. ഇത്തരം നുഴഞ്ഞുകയറ്റത്തിനെതിരെ ഏതൊരു രാജ്യസ്നേഹിക്കും ഉത്കണ്ഠ തോന്നുന്നത് സ്വാഭാവികം മാത്രം. അത് നാട്ടിലും സാമ്പത്തികവിഭവശേഷിയിലും സമ്മര്‍ദ്ദം സൃഷ്ടിക്കും. അത് ദേശീയ സുരക്ഷയെയും ബാധിക്കും. നുഴഞ്ഞുകയറ്റത്തെത്തുടര്ന്ന് ആസാമിലെ ഓരോ ജില്ലയിലും ജനസംഖ്യാപരമായ മാറ്റം കാണാനായത് രാജ്യസുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്നു.
നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്നും നുഴഞ്ഞുകയറ്റക്കാരെ അതതു രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കണമെന്നതും ബിജെപിയുടെ മാത്രം നിലപാടല്ല. ഇന്ത്യയുടെമേലുള്ള ഒരു നിശ്ശബ്ദ ആക്രമണം എന്നാണ് സുപ്രീം കോടതി ഈ നുഴഞ്ഞുകയറ്റത്തെ വിശേഷിപ്പിച്ചത്. പൗരത്വം തിരച്ചറിയല്‍ സംബന്ധിച്ച ഉത്തരവാദിത്തം നുഴഞ്ഞുകയറ്റക്കാരനിലല്ല, മറിച്ച് സര്‍ക്കാരിലാണ് നിക്ഷിപ്തമെന്ന നിബന്ധന കോടതി തള്ളിക്കളഞ്ഞു. വടക്കു കിഴക്കന്‍ പ്രദേശത്തെ പല ഭാഗങ്ങളിലും സംജാതമാകുന്ന സാമൂഹ്യ സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം നുഴഞ്ഞുകയറ്റമാണ്. നുഴഞ്ഞുകയറ്റക്കാരെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ട് നിര്‍ഭാഗ്യവശാല്‍ അതിനെ ഒരു മതേതര വിഷയമായി കാണാനാണ് ആസാമിലെയും പശ്ചിമ ബംഗാളിലെയും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ നരേന്ദ്ര മോദിയുടെ നിലപാട് ഉചിതവും ന്യായയുക്തവുമാണ്. ഒരു നുഴഞ്ഞുകയറ്റക്കാരനും അഭയാര്‍ത്ഥിയും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തന്റെ മതപരമായ വിശ്വാസത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടെയോ പേരില്‍ ക്രൂശിക്കപ്പെടുന്നവനാണ് ഒരു അഭയാര്‍ത്ഥി. എന്നാല്‍ സാമ്പത്തിക നേട്ടത്തിനും അവസരങ്ങള്‍ക്കുമായി മാത്രം അതിര്‍ത്തി കടക്കുന്നവനാണ് ഒരു നുഴഞ്ഞുകയറ്റക്കാരന്. ഈ രണ്ടു വിഭാഗക്കാരെയും ഒന്നായിക്കാണുന്നത് ഭോഷ്കാണ്. ഈ വ്യത്യാസം ഒരു വാസ്തവമാണെന്ന് തിരിച്ചറിയുന്നവര്‍ പോലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല.
കാശ്മീര്‍ വിദ്യാര്‍ത്ഥികളെപ്പറ്റി ഒമര്‍ പറഞ്ഞത്
നോയിഡയില്‍ കാശ്മീരി യുവാക്കള്‍ നേരിട്ട പീഡനത്തിനെതിരെയുള്ള ഒമര്‍ അബ്ദുള്ളയുടെ പ്രതിഷേധം ഭാഗികമായി ശരിയാണ്. എന്നാല്‍ നോയിഡ സംഭവവുമായി നരേന്ദ്ര മോദിയെ ബന്ധപ്പെടുത്തി സംസാരിച്ചത് തികച്ചും തെറ്റാണ്. അത് അദ്ദേഹത്തിന്റെ ദുഷ്ട രാഷ്ട്രീയ താല്പര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
വടക്കുകിഴക്കന്‍ മേഖലയിലും ജമ്മു കാശ്മീരിലുമുള്ള ചെറുപ്പക്കാര്‍ക്ക് ഇന്ത്യയിലെവിടെയും വിദ്യാഭ്യാസം നടത്താനും ജോലി ചെയ്യാനുമുളള അര്‍ഹതയും അവകാശവുമുണ്ട്. അവര്‍ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യപ്പെടണം. ഇത് വികാരപരമായ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കും. വടക്കുകിഴക്കന്‍ മേഖലയിലായാലും ജമ്മു കാശ്മീരിയിലായാലും വ്യക്തിപരമായ ഏതു പീഡനവും അസഹനീയമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഊതിപ്പെരുപ്പിക്കുകയും അതിശയോക്തി കലര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവ ജനമനസ്സില്‍ വലിയ ആഘാതം സൃഷ്ടിക്കും. നിസാര പ്രശ്നങ്ങളുടെ പേരില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കാള്‍ വളരെ വലുതാണ് നമ്മുടെ ദേശീയ ഐക്യവും അഖണ്ഡതയും. അതുകൊണ്ട് നോയിഡ സംഭവത്തിന്റെ പേരില്‍ ഒമര്‍ അബ്ദുള്ള പ്രതിഷേധിക്കുന്നത് ശരിയാണ്. എന്നാല്‍ അതിന്റെ പേരില്‍ നരേന്ദ്ര മോദിയെ അതിലേക്ക് വലിച്ചിഴയ്ക്കുന്നത് വലിയ അപരാധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: