ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ വാരണാസി റാലിക്ക് അനുമതി നിഷേധിച്ചത് ജില്ലാഭരണകൂടം നല്കിയ വിദഗ്ധോപദേശപ്രകാരമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞതോടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമായതായി ബിജെപി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റും ഡിജിപിയും മോദിയുടെ റാലിക്ക് അനുമതി നല്‍കരുതെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതെന്ന് മനസ്സിലായെന്നും ബിജെപി നേതൃത്വം പറഞ്ഞു.
മുസ്ലീംഭൂരിപക്ഷ പ്രദേശമായ ബനിയാബാഗിലെ പരിപാടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞത്. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍ ഇന്നലെ വാരണാസിയില്‍ അണിനിരന്നത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി.
1991ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ബനിയാബാഗെന്നും മോദിയുടെ പരിപാടി സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നും ജില്ലാ ഭരണകൂടം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് മുമ്പു മാത്രമാണ് ബനിയാബാഗില് സംഘര്ഷമുണ്ടായിട്ടുള്ളതെന്ന് പറഞ്ഞ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി, ബനിയാബാഗില് നിരവധി പരിപാടികള്‍ ബിജെപി നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. 450ഓളം റാലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദി ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജമ്മുകാശ്മീരിലും മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിലും റാലികള്‍ വിജയകരമായി നടന്നു. എന്നാല്‍ വാരണാസിയിലെ ബനിയാബാഗില് റാലി നടത്തുന്നതില്‍ മോദിയെ തടഞ്ഞത് ദുരൂഹമാണ്. തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനതത്വങ്ങളുടെ ലംഘനം നരേന്ദ്രമോദിക്കു നേരെ നടന്നതായി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാവിലെ ദല്‍ഹിയിലെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് നടന്ന ബിജെപി പ്രകടനത്തിന് ശേഷം വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്തുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച വാരണാസിയിലെ റിട്ടേണിംഗ് ഓഫീസറെ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിനടുത്തുപോയ രാഹുല്‍ഗാന്ധിയുടെ നടപടിക്കെതിരെ കേസെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വെങ്കയ്യ നായിഡു വിമര്‍ശിച്ചു.
ഇക്കാര്യത്തില്‍ നടപടി വേണമെന്ന ബിജെപിയുടെ ആവശ്യം പിന്നീട് അംഗീകരിച്ച കമ്മീഷന് രാഹുലിനെതിരെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് അറിയിച്ചു. 1982ല്‍ ആന്ധ്രാ മുഖ്യമന്ത്രി അഞ്ചയ്യയെ രാജീവ് ഗാന്ധി അപമാനിച്ചത് അന്നത്തെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നതാണെന്നും അക്കാര്യം മാത്രമാണ് നരേന്ദ്രമോദി പരാമര്‍ശിച്ചതെന്നും വ്യക്തമാക്കിയ വെങ്കയ്യ രാജീവിനെ അപമാനിച്ചെന്ന പ്രിയങ്കയുടെ ആക്ഷേപം തള്ളിക്കളയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: