അമേഠി: രാഹുല്‍ഗാന്ധിയുടെ സ്വന്തം മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. ബുധനാഴ്ച ഇവിടെ വോട്ടെടുപ്പ് നടക്കുമ്പോള്‍ ബുത്തുകള്‍ തോറും കയറിയിറങ്ങുകയായിരുന്നു രാഹുല്‍. വോട്ടഭ്യര്‍ത്ഥിച്ച് ഓടിനടന്ന രാഹുലിന് ചുവടൊന്നിടറി. ബൂത്തുകള്‍ കയറിയിറങ്ങിയ രാഹുലിനെ അവിടുത്തെ വോട്ടര്‍മാര്‍ തടഞ്ഞുവെച്ചു. വോട്ടര്‍മാര്‍ പല ചോദ്യങ്ങളും ഉന്നയിച്ചപ്പോള്‍ രാഹുല്‍ നന്നെ വിഷമിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ഈ പ്രദേശത്ത് രാഹുല്‍ ഇതാദ്യമായാണ് സന്ദര്‍ശിക്കുന്നതെന്ന് നാട്ടുകാരും, പാര്‍ട്ടി പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ പറഞ്ഞു.
അമേഠിയിലെ സിങ്ക്പൂര് ബൂത്തിലായിരുന്നു സംഭവം അരങ്ങേറിയത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് തങ്ങള്‍ രാഹുലിനെ കാണുന്നതെന്ന് 63 കാരിയായ അംബികാസരന് സിംഗ് പറഞ്ഞപ്പോള്‍ ഞാന്‍ ഇവിടെ വന്നിട്ടുണ്ടെന്ന് എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍ ആ മറുപടികൊണ്ട് അവര്‍ തൃപ്തയായില്ല. രാഹുല്‍ ഇന്ന് ഇവിടെ വന്നതുകൊണ്ടുള്ള പ്രയോജനം താങ്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്നും സരന്‍ സിംഗ് പറഞ്ഞു. രാഹുല്‍ പോയതിനുശേഷവും വോട്ടര്‍മാരുടെ പ്രതിഷേധം കെട്ടടങ്ങിയില്ല. കഴിഞ്ഞ 30 വര്‍ഷമായി കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും, എന്നാല്‍ പഴയ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ബോധപൂര്‍വ്വം മറക്കുകയാണെന്നും സരന്സിംഗ് പറഞ്ഞു.
അമേഠിയിലെ മറ്റൊരു ബൂത്തായ ഫൂല ഗയോണില്‍ രാഹുല്‍ ചെന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഒരു പറ്റം യുവാക്കളാണ് പ്രതിഷേധവുമായി ഇവിടെ എത്തിയത്. പ്രദേശത്തെ റോഡുകളേക്കുറിച്ചോ, റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ എന്തെങ്കിലും അറിയാമോ എന്ന് ആക്രോശിച്ചുകൊണ്ടാണ് പര്‍വേശ് ശുക്ല എന്ന യുവാവ് കടന്നുവന്നത്. എന്നാല്‍ യുവാവിനോട് ബിജെപിയില്‍ പോയി ചേരാനായിരുന്നു രാഹുലിന്റെ ആജ്ഞ. ഇതുകേട്ട് ബുത്തിനു പുറത്തു നിന്ന ഒരു പറ്റം യുവാക്കള്‍ നരേന്ദ്രമോദിക്ക് ജയ് വിളിക്കുകയും രാഹുല്‍ ഉടന്‍ ബൂത്തില്‍ നിന്നും പോകണമെന്നും ആവശ്യപ്പെട്ടു.
സഹായി കനിഷ്ക്കസിംഗും മറ്റ് ഉദ്യോഗസ്ഥരുമൊത്താണ് രാഹുല്‍ ബൂത്തുകള്‍ കയറിയിറങ്ങിയത്. വോട്ടര്‍മാരുടെ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് ചോദിച്ചപ്പോള്‍ അവര്‍ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും തന്റെ കുടുംബത്തോടു മാത്രമുള്ള ദേഷ്യമല്ല അവര്‍ പ്രകടിപ്പിക്കുന്നതെന്നും രാജ്യത്തോട് മുഴുവനുമുള്ള ദേഷ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: