ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രഥമപൗരന് വോട്ടിംഗില്‍ നിന്നും വിട്ടുനില്‍ക്കുന്ന കീഴ്വഴക്കം മാറ്റേണ്ടെന്ന് ഒടുവില്‍ പ്രണബ് മുഖര്‍ജിയും തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ പദവിയുടെ നിഷ്പക്ഷത നിലനിര്‍ത്തുന്ന രാഷ്ട്രപതിമാരുടെ പാത തന്നെ പ്രണബ് കുമാര്‍ മുഖര്‍ജിയും പിന്തുടരും.
പോസ്റ്റല്‍ ബാലറ്റുള്പ്പെടെ വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമാക്കിയ ശേഷമാണ് മുന്‍ഗാമികളുടെ പാത പിന്തുടരാന് പ്രണബ്കുമാര്‍ മുഖര്‍ജി തീരുമാനിച്ചത്.
രാഷ്ട്രീയനിഷ്പക്ഷത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി രാഷ്ട്രപതി പ്രണബും വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് പ്രസ് സെക്രട്ടറി വേണു രാജാമണി മാധ്യമങ്ങളെ അറിയിച്ചു. മുന്ഗാമികള്ക്ക് വിരുദ്ധമായി പ്രണബ്കുമാര്‍ മുഖര്‍ജി ഇത്തവണ വോട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി മുന്ഗാമികളില് നിന്നും വ്യത്യസ്തനാകാനായിരുന്നു പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ആദ്യ തീരുമാനം. വോട്ട് ചെയ്യുന്നതിനായി പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും രാഷ്ട്രപതി ഭവന് തയ്യാറാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രസിഡന്റ് നിലപാട് മാറ്റുകയായിരുന്നു.
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന സമയം വോട്ടെടുപ്പില്‍ പങ്കാളിയാകണമെന്നായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിലപാട്. മെയ് 12ന് വോട്ടിംഗ് നടക്കുന്ന തെക്കന്‍ കൊല്‍ക്കത്തയിലെ രാഷ്ബഹാരിയിലാണ് പ്രണബ്കുമാര്‍ മുഖര്‍ജിക്ക് വോട്ടുള്ളത്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രസിഡന്റുമാരില്‍ ഭൂരിപക്ഷവും തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നില്ല. ഇതിനു വിരുദ്ധമായി പ്രണബ് വോട്ട് രേഖപ്പെടുത്തിയാല്‍ അതു ഭാവിയില്‍ വിവാദങ്ങള്‍ക്ക് കാരണമാകുമോയെന്ന രാഷ്ട്രപതിഭവന്റെ സംശയത്തെ തുടര്‍ന്നാണ് പ്രസിഡന്റ് നിലപാട് മാറ്റിയത്.
ശക്തമായ മത്സരം നടക്കുന്ന രാഷ്ബഹാരിയില് മാലാ റോയി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് തഥാഗത റോയി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായും ഇവിടെ ജനവിധി തേടുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി സുബ്രത ബക്ഷി, സിപിഎം സ്ഥാനാര്‍ത്ഥി പ്രൊഫ.നന്ദിനി മുഖര്‍ജി എന്നിവരും മത്സര രംഗത്തുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: