ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അച്ഛന്റെയും മകന്റെയും സര്‍ക്കാരാണെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. അച്ഛന് മുലായംസിംഗ് യാദവാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും, നരേന്ദ്രമോദിക്ക് ഒരു മകനുണ്ടായിരുന്നുവെങ്കില്‍ ഇതു തന്നെയായിരിക്കും അദ്ദേഹവും ചെയ്യുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരു പൊതു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പിന്നീട് അഖിലേഷ് സംസാരിച്ചത്. സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അച്ഛന് മുലായംസിംഗ് യാദവ് കറകളഞ്ഞ നേതാവാണെന്നും അനുഭവസമ്പത്തുള്ള അദ്ദേഹം സമൂഹത്തിനും ഇന്ത്യക്കും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. വികസനത്തിന്റെ വഴിയില്‍ രാജ്യത്തെ നയിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്കു മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ എല്ലാവരും തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നും അഖിലേഷ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: