വാരാണസി: കോണ്‍ഗ്രസിനെ സഹായിക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കി ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കേജ്രിവാള്, കുമാര്‍ വിശ്വാസ്, മനീഷ് സിസോഡിയ എന്നിവര്‍ വാരാണസിയിലെ അവസാന പ്രചാരണ പരിപാടിയില്‍നിന്ന് മുങ്ങി. വാരാണസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൂടിയായ കേജ്രിവാളിന്റെ പിന്മാറ്റം ആംആദ്മി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. അനാരോഗ്യംകൊണ്ടാണ് കേജ്രിവാള് വിട്ടുനിന്നതെന്ന വാദം പാര്ട്ടിക്കാര് അംഗീകരിക്കുന്നില്ല.
കേജ്രിവാള് പ്രകടനത്തിനെത്തുമെന്ന് കരുതി കാത്തിരുന്ന പല പാര്‍ട്ടിക്കാരും രോഷത്തോടെയാണ് കേജ്രിവാള് വരില്ലെന്നറിഞ്ഞ് പ്രതികരിച്ചത്. യോഗേന്ദ്ര യാദവും ജാവേദ് ജഫ്രിയും പ്രകടനം നയിക്കുമെന്നാണ് തീരുമാനിച്ചിരുന്നതെന്ന എഎപി സംസ്ഥാന കോഓര്‍ഡിനേറ്ററുടെ വിശദീകരണം പാര്ട്ടിക്കാര് വിശ്വസിക്കുന്നില്ല. വാരാണസിയില്‍ പറയത്തക്ക ആളുകളൊന്നും ഇല്ലെന്നറിഞ്ഞ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്ത നിരവധിപേര്‍ പ്രകടനത്തിനെത്തിയിരുന്നു. കേജ്രിവാളിന്റെ പിന്മാറ്റം ഇവരെയും നിരാശപ്പെടുത്തി.
പ്രചാരണപ്രവര്‍ത്തനങ്ങളിലും ബഹുജന പിന്തുണയിലും നരേന്ദ്രമോദി ബഹുദൂരം മുന്നിലായിരിക്കെ തങ്ങള്‍ക്ക് ലഭിക്കാവുന്ന കുറേ വോട്ടുകളെങ്കിലും കോണ്‍ഗ്രസിന് പൊയ്ക്കൊള്ളട്ടെ എന്ന എഎപി നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് അരവിന്ദ് കേജ്രിവാളിന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസിനെ സഹായിക്കുന്നതിനു വേണ്ടിയാണ് വാരാണസിയില്‍ കേജ്രിവാള് സ്ഥാനാര്‍ത്ഥിയായതെന്ന ആരോപണം ശരിവയ്ക്കുന്നതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: