കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ ഏക പ്രതീക്ഷ നരേന്ദ്രമോദിയിലാണ്. മോദിതരംഗം സംസ്ഥാനത്ത് ആഞ്ഞുവീശണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആഗ്രഹിക്കുന്നു. തറപറ്റിയ പാര്‍ട്ടിക്ക് ഏതാനും സീറ്റെങ്കിലും കിട്ടണമെങ്കില്‍ മോദി തരംഗത്തിന്റെ ബലത്തില്‍ ബിജെപി പരമാവധി വോട്ട് നേടണം. അതുകൊണ്ടാണ് വിചിത്രമെന്ന് വിചാരിക്കാവുന്ന പ്രതീക്ഷയുമായി സിപിഎം ഇവിടെ കാത്തിരിക്കുന്നത്.
കോണ്‍ഗ്രസും മമതാബാനര്ജിയുമൊക്കെ ബിജെപിയെയും നരേന്ദ്രമോദിയെയും കടന്നാക്രമിച്ചപ്പോഴും ബംഗാളിലെ സിപിഎം നേതൃത്വം അര്‍ത്ഥവത്തായ മൗനം പാലിച്ചത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42 സീറ്റുള്ള ബംഗാളില്‍ സിപിഎമ്മിന് 15 സീറ്റുമാത്രമാണ് ലഭിച്ചിരുന്നത്. അന്ന് തൃണമൂല്‍-കോണ്‍ഗ്രസ് സംഖ്യം 25 സീറ്റുമായി ഒന്നാമതെത്തി. ബിജെപിക്ക് ഒരു സീറ്റ് കിട്ടി. 2009 ല്‍ നിന്നും സിപിഎം കൂടുതല്‍ തകര്‍ച്ച നേരിട്ടുനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ 15 സീറ്റ് നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മമതാബാനര്‍ജി വന്‍ മുന്നേറ്റം നടത്തുമെന്നായിരുന്ന പ്രതീക്ഷിച്ചിരുന്നത്. മമത ബിജെപിയുമായി തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാക്കുമെന്ന വ്യാപക പ്രചരണവും ഉണ്ടായി.
എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ബിജെപി ഒറ്റയ്ക്ക് വന്‍ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് ബംഗാളിലുണ്ടായത്. നരേന്ദ്രമോദി പങ്കെടുത്ത റാലികളിലെല്ലാം വന്‍ ജനക്കൂട്ടം. എല്ലാ മണ്ഡലങ്ങളിലും ബിജെപി നല്ലനിലയില്‍ വോട്ടുനേടുമെന്ന് മാധ്യമങ്ങളും സര്വ്വേഫലങ്ങളുമെല്ലാം വ്യക്തമാക്കുന്നു. കഴിഞ്ഞതവണ 6.41 ശതമാനമാണ് ബിജെപിക്ക് കിട്ടിയ വോട്ടെങ്കില്‍ ഇത്തവണ അത് ഇരട്ടിയിലധികമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സീറ്റ് ആറെണ്ണമെങ്കിലും ഉറപ്പെന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴത്തെ ചിത്രം. ഹൗറ, ശ്രീറാംപൂര്‍, കൃഷ്ണനഗര്‍, ബാര്‍ബ, ഡാര്‍ജിലിംഗ്, ആലിപ്പൂര്‍ ദറാസ് എന്നീ സീറ്റുകളാണ് ബിജെപി വിജയപ്രതീക്ഷ വച്ചിരിക്കുന്നത്. ഇതില്‍ ഡാര്‍ജിലിംഗ് സിറ്റിംഗ് സീറ്റുമാണ്.
ഈ മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്നുതന്നെയാണ് സിപിഎമ്മും കരുതുന്നത്. മറ്റ് മണ്ഡലങ്ങളിലും ബിജെപി വോട്ട് പരമാവധി പിടിക്കണമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇപ്പോഴത്തെ ആഗ്രഹം. ബിജെപി പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്ഗ്രസിന്റേതുമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും ബിജെപിക്ക് വോട്ടുചെയ്യില്ല എന്ന മുന്‍വിധിയും ഇതിനു പിന്നിലുണ്ട്. ബംഗാളില്‍ 20 ശതമാനത്തിലധികം മുസ്ലീങ്ങളുണ്ട്. പാര്‍ട്ടി ശക്തമായിരുന്നപ്പോള്‍ ഇവര്‍ ഒന്നടങ്കം കമ്മ്യൂണിസ്റ്റുകള്ക്കാണ് വോട്ടുചെയ്തിരുന്നത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മുസ്ലീംവോട്ടുകള്‍ ഒറ്റക്കെട്ടായി വീഴാന്‍ തുടങ്ങി. ഇത് പെട്ടെന്ന് തിരിച്ചെത്തുക പ്രയാസമാണെന്ന് സിപിഎം കരുതുന്നു.
അതേസമയം കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും വോട്ടുചെയ്യുന്ന ഹിന്ദുക്കളില്‍ നല്ലശതമാനം ബിജെപിക്ക് ഇത്തവണ വോട്ടുചെയ്താല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടിന്റെ പിന്‍ബലത്തില്‍ നേട്ടം കൊയ്യാമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ബിജെപിയെ കടന്നാക്രമിക്കാത്ത രീതിയിലായിരുന്നു മമതാബാനര്‍ജിയുടെ പ്രചാരണം. സംസ്ഥാനത്ത് ബിജെപി കാര്യമായ ചലനം സൃഷ്ടിക്കില്ലെന്ന ധാരണയായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ നരേന്ദ്രമോദി പ്രചരണ കൊടുങ്കാറ്റഴിച്ചുവിട്ടപ്പോള് ബംഗാളിലും അതിന്റെ ശക്തമായ അലകളുണ്ടായി. ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചാല്‍ മുസ്ലീംവോട്ടുകള്‍ കൈവിടുമോയെന്ന പേടിമൂലം മമത തെരഞ്ഞെടുപ്പ് വേദികളില്‍ മോദിയെയും ബിജെപിയെയും കടന്നാക്രമിക്കുകയായിരുന്നു. മമതയുടെ ആരോപണങ്ങള്‍ക്ക് ഓരോഘട്ടത്തിലും വ്യക്തമായ മറുപടി നല്കി ബിജെപി നിലപാട് വ്യക്തമാക്കുകയും ചെയ്തു. മമതാബാനര്‍ജിയെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു നരേന്ദ്രമോദി ബംഗാളില്‍ നടന്ന പ്രചാരണ റാലികളില്‍ സംസാരിച്ചത്.
ബംഗാളില്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് തുടക്കംമുതല്‍ തിരിച്ചടിയായിരുന്നു. അണികള്‍ മാത്രമല്ല നിരവധി എംഎല്‍എ മാര്‍ പോലും ഇടതുമുന്നണി വിട്ട് തൃണമൂലില്‍ ചേര്‍ന്നു. ഇതില്‍ രണ്ടുപേര്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളുമായി. പാര്‍ട്ടിയുടെ മുസ്ലീം മുഖമായിരുന്ന അബ്ദുല്‍റസാഖ് മൊല്ലയും ഗോത്രവര്ഗ്ഗമുഖമായി കരുതിയിരുന്ന ദശരഥ് ടര്‍ക്കിയും പാര്‍ട്ടിവിട്ടത് വന്‍ തിരിച്ചടിയാണ് സിപിഎമ്മിന് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടി കോട്ടയായിരുന്ന ബംഗാളില്‍ പല മണ്ഡലങ്ങളിലും ഇത്തവണ പാര്‍ട്ടിക്കും മുന്നണിക്കും കാര്യമായ പ്രചാരണം നടത്താന്‍പോലും കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥയില്‍ മോദിയുടെ പ്രചരണ തരംഗം തങ്ങള്‍ക്ക് സീറ്റ് നേടിത്തരുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: