കാണ്‍പൂര്‍: ബിജെപിക്ക് അനുകൂലമായി വമ്പന്‍ തരംഗമുണ്ടെന്നും ആ തരംഗത്തിന്റെ തലപ്പത്തു നരേന്ദ്ര മോദിയാണെന്നും ബിജെപി നേതാവ് ഡോ. മുരളീ മനോഹര്‍ ജോഷി. “രാജ്യത്ത് മാറ്റത്തിനു വേണ്ടിയുള്ള വമ്പന്‍ തരംഗമുണ്ട്. ബിജെപിക്ക് അനുകൂലമാണ് ആ തരംഗം. ആ തരംഗത്തിന്റെ തലപ്പത്തുള്ളത് നരേന്ദ്ര മോദിയാണ്,” മോദി തരംഗത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അര്ദാലി ബാസാര്‍ മേഖലയില്‍ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്കു വേണ്ടി വാരാണസി സീറ്റു നല്കുന്നതില് ഡോ. ജോഷി വിമുഖനായിരുന്നുവെന്നും ജോഷിയും മോദിയും തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലെന്നും രാജ്യത്ത് മോദി തരംഗമില്ലെന്നു ജോഷി അഭിപ്രായപ്പെട്ടെന്നും മറ്റും പ്രചരിപ്പിച്ചവരുടെ നടപടികള്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഡോ. ജോഷിയുടെ അഭിപ്രായങ്ങള്‍.
“ബിജെപിയും മോദിയും ഇപ്പോള്‍ മികച്ച കൂട്ടുകെട്ടാണ്. സമുദ്രവും തിരയും പോലെ. സമുദ്രമില്ലാതെ തിരയില്ല. തിരയില്ലാതെ സമുദ്രത്തിനെ സമുദ്രമായി തിരിച്ചറിയാനാവില്ല. അതുകൊണ്ട് ഇതൊരു മികച്ച കൂട്ടുകെട്ടാണ്. പരസ്പരാശ്രിതത്വമുള്ള കൂട്ടുകെട്ട്,” ജോഷി വിശദീകരിച്ചു.
“സമുദ്രം എത്ര ശക്തമാണോ അത്രയും ഉയരമുണ്ടാകും തിരമാലക്ക്. അതിനാല്‍ തരംഗം എത്ര ഉന്നതമാകണമോ അത്രയും ശക്തവും ഊര്ജ്ജസ്വലവുമാകണം സമുദ്രം. ഇത് അതി ശക്തമായ ബിജെപിയെ അത്രയുംതന്നെ ശക്തിയുള്ള മോദി നയിക്കുന്ന കാലമാണ്,” ജോഷി പറഞ്ഞു.
“സമുദ്രത്തില്‍ വന്‍ തിരമാലയടിക്കുമ്പോള്‍ അത് മേറ്റ്ല്ലാറ്റിനേയും അധികരിക്കും. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ മോദി ആ ഉന്നത തരംഗത്തിന്റെ മുകളിലിരിക്കുകയാണ്. അദ്ദേഹം ആ തരംഗത്തെ നയിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് മോദി നയിക്കുന്ന ബിജെപിയും മറ്റുള്ളവരും തമ്മിലുള്ള മത്സരമാണ്.
വ്യക്തിപരമായ പോരാട്ടമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ജയിക്കുന്നത്. ധോണി ക്യാപ്റ്റനായ ഇന്ത്യയുടെ ടീം ജയിക്കുമ്പോള്‍ അതിന്റെ ക്രഡിറ്റ് ധോണിക്കു മാത്രമല്ല, മുഴുവന്‍ ടീം അംഗങ്ങള്‍ക്കുമാണ്,” ജോഷി പറഞ്ഞു. മാധ്യമങ്ങള്‍ ഒപ്പിക്കല്‍ ചോദ്യം ചോദിച്ച് താനുള്‍പ്പെടെയുള്ള നേതാക്കളെ കൊണ്ട് പറയിച്ച് ബിജെപിക്കുള്ളില്‍ ഭിന്നതയുണ്ടെന്നു വരുത്താന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ ജോഷി പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: