ന്യൂദല്‍ഹി: വ്യക്തിയെന്ന നിലയില്‍ ബുദ്ധിമാനും പണ്ഡിതനുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. എന്നാല്‍ ഒരു മികച്ച നേതാവാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, ജെയ്റ്റ്ലി പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന മന്‍മോഹന്‍സിംഗിനെക്കുറിച്ച് ജെയ്റ്റ്ലി തന്റെ ബ്ലോഗിലൂടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ പല പരാജയങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ ബുദ്ധിമാനും പണ്ഡിതനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിത്വം ഉന്നത നിലവാരത്തിലുള്ളതാണ്. എല്ലാ വിഷയത്തിലും നല്ല പാണ്ഡിത്യമാണ് അദ്ദേഹത്തിനുള്ളത്. ഏതൊരു വിഷയവും വിശദമായി പഠിച്ചതിനുശേഷമേ അത് അവതരിപ്പിക്കാറുള്ളൂ.
രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഒരിക്കലും അദ്ദേഹം നേതാവിനെപ്പോലെയായിരുന്നില്ല. ഈ കാരണം കൊണ്ടു തന്നെയാണ് മികച്ച നേതാവാകാത്തത്.
നിയന്ത്രിതമായ അധികാരത്തിന്റെ കുപ്പായമാണ് താന്‍ ധരിച്ചിരിക്കുന്നതെന്ന് മന്മോഹന്സിംഗിന് അറിയാമായിരുന്നു. പാര്‍ട്ടിയും പാര്‍ട്ടിയെ നയിക്കുന്ന കുടുംബവുമായിരുന്നു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും തീരുമാനമെടുത്തിരുന്നത് ദേശീയ ഉപദേശക സമിതിയോ, രാഹുല്‍ഗാന്ധിയോ ആയിരുന്നു. ഏതെങ്കിലും എതിര്‍പ്പു പറയാതെ പ്രധാനമന്ത്രി തീരുമാനങ്ങള്‍ അംഗീകരിച്ചു.
അവ ഭരണത്തെ കാര്യമായി ബാധിച്ചു. ഭരണനിര്‍വ്വഹണത്തില്‍ അദ്ദേഹമായിരുന്നില്ല അവസാന വാക്ക്. എന്തായാലും മന്‍മോഹന്‍സിംഗിനെ ചരിത്രം ഓര്‍ക്കുക വ്യത്യസ്തമായി തന്നെയായിരിക്കും.
പൊതുരംഗത്ത് കൂടുതല്‍ കാലം സേവനമനുഷ്ഠിക്കാനും മികച്ച ആരോഗ്യം ഉണ്ടാകുവാനും താന്‍ ആശംസിക്കുകയാണ്.
ഒരു പക്ഷെ മന്മോഹന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുസ്തകരൂപത്തില്‍ എഴുതാന്‍ തീരുമാനിച്ചാല്‍ 1991 മുതല്‍ 96 വരെയുള്ള അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് വായിക്കാനായിരിക്കും താന്‍ ആഗ്രഹിക്കുകയെന്നും ജെയ്റ്റ്ലി തന്റെ ബ്ലോഗില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: