ഷില്ലോങ്ങ്: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റും മുന്‍ ലോക്സഭാ സ്പീക്കറുമായ പി.എ. സാംഗ്മ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച രാവിലെ ഗാന്ധിനഗറിലുള്ള മോദിയുടെ വീട്ടിലെത്തിയാണ് സാംഗ്മ കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്ന നിലയിലാണ് സാംഗ്മ മോദിയെ സന്ദര്‍ശിച്ചതെന്ന് പാര്‍ട്ടി വക്താവും സാംഗ്മയുടെ മകനുമായ ജെയിംസ് കെ.സാംഗ്മ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് ഔദ്യോഗികമായി തന്നെയുള്ള കൂടിക്കാഴ്ച്ച ആയിരുന്നു. എന്നാല്‍ തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ച്ചയായിരുന്നുവെന്ന് ജെയിംസ് സാംഗ്മ കൂട്ടിച്ചേര്‍ത്തു. എക്സിറ്റ്പോള്‍ ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, അച്ഛന് മത്സരിക്കുന്ന മണ്ഡലം ഉള്‍പ്പെടെ എന്‍പിപി എല്ലായിടത്തും വിജയിക്കുമെന്നായിരുന്നു ജെയിംസ് സാംഗ്മയുടെ മറുപടി. പാര്‍ട്ടി പരാജയപ്പെടുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, എന്നാല്‍ ഷില്ലോങ്ങ് മണ്ഡലത്തില്‍ ഒരുപക്ഷെ കോണ്‍ഗ്രസ് പരാജയപ്പെട്ടേക്കുമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. മേഘാലയിലെ തൂറ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികൂടിയായ സാംഗ്മ 2008-ല്‍ എംപി സ്ഥാനം രാജിവെച്ചിരുന്നു. സാംഗ്മയുടെ മകള്‍ അഗത രണ്ട് തവണ ഇവിടെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2012-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്‍സിപി വിട്ട സാംഗ്മ 2013 ജനുവരി 5-ന് എന്‍പിപി എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: