ന്യൂദല്‍ഹി: ബിജെപിക്കനുകൂലമായ തരംഗം രാജ്യത്തുണ്ടാകുമെന്നുറച്ച് നരേന്ദ്രമോദിക്കു പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുന്നു. ഒറീസയിലെ ബിജു ജനതാദളും തമിഴനാട്ടിലെ എഐഎഡിഎംകെയും നരേന്ദ്രമോദിക്കും ബിജെപിക്കും പിന്തുണ പ്രകടിപ്പിച്ചപ്പോള്‍ എന്‍ഡിഎ പ്രവേശനം സ്വപ്നം കണ്ട് എന്‍സിപിയും രംഗത്തെത്തി. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയും ബിജെപി സഖ്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്ന ആത്മവിശ്വാസത്തില്‍ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ചകളുമായി ബിജെപി ദേശീയ നേതൃത്വവും മുന്നോട്ട് പോകുകയാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായക് എന്‍ഡിഎ സഖ്യത്തിലേക്കില്ലെന്ന പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞു. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നാണ് ബിജെഡിയുടെ നിലപാട്. ഒറീസയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം എന്‍ഡിഎ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പുറത്തുനിന്നും പിന്തുണയ്ക്കുമെന്ന് ബിജെഡി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് എഐഎഡിഎംകെ നേതൃത്വം രംഗത്തെത്തെയതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയ ജയലളിത എക്സിറ്റ് പോള്‍ ഫലത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടുവിചാരത്തിന് തയ്യാറായത്. ഇന്നലെ നടന്ന എഐഎഡിഎംകെ ഉന്നത തല യോഗത്തിലും എന്‍ഡിഎയുമായുള്ള സഖ്യചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു.
യുപിഎയുടെ ഭാഗമായി തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി എന്‍സിപി എന്‍ഡിഎ സഖ്യത്തിലെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. എന്‍ഡിഎയ്ക്ക് പുറത്തുനിന്നും പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ജയലളിത, മായാവതി, മമത ബാനര്‍ജി എന്നിവരുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സ്ഥിരതയുള്ള സര്‍ക്കാരാണ് എന്‍സിപി ആഗ്രഹിക്കുന്നതെന്ന പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവനയും എന്സപിയുടെ ആഗ്രഹം വ്യക്തമാക്കുന്നു.
ബിജെപി നേതൃത്വം ഇത്തരം അനൗപചാരിക ചര്‍ച്ചകളില്‍ പങ്കാളിയല്ലെങ്കിലും സഖ്യസാധ്യതകള്‍ തേടുന്ന രാഷ്ട്രീ പാര്‍ട്ടികളെ നിരുല്സാഹപ്പെടുത്തുന്നില്ല. മെയ് 16ന് ഫലം പുറത്തുവന്നതിനു ശേഷം മാത്രം എന്‍ഡിഎയ്ക്ക് പുറത്തുനിന്നുള്ള കക്ഷികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്.
എന്നാല്‍ നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെയാവണം, മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങളിലെ നിലപാട് എന്താകണം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി ദേശീയ നേതൃത്വം നടത്തുന്നുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാന തസ്തികകളിലേക്ക് എത്തണമെന്ന നിലപാട് പാര്‍ട്ടി നേതൃത്വം അവരോട് വ്യക്തമാക്കിയിട്ടുണ്ട്.
വിദേശകാര്യമന്ത്രിസ്ഥാനത്തേക്ക് സുഷമാ സ്വരാജ് വരണമെന്നാണ് ബിജെപി നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് സൂചന. രാജ്നാഥ് സിംഗ് പ്രതിരോധമന്ത്രാലയത്തിലേക്കും അരുണ്‍ ജെയ്റ്റ്ല് ധനമന്ത്രാലയത്തിലേക്കും എത്തിയേക്കും. ആഭ്യന്തരമന്ത്രിപദം പ്രധാനമന്ത്രി തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറിന്റെ പേരുള്‍പ്പെടെ ആഭ്യന്തരമന്ത്രിപദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്, മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ നരേന്ദ്രമോദിയുമായി ഇന്നലെ ഗാന്ധിനഗറില്‍ കൂടിക്കാഴ്ച നടത്തി. മെയ് 16ന് ഫലപ്രഖ്യാപനം വന്നശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യത്തോടെയുള്ള നിലപാടുകള്‍ക്കാണ് ദേശീയ നേതൃത്വം പ്രധാന്യം കല്‍പ്പിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: