തലശ്ശേരി/പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി സിപിഎം തൃക്കടാരിപ്പൊയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി മാലൂരിലെ കുരുമ്പേരി തരിപ്പ് പ്രഭാകരനെ ജില്ലാ സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
യുഎപിഎ -19, കൊലപാതകം – 302, സ്ഫോടനം- ഇഎസ് ആക്ട് 3, 5 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പ്രതിയെ മുഖംമൂടി ധരിപ്പിച്ചാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ രാവിലെ 10.45 ഓടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് പോലീസ് എത്തിക്കുമ്പോഴും മുഖംമൂടി ധരിപ്പിച്ചിരുന്നു. ഒക്ടോബര്‍ 4 വരെയാണ് ഇയാളെ റിമാന്റ് ചെയ്തിരിക്കുന്നത്. ഇതോടെ മനോജ് വധക്കേസില്‍ സിപിഎമ്മുകാരായ മൂന്ന് പ്രതികള്‍ റിമാന്റിലായിക്കഴിഞ്ഞു. മുഖ്യപ്രതി വിക്രമനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വിക്രമന് ഒളിവില്‍ പോകാന്‍ സഹായം നല്‍കുകയും സംരക്ഷണം നല്‍കുകയും ചെയ്ത ചപ്ര പ്രകാശനാണ് റിമാന്റിലുള്ള മറ്റൊരാള്‍. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വിക്രമനെ കാണാന്‍ അനുമതി തേടിയ വക്കീലിന് 24 ന് ബുധനാഴ്ച ഒരു മണിക്കൂര്‍ കോടതി സമയം അനുവദിച്ചു. രണ്ട് ദിവസം വാദം കേട്ട ശേഷമാണ് അനുമതി. കഴിഞ്ഞ 11 നാണ് വിക്രമന് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങിയത്. വിക്രമന്റെ അഭിഭാഷകന് അഡ്വ.വിശ്വന്റെ അപേക്ഷ പ്രകാരമാണ് അനുമതി. അതേസമയം കേസിലെ മറ്റ് പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി.
പ്രഭാകരന്റെ അറസ്റ്റോടെ കൃത്യത്തില്‍ പങ്കാളികളായവരെക്കുറിച്ച് ക്രൈംബാഞ്ചിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാലൂര്‍ ഭാഗത്തുള്ള മറ്റു മൂന്നുപേരും പുതിയനിരത്ത്, കതിരൂര്‍, വേറ്റുമ്മല്‍ മേഖലയിലെ ചിലരും കൃത്യത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി സംശയമുള്ള സ്ഥലങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പരിശോധന നടത്തി. മൂന്നാംപീടിക, വട്ടോളി, കോട്ട ഭാഗങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. ഇന്നലെ തലശ്ശേരിയിലെത്തിയ എഡിജിപി അനന്തകുമാറിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നു. പ്രതികള്‍ക്കായുളള തെരച്ചിലും ഗൂഡാലോചന ഉള്‍പ്പെടെയുളള അന്വേഷണവും കൂടുതല്‍ ശക്തമാക്കാന്‍ എഡിജിപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇന്നലെ ജില്ലയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എഡിജിപിയുമായി കേസിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: