കണ്ണൂര്‍: അനിവാര്യമായ സാഹചര്യത്തിലാണ് ചില നികുതികള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിയമസഭ ചേരാത്ത സമയങ്ങളില്‍ വേണ്ടിവരുന്ന നിയമനിര്‍മാണത്തിനുളള അധികാരം ഭരണഘടന പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേരളത്തില്‍ ആദ്യമായല്ല ഓര്‍ഡിനന്‍സ് വഴി നികുതി വര്‍ധന നടപ്പാക്കുന്നത്. നിയമസഭയെ മറികടക്കാനുളള ഉദ്ദേശ്യവും സര്‍ക്കാരിനില്ല. ഭരണഘടന അനുശാസിക്കും വിധമുളള സമയപരിധിക്കകം നിയമസഭ വിളിച്ചുചേര്‍ത്ത് അനുമതി തേടുമെന്നും മന്ത്രി അറിയിച്ചു.
കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ മാന്ദ്യവിരുദ്ധ പാക്കേജിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ 1500 കോടിയുടെ പദ്ധതിക്ക് പണം കൊടുത്തത് ഈ സര്‍ക്കാരാണ്. പുതിയ നികുതി വര്‍ധന വഴി 1000-1500 കോടിയും ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെ 2500 കോടിയും നികുതി കുടിശ്ശിക പിരിവ് വഴി 1200 കോടിയും സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടിശ്ശിക പിരിവിന് ജില്ലകളില്‍ ഓരോ മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ തീവ്രശ്രമം നടത്തും.
അധിക വിഭവ സമാഹരണം സംബന്ധിച്ച് പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വരുമാനം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇതുമായി പ്രതിപക്ഷം സഹകരിക്കണം. നികുതി നിഷേധം പോലുളള സമരങ്ങളില്‍ നിന്ന് പിന്മാറണമെന്നും നികുതി ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് അത് പിരിക്കാനും അറിയാമെന്നും മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: