മലയാള സാഹിത്യത്തിലെ അതിനൂതന പ്രവണതകള്‍ക്കിടയിലും മായ്ക്കാനാവാതെ, മറക്കാനാകാതെ സൂര്യതേജസ്സോടെ വിളങ്ങുന്ന കേരള കാളിദാസനെന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്. സാഹിത്യത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. സപ്തംബര്‍ 22 അദ്ദേഹത്തിന്റെ നൂറാം ചരമവാര്‍ഷികദിനമാണ്.
കേരള വര്‍മ വലിയകോയിത്തമ്പുരാന്, സാഹിത്യലോകത്തെ ശുഭ്രനക്ഷത്രമായി ഉദിച്ചുയര്‍ന്ന വ്യക്തിത്വം. അദ്ദേഹം പിന്നിട്ട വഴികള്‍ കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. നിരപരാധിയായിരുന്നിട്ടും ഒരുവേള രാജകോപത്തിനുവരെ പാത്രമായി. അദ്ദേഹത്തില്‍ അന്തര്‍ലീനമായ സാഹിത്യാഭിരുചിയ്ക്ക് ആ അനുഭവങ്ങള്‍ കൂടുതല്‍ കരുത്തുപകര്‍ന്നു.
ഹൈദരാലിയുടെ പടയോട്ടത്തില്‍ പിടിച്ചു നില്ക്കാനാവാതെ കേരളത്തിന്റെ തെക്കോട്ട് പ്രയാണം ചെയ്ത പരപ്പനാട്ട് രാജവംശത്തിന് അഭയം നല്‍കിയത് തിരുവിതാംകൂര്‍ രാജവംശമായിരുന്നു. ചങ്ങനാശ്ശേരിയില്‍ ലക്ഷ്മീപുരം കൊട്ടാരത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി അവരെ താമസിപ്പിച്ചു. 1845 ഫെബ്രുവരി 19 ന് ദേവിയമ്മതമ്പുരാട്ടിയുടേയും മുല്ലപ്പള്ളി നമ്പൂതിരിയുടേയും മകനായി കേരള വര്‍മ ജനിച്ചു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അച്ഛന് രാജരാജവര്‍മ്മ, കേരളവര്‍മ്മയുടെ അമ്മാവനായിരുന്നു. പത്താം വയസ്സില്‍ രാജരാജവര്‍മ്മ അനന്തിരവനെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
നാലുവര്‍ഷത്തോളം സംസ്കൃതകാവ്യങ്ങള്‍, വ്യാകരണം, ഇംഗ്ലീഷ് ഭാഷ ഇവ പഠിപ്പിച്ചു. പിന്നീട് തര്‍ക്കം, വ്യാകരണം, വേദശാസ്ത്രം, ഇംഗ്ലീഷ് എന്നിവ പ്രഗത്ഭരായ അദ്ധ്യാപകരില്‍ നിന്ന് പഠിച്ചു. സുബ്ബാദീക്ഷിതര്‍, ശ്രീനു അയ്യങ്കാര്‍, ഇലന്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍, കൊട്ടാരം വൈദ്യന് സോ വെയറിംഗ്, അണ്ണാജിരായര്‍ തുടങ്ങിയ പ്രഗത്ഭര്‍ അന്ന് കൊട്ടാരത്തില്‍ സേവകരായുണ്ടായിരുന്നു.
തിരുവിതാംകൂര്‍ കൊട്ടാരത്തിലേയ്ക്ക് ദത്തെടുത്ത രണ്ടുപേരില്‍ മൂത്ത രാജകുമാരിയായ ലക്ഷ്മിഭായിയെ 14-ാം വയസ്സില്‍ വിവാഹം ചെയ്തു. അന്നുമുതലാണ് വലിയകോയിത്തമ്പുരാനായത്.
തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍, മാധവറാവു, യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പമുള്ള സഹവാസം ഇംഗ്ലീഷ് ഭാഷാജ്ഞാനത്തിനും ലോക പരിജ്ഞാനത്തിനും വഴിതെളിച്ചു.
തിരുവനന്തപുരത്ത് അയ്യാ സ്വാമികളുമായുള്ള സമ്പര്‍ക്കം ആദ്ധ്യാത്മിക ഉന്നതിയിലേക്കുള്ള പാത തുറന്നു. സംഗീതത്തില്‍ പ്രത്യേകിച്ച് വീണയില്‍ പ്രാവീണ്യം നേടി. സഹോദരനായ രാജരാജവര്‍മ്മയായിരുന്നു വീണയില്‍ ആദ്യഗുരു. പിന്നീട് സ്വപ്രേയസിയായ ലക്ഷ്മീഭായി, ആസ്ഥാനവിദ്വാന്മാരായിരുന്ന വെങ്കിടാദ്രിഭാഗവതര്, കല്യാണ കൃഷ്ണ ഭാഗവതര്‍ ഇവരും ഗുരുക്കന്മാരായി. ലളിത കലകള്‍ കൂടാതെ, കുതിരസവാരി, കായികാഭ്യാസം, മല്ലയുദ്ധം, നായാട്ട്, ആയുധ പ്രയോഗം, ചതുരംഗം ഇവയിലും നിപുണനായിരുന്നു.
ഉത്രം തിരുനാള്‍ നാടുനീങ്ങിയശേഷം ആയില്യം തിരുനാള്‍ രാജാവായി. അതിനുശേഷം ആദ്യം വന്ന ജന്മദിനത്തില് തിരുന്നാള്‍ പ്രബന്ധം കാഴ്ചവച്ചു. സംസ്കൃത ചമ്പുവില്‍ നടത്തിയ ദ്രുത കവനം ആയിരുന്നു അത്. പിന്നീട് നക്ഷത്രമാല, തുലാഭാരശതകം, പാദാരവിന്ദശതകം ഇവയും രാജാവിന് സമര്‍പ്പിച്ചു. ഏകദേശം 20 വയസ്സായപ്പോള്‍ ലക്ഷ്മീപുരത്തുനിന്നും കാര്‍ത്തികപ്പള്ളി കൊട്ടാരത്തിലേയ്ക്ക് മാറിത്താമസിച്ചു. അഞ്ചാറു വര്‍ഷങ്ങള്‍ക്കുശേഷം ഹരിപ്പാട് അനന്തപുരം കൊട്ടാരം പണിത് 1871-ല്‍ അവിടേയ്ക്ക് താമസം മാറ്റി.
143 വര്‍ഷത്തിനുശേഷവും ഈ കൊട്ടാരവും പരിസരവും അതുപോലെനിലനില്ക്കുന്നു.
1866ല്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസ നവീകരണത്തിന്റെ കാലഘട്ടമായിരുന്നു. ആയില്യം തിരുനാള്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് പാഠപുസ്തക രചനയ്ക്ക് തുടക്കം കുറിച്ചു. ആ കമ്മിറ്റിയില്‍ ഒരംഗമായിരുന്നു കേരളവര്‍മ്മ തമ്പുരാന്. അടുത്തവര്‍ഷം കമ്മറ്റിയുടെ അദ്ധ്യക്ഷനായി. സന്മാര്ഗ്ഗ സംഗ്രഹം, വിജ്ഞാന രഞ്ജിനി ഇവ പാഠപുസ്തകങ്ങളായിത്തീര്ന്നു. ധനതത്വ നിരൂപണം, രണ്ടാംപാഠം, മൂന്നാം പാഠം ഇവയും അച്ചടിപ്പിച്ചിരുന്നു.
27-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ആയില്യം തിരുനാളും, രാജകുമാരനായ വിശാഖം തിരുനാളും നല്ല രസത്തിലായിരുന്നില്ല. മഹാരാജാവിന്റെ കൂടെ ഒരു വടക്കേ ഇന്ത്യന്‍ യാത്ര കഴിഞ്ഞുവന്നശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മാധവരായര്‍ അന്തരിച്ചശേഷം ദിവാനായിവന്ന ശേഷയ്യാശാസ്ത്രി, വിശാഖം തിരുനാള്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന് ഇവര്‍ ആത്മമിത്രങ്ങളായിരുന്നു. മറ്റുരണ്ടുപേരോടുമുള്ള പക തീര്‍ത്തത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനോടായിരുന്നു. 30-ാം വയസ്സില്‍ 1875ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി തമ്പുരാനെ ആലപ്പുഴ കൊട്ടാരത്തില്‍ തടങ്കലിലാക്കി. രാജാവ,് ദിവാന് അപായമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ആരോ കത്തയച്ചതില്‍ കൈപ്പടകണ്ട് അത് കേരളവര്മ്മയുടെതാണെന്ന് തെറ്റിദ്ധരിച്ചതാണ് കാരണം. കേരളവര്‍മ്മയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യാന്‍പോലും ലക്ഷ്മീഭായിയോട് പറയത്തക്ക വിരോദ്ധമുണ്ടായിരുന്നു എന്നതാണ് വസ്തുത.
ആലപ്പുഴയിലെ തടങ്കലിനുശേഷം ചില നിബന്ധനകളോടെ തറവാടായ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ താമസിക്കാന്‍ അനുവാദമായി.”ക്ഷമാപണ സഹസ്രം”എന്ന കാവ്യമെഴുതി രാജാവിനയച്ചു. അത് കണ്ടതായിപ്പോലും രാജാവ് നടിച്ചില്ല. ഇതില്‍ വിഷമിച്ചാണ് ‘യമപ്രണാമശതകം’ രചിച്ചതത്രെ. 48-ാമത്തെ വയസ്സില്‍ ആയില്യം തിരുനാള്‍ നാടുനീങ്ങി. തുടര്‍ന്ന് വിശാഖം തിരുനാള്‍ രാജാവായി അധികാരമേറ്റു.
സുഹൃത്തായിരുന്ന വിശാഖം തിരുനാള്‍ കേരളവര്‍മ്മയെ ഉടനെ മോചിതനാക്കി. ടെക്സ്റ്റ്ബുക്ക് കമ്മറ്റിയുടെ ചെയര്‍മാനാക്കി. ‘അക്ബര്‍’ എന്ന പുസ്തകം ഇംഗ്ലീഷ് ഭാഷയില്‍ നിന്നും പരിഭാഷപ്പെടുത്തി. മഹച്ചരിത സംഗ്രഹം, സന്മാര്ഗ്ഗ വിവരണം, സന്മാര്ഗ്ഗ പ്രദീപം, ലോകത്തിന്റെ ശൈശവം ഇവയെല്ലാം എഴുതിയത് ഇക്കാലത്താണ്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ‘കേരളീയഭാഷാ ശാകുന്തളം’എന്ന പേരില്‍ വിദ്യാവിലാസിനിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയും 1882 ല്‍ അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെ മലയാളത്തിലെ ആദ്യനാടകം പിറന്നു. ഇത് നാടകവേദിയില്‍ അവതരിപ്പിച്ചതോടെ മലയാള നാടകവേദിയില്‍ പുതുയുഗം പിറവി കൊണ്ടു. ‘വിശാഖവിജയം’ രാജാവിനെ പ്രകീര്‍ത്തിച്ചുകൊണ്ടും സ്വാനുഭവങ്ങള്‍ പങ്കവെച്ചുകൊണ്ടുള്ള മഹാകാവ്യമായിരുന്നു.
സാഹിത്യ പ്രവര്‍ത്തനത്തിലെ വലിയൊരു നേട്ടമായിരുന്നു ഗ്രന്ഥശാല പരിഷ്കാരം. അമൂല്യ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുക, പ്രസിദ്ധീകരിക്കുക, അപൂര്‍വ്വ ഗ്രന്ഥശേഖരണം ഇവയെല്ലാമായിരുന്നു പ്രവര്‍ത്തനങ്ങള്‍. ശുകസന്ദേശം, മേല്‍പ്പത്തൂരിന്റെ മാടരാജപ്രശസ്തി, രാമപുരത്തുവാര്യരുടെ ഭാഷാഷ്ടപദി ഇവയെല്ലാം പ്രസിദ്ധീകരിച്ചു.
1885-ല്‍ വിശാഖം തിരുനാള്‍ നാടുനീങ്ങിയത് കേരളവര്‍മക്ക് ഒരാഘാതമായിരുന്നു. 1889-ല്‍ സംസ്ക്യതപാഠശാലയുടെ ഭരണാധികാരം കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു.
1889 ല്‍ കണ്ടത്തില്‍ വറുഗ്ഗീസ്മാപ്പിള ആരംഭിച്ച ദിനപത്രത്തിന് മലയാള മനോരമയെന്ന പേരിട്ടത് കേരളവര്മ്മയായിരുന്നവെന്ന് അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്ന് മനസ്സിലാകുന്നു. ഈ കൂട്ടുകെട്ട് ഭാഷയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കി. ഭാഷാപോഷിണി ഈ കൂട്ടുകെട്ടിന്റെ ഫലമാണ്. മലയാളഭാഷാകൃതികള് രചിയ്ക്കാന്‍ തമ്പുരാനെ പ്രേരിപ്പിച്ചസംഭവങ്ങളായിരുന്നു ഇവ. ഇതിന്റെ ഫലമാണ് മയൂരസന്ദേശം.
അനന്തരവനുമായുള്ള പ്രാസ സംവാദം, ചേരിതിരിഞ്ഞു നടത്തിയ ഭാഷാകൃതികളുടെ രചന ഇവ പരസ്പര വിദ്വേഷത്തിനല്ല, മറിച്ച് മലയാളഭാഷയുടെ പുരോഗതിയ്ക്കാണ് വഴിവെച്ചത്. വാര്‍ദ്ധക്യം മിക്കവാറും സാഹിത്യരചനയില്ത്തന്നെ മുഴുകി. നാല്‍പ്പതോളം സംസ്കൃതകാവ്യങ്ങളും, മുപ്പതോളം മലയാളകൃതികളും രചിച്ചു. ആ ധന്യജീവിതം 1914 സപ്തംബര്‍ 22 ന് ഇഹലോകം വെടിഞ്ഞു. അനന്തരവനായ എ.ആര്. രാജരാജവര്‍മ്മയുമൊത്ത് കാറില്‍ യാത്ര ചെയ്യവേ കായംകുളത്തിനടുത്ത് കുറ്റിത്തെരുവില്‍ വച്ചുണ്ടായ കാറപകടത്തില്‍ സാരമായി പരിക്കേറ്റ കേരളവര്മ്മത്തമ്പുരാന് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദേഹം വെടിയുകയായിരുന്നു.
കേരളകാളിദാസ സ്മാരകസമിതി എന്ന പേരില്‍ അനന്തപുരം കൊട്ടാരം കേന്ദ്രമാക്കി ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കേരളവര്‍മ്മ തമ്പുരാന്റെ പ്രകാശിപ്പിക്കാത്ത ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുക, ആവശ്യമെന്നു തോന്നുന്നവ പുന:പ്രകാശിപ്പിക്കുക, കാളിദാസ സ്മാരക അവാര്‍ഡ് സ്മാരക മന്ദിരം തുടങ്ങി പല പ്രവര്‍ത്തനങ്ങളും ഈ സംഘടന ലക്ഷ്യം വയ്ക്കുന്നു. നൂറു വര്‍ഷത്തിനിപ്പുറം പച്ച പിടിച്ചു നില്ക്കുന്ന ഓര്‍മ്മകളുമായി, അദ്ദേഹം നാലു വര്‍ഷത്തില്‍ കൂടുതല്‍ വീട്ടുതടങ്കലില്‍ കിടന്ന, തറവാടായ അനന്തപുരം കൊട്ടാരത്തില്‍ എല്ലാവര്‍ഷവും ജന്മദിനാഘോഷം, ചരമവാര്‍ഷികാചരണം ഇവ നടന്നുവരുന്നു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കേരള കാളിദാസന് സാഹിത്യ ലോകത്തിന് സമ്മാനിച്ച അക്ഷര നിധി കൈമാറപ്പെടുമെന്ന് തീര്‍ച്ച.
വി. കെ. കേരളവര്‍മ്മ (കേരളകാളിദാസ സ്മാരക സമിതിയുടെ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: