ആര്‍എസ്എസ് നേതൃത്വത്തിനും സഹസംഘടനകള്‍ക്കും അഭിമാനിക്കാം. കാരണം എന്താണോ അവര്‍ ഉദ്ദേശിച്ചത്, അത് പൂര്‍ണതയിലേക്ക് അടുക്കുകയാണ്. സമാജത്തെ ഒന്നായിക്കണ്ട് വിഭാവനം ചെയ്ത ഉത്സവങ്ങളും സാംസ്കാരിക മുന്നേറ്റങ്ങളും ജനങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചിരിക്കുന്നു. അതിന്റെ പ്രത്യക്ഷമായ തെളിവാണ് വിപ്ലവപ്പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍.
നാളിതുവരെ വര്‍ഗീയതയും മറ്റ് ഏടാകൂടവും ചൂണ്ടിക്കാണിച്ച് അകറ്റിനിര്‍ത്തിയവയ്ക്കു നേരെ വെള്ളക്കൊടികളുമായി വിപ്ലവക്കൂട്ടങ്ങള്‍ താമസംവിനാ അഹമഹമികയാ വരും. ഭാരതത്തിന്റെ സാംസ്കാരിക അസ്മിതയുടെ ഊടുംപാവുമായിത്തീര്‍ന്ന കൃഷ്ണസങ്കല്പത്തെ സമാജം നെഞ്ചേറ്റുന്നതിന്റെ പ്രകടമായ തെളിവാണല്ലോ നാടെമ്പാടും നടക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍. അതില്‍ ആവേശപൂര്‍വം ജനസഹസ്രങ്ങള്‍ പങ്കെടുക്കുന്നത് കണ്ട് ഹാലിളകിയ വിപ്ലവക്കൂട്ടങ്ങളും ഒത്താശക്കാരും നിരന്തരം എതിര് പ്രചാരണവും അക്രമവും ഭീഷണിയും അഴിച്ചുവിട്ടിരുന്നു. അതിന്റെ ഫലം ശരിക്കും മനസ്സിലാക്കിയ നേതൃത്വം കളം മാറിച്ചവിട്ടിയതിന്റെ കാരണം എന്തുതന്നെയായാലും അതുള്‍ക്കൊള്ളുക തന്നെ. ശ്രീകൃഷ്ണജയന്തി ഉള്‍പ്പെടെയുള്ളവയ്ക്ക് സ്വാഗതമോതിയും പായസവിതരണം നടത്തിയും അവര്‍ തങ്ങളുടെ രാഷ്ട്രീയം മാനവികതയിലേക്ക് തിരിച്ച് വിടാനുള്ള പരിശ്രമത്തിലാണ്. ഭാരതത്തിന്റെ ദേശീയധാരക്കൊപ്പം നിന്നില്ലെങ്കില്‍ എന്താകും സ്ഥിതിയെന്ന് ഏറ്റവും ഒടുവില്‍ ബംഗാളില്‍ നിന്നുള്ള മൊശായ്മാര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു.
ഇതിന്റെയൊക്കെ ഫലമാവാം സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം.വി. ജയരാജന് ഇങ്ങനെ മൊഴിഞ്ഞിരിക്കുന്നു: ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ പോകുന്നതില്‍ തെറ്റില്ല. ആര്‍എസ്എസ്സിന്റെ മാത്രം സ്വത്തല്ല ശ്രീകൃഷ്ണന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഗോകുലത്തിനും ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ക്കും ബീജാവാപം നടത്തിയ എം.എ. കൃഷ്ണന് എന്ന പ്രിയങ്കരനായ എംഎ സാര്‍ ഇത് കൃതാര്‍ത്ഥാപൂര്‍വം കേട്ടിരിക്കുന്നുണ്ടാവും. കോഴിക്കോട്ടെ ശോഭായാത്ര കാണാന്‍ റോഡിനോരങ്ങളില്‍ എമ്പാടും ജനങ്ങള്‍ തടിച്ചുകൂടിയത് ചൂണ്ടിക്കാട്ടി അന്ന് എംഎ സാര്‍ പറഞ്ഞു: ശോഭായാത്ര കാണാന്‍ ഇങ്ങനെ ആളുകൂടിയതുകൊണ്ട് പ്രയോജനമില്ല. അവരൊക്കെ ശോഭായാത്രയില്‍ പങ്കാളികളാവണം, സമാജോത്സവമാകണം ശ്രീകൃഷ്ണജയന്തി. എറണാകുളത്തെ എളമക്കരയിലുള്ള മാധവനിവാസില്‍ വിശ്രമജീവിതത്തിലും കര്‍മ്മനിരതനായ എംഎ സാറിന്റെ ആ കാഴ്ചപ്പാട് ഇന്ന് മൂര്‍ത്തമായ ആഘോഷപ്പെരുമഴയായിരിക്കുന്നു. നാടൊന്നടങ്കം ശോഭായാത്രക്കൊപ്പം ഒഴുകി നീങ്ങുന്നു. അവരെ ഉള്‍ക്കൊള്ളാനാവാതെ ജനപഥങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ആര്‍എസ്എസ് പറഞ്ഞതും അതുതന്നെയാണ്. ഇത് സമാജത്തിന്റെ ഉത്സവമാണ്. കൃഷ്ണന് സമാജത്തിന്റെ മൊത്തം സ്വത്താണ്. വിപ്ലവപ്പെരുവഴിയില്‍ ഒരു തുമ്പപോലും മുളയ്ക്കാതെ ഊഷരമാവുമ്പോള്‍ ദേശീയ വികാരത്തിന്റെ സഫലവഴികളൊക്കെ കണ്കുളിര്പ്പിക്കുന്ന ഹരിതാഭയാല്‍ സമൃദ്ധമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ കലൂര്‍ ജംഗ്ഷനില്‍ നടന്ന ഒരു സിപിഐ യോഗത്തില്‍, അന്തരിച്ച സി. അച്യുതമേനോന് സഖാക്കള്‍ക്കു മുമ്പാകെ ചില നിര്‍ദ്ദേശങ്ങള്‍ വെച്ചു: ആര്‍എസ്എസ്സുകാരുടെ സാംസ്കാരിക മുന്നേറ്റത്തെ അപഹസിച്ചു തള്ളേണ്ട. അവരുടെ ചിട്ടയായ പ്രവര്‍ത്തനവും അവര്‍ നെഞ്ചേറ്റുന്ന ഭാരതസംസ്കാരവും അതിന്റെ ഉള്‍ത്തുടിപ്പുകളും സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു രക്ഷയില്ല. അത് എത്രമാത്രം വസ്തുതാപരമാണെന്ന് നാടെമ്പാടുമുള്ളവര്‍ തലകുലുക്കി സമ്മതിക്കുന്നില്ലേ? ഇനിമുതല്‍ വിപ്ലവക്കൂട്ടങ്ങള്‍ മുന്‍കൈയെടുത്ത് ശോഭായാത്രയും ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കുന്നത് നമുക്കു കാണാം. അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ ദേശീയ സംഘടനകള്‍ മുമ്പന്തിയിലുണ്ടാവും. ഈ ഇന്ത്യാ മഹാരാജ്യത്തുള്ളവരെല്ലാം ഹിന്ദുക്കള്‍ നാമൊന്നാണേ എന്ന സങ്കല്പത്തിന്റെ വിശാലതയില്‍ പറന്നുകളിക്കുന്നത് കാണുന്നതും അനുഭവിക്കുന്നതും ബഹുരസമല്ലേ?
എം.വി. ജയരാജന്റെ മൂത്താശാന്‍ പറഞ്ഞ മറ്റൊരു കാര്യവും ഇതിനൊപ്പം വായിക്കേണ്ടതാണ്. അദ്യം ഇങ്ങനെ മൊഴിയുന്നു: നവോത്ഥാന നായകര്‍ കെട്ടിപ്പടുത്ത ചില ജാതിസംഘടനകളില്‍ ആര്‍എസ്എസ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെ കാണണം. ആ സംഘടനകളുടെ ചില സഖാക്കള്‍ നടത്തുന്ന പരിപാടികളില്‍ ആര്‍എസ്എസ് നേതാക്കള്‍ സംസാരിക്കുന്നു. നാളിതുവരെ കിണറ്റിലെ തവളകളെപ്പോലെ ദുര്‍ബലവിഭാഗങ്ങളെ തോക്കും ബോംബും വാളുമുപയോഗിച്ച് ഭീഷണിപ്പെടുത്തി വെച്ചതിന്റെ സദ്ഫലം ഏറെ അനുഭവിച്ചതാണ് വിപ്ലവപ്പാര്‍ട്ടി. വെള്ളം കോരാനും വിറകുവെട്ടാനും വേണ്ടി ഒരുക്കിനിര്‍ത്തിയ അവരെ ഒരു തരത്തിലുള്ള സാസ്കാരിക മുന്നേറ്റങ്ങളിലും പങ്കെടുപ്പിച്ചിരുന്നില്ല. കൊടിപിടിക്കുക, ചുമരെഴുതിക്കുക, ഗുണ്ടാപ്പണിക്കു വിടുക, നേര്‍ച്ചക്കോഴികളാക്കുക എന്നതായിരുന്നു രീതി. ആ പാവങ്ങള്‍ അതിനൊക്കെ വശംവദരായി ജീവച്ഛവങ്ങളായി നിലകൊണ്ടു. എന്നാല്‍ ആര്‍എസ്എസ്സും സഹസംഘടനകളും അവരുടെ സാംസ്കാരികധാര എന്തെന്ന് കാണിച്ചുകൊടുത്തു, അനുഭവിപ്പിച്ചുകൊടുത്തു. തങ്ങളുടെ നേതാക്കള്‍ ഇന്നുവരെ ചൊല്ലിപ്പഠിപ്പിച്ചതൊക്കെ ഗുണ്ടായിസവും അതിന്റെ ഉപോല്‍പ്പന്നവുമായിരുന്നെന്ന് മനസ്സിലാക്കി. ഇനി അത്തരം ദാസ്യപ്പണിക്ക് തങ്ങളെ കിട്ടില്ലെന്ന് അവര്‍ മുഖത്തുനോക്കിത്തന്നെ പറയാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് കാട്ടാളത്തവും മാടമ്പിത്തവും ഇനി വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന ചങ്കൂറ്റത്തിനു മുമ്പില്‍ ചൂളിപ്പോയ സിപിഎം മാടമ്പിമാര്‍ ആകെ പരിഭ്രമത്തിലാണ്. അതിന്റെ വിടുവായത്തമാണ് സംസ്ഥാന സെക്രട്ടറിയിലൂടെ പുറത്തുചാടിയത്. വരുംദിവസങ്ങളില്‍ ഇമ്മാതിരി കൂടുതല്‍ പ്രസ്താവനകള്‍ പ്രതീക്ഷിക്കാം. ഏതായാലും അവര്‍ക്ക് നല്ലൊരു കൈ കൊടുത്ത് നമുക്ക് നന്മയിലേക്ക് സ്വാഗതം ചെയ്യാം.
സിനിമാ-സീരിയലുകളിലെ പോലീസുകാര്‍ നമ്മുടെ യഥാര്‍ത്ഥ പോലീസുകാരിലേക്ക് പരകായ പ്രവേശം ചെയ്യുന്നുണ്ടോ എന്നൊരു സംശയം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൃശ്യം സിനിമയെക്കുറിച്ച് ഒരു പോലീസ് മേധാവി പറഞ്ഞത് അത് ജനങ്ങള്‍ക്കിടയില്‍ കുറ്റകൃത്യം തെളിവില്ലാത്തവിധം നടത്താന്‍ പ്രോത്സാഹനമാവും എന്നാണ്. അത് ശരിയോ തെറ്റോ എന്നതിനെക്കാള്‍ ദൃശ്യത്തിലെ ചില പോലീസുകാരുടെ പീഡനങ്ങള്‍ അതേപടി യഥാര്‍ത്ഥ പോലീസുകാര്‍ അനുകരിച്ചു എന്നത് വസ്തുതയാണ്. പത്തുവയസ്സുപോലും പ്രായമാകാത്ത മകളെ അമ്മയുടെ മുന്നില്‍ ഭേദ്യം ചെയ്യുന്ന കാട്ടാളത്തം സിനിമയാണെങ്കില്‍കൂടി കണ്ടിരിക്കാന്‍ പറ്റാത്തതായിരുന്നു. പരസ്പരം സീരിയലിലെ ഒരു എസ്ഐ പീഡനകാര്യത്തില്‍ മൂത്താശാനാണ്. ഇതൊക്കെ നടക്കുമോ എന്നൊരു വീട്ടമ്മ ചോദിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ചേരാനല്ലൂരിലെ വീട്ടുജോലിക്കാരി ലീബയെ കൊല്ലാക്കൊല ചെയ്തതിന്റെ വാര്‍ത്ത വായിച്ചപ്പോള്‍ റവന്യൂവകുപ്പിലെ ആ ഉദ്യോഗസ്ഥ വീട്ടമ്മ വിളിച്ചു. ഞാന്‍ നേരത്തെ ചോദിച്ചത് തിരിച്ചെടുത്തിരിക്കുന്നു. ഗുണ്ടയ്ക്കും പോലീസിനും തമ്മില്‍ വസ്ത്രത്തിന്റെ വ്യത്യാസമേയുള്ളൂ എന്ന് പറഞ്ഞു. എറണാകുളത്തെ ചേരാനല്ലൂര്‍ വാര്‍ത്ത സകലരും അറിഞ്ഞതാണ്. പണവും അധികാരവും സൗകര്യം പോലെ ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഏത് മനുഷ്യനെയും എന്തും ചെയ്യാം. ലീബയെ അപമാനിക്കാന്‍ തുനിഞ്ഞത് പ്രതിരോധിക്കുകയും അതിന് ശ്രമിച്ചവന്റെ കരണക്കുറ്റിക്ക് ഒന്നു കൊടുക്കുകയും ചെയ്തതിന്റെ വിദ്വേഷം തീര്‍ക്കാന്‍ സര്‍ക്കാര്‍ യന്ത്രത്തെ പണം കൊണ്ടും സ്വാധീനം കൊണ്ടും വരുതിയിലാക്കിയവരുടെ മുതുകത്ത് രണ്ടു കൊടുക്കാന്‍ കഴിയുമോ? ദൃശ്യം സിനിമക്കെതിരെ വലിയ വായില്‍ ചിലത് വിളിച്ചുകൂവിയ ഓഫീസര്‍ ഇന്നാട്ടില്‍ത്തന്നെയുണ്ടെന്നാണ് തോന്നുന്നത്. കുടുംബം പോറ്റാന്‍ പകലന്തിയോളം എല്ലു മുറിയെ പണിയെടുക്കുന്നവരെ ഇഞ്ചപ്പരുവമാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിനും പോലീസ് എന്ന് പേര്. ഒരു കേസിന്റെ അന്വേഷണത്തിന് എത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ മനംനൊന്ത് അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഠിനപരിശ്രമം നടത്തിയ കോഴിക്കോട് ജില്ലയിലെ നാദാപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ എം.ആര്. ബിജു ഉള്‍പ്പെടുന്നതും ഈ പോലീസ് സേനയില്‍ തന്നെ! ശാന്തം പാപം.
കെ.മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
അഞ്ചു ശരീരങ്ങളെ ചേര്‍ത്ത്
ഇന്നലെ ഞാനൊരു മുള്ളെടുത്തു,
ഇന്നൊരു കല്ലെടുത്തു
നാളെയൊരു പൂവെടുക്കും
ഫാസില സലീം
(പ്ലസ്വണ് വിദ്യാര്‍ത്ഥിനി)
കവിത: വിരലുകള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ്
(സപ്തം. 21-27)
പ്രതികരിക്കാൻ ഇവിടെ എഴുതുക: