പ്രോ കബഡി ലീഗ് പുതുജീവന്‍ പകര്‍ന്നത് അപ്രശസ്തിയുടെ തോള്‍പ്പട്ടകള്‍ ചാര്‍ത്തിവന്ന ഒരുപറ്റം താരങ്ങള്‍ക്ക് കൂടിയാണ്. അവരില്‍ ഒരു മലയാളി മുത്തുമുണ്ട്, പാലക്കാട് റെയില്‍വേ കോളനി നിവാസിയായ ഷബീര്‍ ഷറഫുദ്ദീന്. താരലേലത്തില്‍ 10.6 ലക്ഷം മുടക്കി യു മുംബാ ടീമാണ് ഷബീറിനെ സ്വന്തമാക്കിയത്. തന്റെ മൂല്യം ഷബീര്‍ ഏവര്‍ക്കും കാട്ടിക്കൊടുക്കുകയും ചെയ്തു. രണ്ടു മത്സരങ്ങളിലെ ബെസ്റ്റ് റയ്ഡര്‍ പുരസ്കാര നേട്ടത്തില്വരെ അത് എത്തിനിന്നു. യു മുംബായുടെ ഫൈനല്‍ പ്രവേശത്തില്‍ ഈ 28കാരന് വഹിച്ച പങ്ക് നിസ്തുലം.
ഓട്ടോ ഡ്രൈവറായ ബി. ഷറഫുദ്ദീന്റെ മകനായ ഷബീറിനെ കബഡിക്കളത്തില്‍ എത്തിച്ചത് ദാരിദ്ര്യമായിരുന്നു. സ്കൂളിലെ പരിശീലകന് ഷണ്മുഖത്തിന്റെ ഉപദേശപ്രകാരം ഷബീറും സഹോദരി ഷബാനയും ചെന്നൈ സായിയില്‍ കബഡി ട്രയല്‍സില്‍ പങ്കെടുക്കാന്‍ തുടങ്ങി. രണ്ടുപേര്‍ മാറിനിന്നാല്‍ അത്രയും ചെലവുകുറയുമെന്ന ചിന്തയായിരുന്നു വീട്ടുകാര്‍ക്ക്. നല്ല കായികക്ഷമതയുണ്ടായിരുന്ന ഷബീറിന് സെലക്ഷന് കിട്ടി; ഷബാനയ്ക്കും. അങ്ങനെ അടുത്ത രണ്ടുവര്‍ഷം ഇരുവരും സായിയുടെ ഹോസ്റ്റലില്‍. സഹപാഠികള്‍ മറ്റുവഴികള്‍ തേടിയപ്പോള്‍, ഷബീര്‍ കബഡിയും മനസിലിട്ടു നടന്നു. പിന്നീട് ചെന്നൈയിലെ പച്ചയപ്പ കോളേജില്‍ ബിഎയ്ക്കു ചേര്‍ന്നു. ആ കാലഘട്ടത്തില്‍ മദ്രാസ് യൂണിവേഴ്സിറ്റി കബഡി ടീമിനുവേണ്ടി കളിക്കാനും യോഗമുണ്ടായി.
അടുത്ത അഞ്ച് വര്‍ഷം ഭോപ്പാലിലേക്ക് നീങ്ങി. സര്‍വീസസിന്റെ കോച്ച് ഇ. ഭാസ്കരനു കീഴില്‍ കഴിവുകള്‍ രാകിമിനുക്കി. എസ്ബിടി സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്കിയപ്പോള് ഷബീറിന്റെ ജീവിതം മറ്റൊരു തിരിവില്‍. ബംഗളൂരുവിലായിരുന്നു ആദ്യ നിയമനം. പികെഎല്‍ താരലേലച്ചന്തയില് എ ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള ഭാഗ്യവും ഷബീറിന് ലഭിച്ചു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാകുകയാണ് ഷബീറിന്റെ ഇനിയുള്ള മോഹം.
എസ്.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: