അടുത്ത കാലങ്ങളില്‍ ടെലിവിഷനില്‍ അതു കണ്ടവര്‍ക്ക് ഉള്ളില്‍ കഴിഞ്ഞ കാലം ഉണര്‍ന്നിരിക്കണം. കടുത്ത തറയില്‍ കബഡി… കബഡി… പറഞ്ഞു കളിച്ച കാലം. എതിര് കളത്തില്‍ വളയപ്പെട്ടിട്ടും രക്ഷപ്പെട്ട് സ്വന്തം കളത്തില്‍ എത്താന്‍ ശ്രമിച്ചത്, അപ്പോള്‍ ഏഴുപേരും കൂട്ടത്തോടെ പുറത്തേക്ക് വീണു പിടിച്ചടക്കിയത്, എഴുന്നേറ്റപ്പോള്‍ കൈയിലേയും കാലിലേയും മുട്ടുകളില്‍ ചേനചെത്തിയതുപോലെ തൊലി പൊളിഞ്ഞത്, ചോരയൊലിച്ചത്, പിന്നെയും വെച്ചുകെട്ടി കളിക്കളത്തിലിറങ്ങിയത്, കപ്പുയര്‍ത്തിപ്പിടിച്ച് എതിര് ടീമിനെ കൂക്കി വിളിച്ച് നാട്ടിന്‍പുറത്തെ ഹീറോകളായത്…. ചിലര്‍ക്കത് കുടുകുടുവായിരുന്നു. 25 വയസിനു മുകളിലുള്ള ആര്‍ക്കാണ് അത്തരം ചില ഓര്‍മ്മകള്‍ ഇല്ലാത്തത്…. അതിന്റെ അര്‍ത്ഥം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നമ്മുടെ സ്വന്തം കളി നമ്മില്‍നിന്ന് അകന്നകന്നു പോവുകയായിരുന്നുവെന്നാണ്. ഇപ്പോള്‍ ഇതാ ആ കബഡി…കബഡി… വിളികള്‍ നമുക്കു വീണ്ടും കേള്‍ക്കാനാവുന്നു…. നമ്മുടെ കബഡി തിരിച്ചു വരികയാണ്…..
തികച്ചും സ്വദേശിയാണ് കബഡി. ഭാരതത്തിന്റെ സ്വന്തം കായിക വിനോദം. കരുത്തിനൊപ്പം തന്ത്രവും കൗശലവും വേഗവും മല്ലിട്ടൊന്നാകുന്ന അതിരസം. ക്രിക്കറ്റിനോ ഫുട്ബോളിനോ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊന്നും കബഡിക്കുവേണ്ട. കബഡി പിറന്നത് ചെളിയിലായിരുന്നു. ഒഴിഞ്ഞ പറമ്പുകളില്‍.. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍.. മണല്‍വിരിച്ച പുഴയോരങ്ങളില്‍ മരച്ചില്ലകളാല്‍ കളങ്ങള്‍ കുത്തിവരച്ച് ഭാരതയുവത്വം കബഡി.. കബഡി… വിളിച്ച കാലമുണ്ടായിരുന്നു. പക്ഷേ, പാശ്ചാത്യ കായിക ഇനങ്ങളുടെ അധിനിവേശം, ഹോക്കിയ്ക്കൊപ്പം വയ്ക്കാവുന്ന നമ്മുടെ സ്വന്തം കബഡിക്ക് അവഗണനയുടെ ലോണ പോയിന്റുകള്‍ സമ്മാനിച്ചു. ഇന്നിതാ നൈസര്‍ഗികമായ ആ ക്രീഡയ്ക്ക് പുനര്‍ജനിയുടെ കാലം, കളങ്ങളിലും ആരാധകരുടെ മനസിലും ഉത്സവംതീര്‍ത്ത പ്രഥമ പ്രോ കബഡി ലീഗിലൂടെ. അഭിഷേക് ബച്ചന്റെ ടീം ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കിരീടമുയര്‍ത്തുമ്പോള്‍ ആറാഴ്ച നീണ്ട ചാമ്പ്യന്‍ഷിപ്പിന് മാറ്റുള്ള കൊടിയറക്കം.
ടെലിവിഷന്‍ കാഴ്ച്ചകള്‍ക്കും കച്ചവടതാത്പര്യങ്ങള്‍ക്കും ഇണങ്ങുന്നതാണു കബഡിയെന്നു തെളിയിച്ചതാണ് പ്രോ ലീഗിന്റെ ഏറ്റവും വലിയനേട്ടം. ടിവി ഫോര്‍മാറ്റില്‍ കബഡി അന്താരാഷ്ട്ര നിലവാരത്തില്‍ ദൃശ്യവത്കരിക്കപ്പെട്ടു. വിവിധ വര്‍ണങ്ങളിലെ ജഴ്സികളും ബൂട്ടുകളുമണിഞ്ഞ പടയാളികള്‍ ഓരോ സംഘത്തിനുവേണ്ടിയും പൊരുതാനിറങ്ങി. കോര്‍ട്ടുകള്‍ നിറമുള്ള വിരിപ്പുകളാല്‍ മൃദുലമാക്കപ്പെട്ടു. ഫഌഷ് ബള്‍ബുകളും എണ്ണമറ്റ ക്യാമറകളും പശ്ചാത്തലത്തെ ഹൈടെക്കാക്കി. നിറഞ്ഞ ഗ്യാലറിയും ചേര്‍ന്നപ്പോള്‍ ചാമ്പ്യന്‍ഷിപ്പ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്.
അള്‍ട്രാ സ്ലോ മോഷന്‍ ഉള്‍പ്പെടെ പതിനാല് ക്യാമറകളാണ് മത്സരക്കളത്തിനു ചുറ്റും സ്ഥാപിക്കപ്പെട്ടത്. താരങ്ങളുടെ സൂഷ്മ ചലനങ്ങള്‍പ്പോലും അങ്ങനെ പ്രേക്ഷകരുടെ കണ്ണിലെത്തി. ക്രെയിന്‍ ക്യാമറകള്‍ മറ്റൊരു ദൃശ്യദാതാക്കള്. ആരാധകരെ കബഡിയുടെ മായിക ലോകത്തേക്ക് വലിച്ചടുപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിവച്ചെന്നു ചുരുക്കം. അതു നിഷ്ഫലമായില്ലെന്നു തെളിയിക്കുന്ന കണക്കുകള്‍ പിന്നീട് പുറത്തുവന്നു. ദശലക്ഷക്കണക്കിന് പേരാണ് നേരിട്ടും ടെലിവിഷനിലൂടെയും പ്രോ കബഡി ലീഗ് വിക്ഷിച്ചത്. ജൂലൈ 26ലെ ഉദ്ഘാടന ദിനംമാത്രം കളികണ്ടവര്‍ 22 ദശലക്ഷം. ടൂര്ണമെന്റാരംഭിച്ച് 12 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 140 ദശലക്ഷം ട്വീറ്റുകള്‍ പിറന്നുവീണു. സമാനമായിരുന്നു ഫെയ്സ്ബുക്കിലും കബഡി പ്രേമികളുടെ ഇടപെടല്‍.
ഗ്രാമീണജനത കൂട്ടത്തോടെ കബഡി കണ്ടിരുന്നു. ഭാരതത്തിലെ പുത്തന്‍ കായിക വിപ്ലവമായി ഇതിനെ വിലയിരുത്താം. നഗരനിവാസികളെ കബഡികാണാന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഗ്രാമീണരുടെ ആവേശം. സമൂഹത്തിന്റെ വിഭിന്ന മേഖലകളില്‍ നിന്ന് കബഡി ലീഗിന് വന്‍ പിന്തുണയും ലഭിച്ചു. സര്‍ക്കാരും മാധ്യമങ്ങളും മറ്റുകായിക ഇനങ്ങളിലെ താരങ്ങളും ചലച്ചിത്ര ലോകവുമൊക്കെ ടൂര്‍ണമെന്റിനു പിന്നില്‍ അണിനിരന്നു. അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, അമീര്‍ ഖാന്, സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരെല്ലാം ഒരേ കുടക്കീഴില് വന്നു. ട്വീറ്റുകളും മത്സരത്തിനിടെയുള്ള സെല്‍ഫികളുമായി അവര്‍ ഓരോ നിമിഷത്തെയും ജനകീയമാക്കി. ടൂര്‍ണമെന്റില്‍ മാറ്റുരച്ച എട്ടു ടീമുകളിലൊന്നിനെ സ്വന്തമാക്കിയ അഭിഷേക് ബച്ചന് തന്നെ കബഡി സ്നേഹത്തിന്റെ പ്രധാന പതാകവാഹകന്‍. ദേശീയ മാധ്യമങ്ങള്‍ പ്രോ കബഡിക്ക് ചെറുതല്ലാത്ത പ്രാധാന്യം നല്കിയെന്നു വിലയിരുത്താം. എന്നാല്‍ കേരളത്തിലെ അച്ചടിമാധ്യമങ്ങള്‍ ഒരിക്കല്‍ക്കൂടെ സായിപ്പിന്റെ ‘കളിക്കോപ്പുകള്‍ക്ക്’പിന്നാലെ അലഞ്ഞുതിരിഞ്ഞു.
പ്രൗഢവും ശ്രേഷ്ഠവുമായ പാരമ്പര്യമുണ്ട് ഭാരത കബഡിക്ക്. അഞ്ച് ലോകകപ്പുകളിലെ ജേതാക്കള്‍, ആറ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണങ്ങള്‍, എട്ട് സാഫ് കിരീടങ്ങള്‍. എന്നിട്ടും നമ്മള് കബഡിയെ ഇതുവരെ കാര്യമായെടുത്തില്ല. ഇനിയതു മാറുമോ?. കണ്ടറിയേണ്ടിരിക്കുന്നു. കബഡിയുടെ ഒളിംപിക് പ്രവേശനത്തിന് ഊര്‍ജമേകുന്നതു കൂടിയാണ് പ്രൊ കബഡി ലീഗിനു ലഭിച്ച അഭൂതപൂര്‍വ്വമായ ജനപിന്തുണ. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഒരു കൈ നോക്കിയവരുടെയിടയില് ഭാരതത്തിനും ബംഗ്ലാദേശിനും പുറമെ ചൈനീസ് തായ്പേയ്, ഇറാന്, നേപ്പാള്‍, മലേഷ്യ, ദക്ഷിണകൊറിയ, തായ്ലന്റ് തുടങ്ങിയവരും ഉള്‍പ്പെട്ടിരുന്നു. കുറഞ്ഞത് 50 രാജ്യങ്ങളിലെങ്കിലും പ്രചാരമുള്ള കളിക്കുമാത്രമേ ഒളിംപിക്സില്‍ ഇടംലഭിക്കൂ. നിലവില്‍ 32 രാജ്യങ്ങളില്‍ പ്രൊഫഷണല്‍ കബഡി കളിക്കുന്നുണ്ടെന്നാണ് വയ്പ്പ്. അതിനാല്‍ത്തന്നെ പ്രചാരം വര്‍ധിപ്പിക്കാനുള്ള തീവ്രയത്നങ്ങള്‍ 2020ഓടെ കബഡിയെ മഹാകായിക മാമാങ്ക വേദിയിലെത്തിക്കുമെന്ന് പ്രത്യാശിക്കാം.
എസ്.പി വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: