തിരുവനന്തപുരം: ഓണക്കാലത്ത് മദ്യവില്‍പ്പന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് ചില്ലറ വില്‍പ്പനശാലകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വരുംദിവസങ്ങളില്‍ ഉപരോധസമരം ശക്തിപ്പെടുത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍ പറഞ്ഞു.
സംസ്ഥാനത്തെമ്പാടുമായി ബിവറേജസിന്റെ 100ല്‍പ്പരം ചില്ലറ വില്‍പ്പനശാലകളാണ് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം പത്ത് ചില്ലറവില്‍പ്പനശാലകള്‍ അടപ്പിച്ചു. വൈകിയും തുറന്നിരുന്ന വില്‍പ്പനശാലകള്‍ പ്രവര്‍ത്തകര്‍ സമരം നടത്തി അടപ്പിക്കുകയായിരുന്നു. ഇന്നലെ അടപ്പിച്ച ചില്ലറ വില്‍പ്പനശാലകള്‍ പിന്നീട് പ്രവര്‍ത്തിച്ചില്ല. മിക്കവയ്ക്കും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവ വീണ്ടും തുറന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ഉപരോധിക്കുമെന്ന് അഡ്വ പി. സുധീര്‍ മുന്നറിയിപ്പു നല്കി. യുവമോര്‍ച്ചയുടെ ഉപരോധസമരത്തെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിക്ക ജില്ലകളിലും ഉപരോധസമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി 150 ലധികം പ്രവര്‍ത്തകരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയത്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ് റേ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാസര്‍കോട്, കോഴിക്കോട്, കോട്ടയം, മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ ഉപരോധ സമരം നടത്തിയ നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയില്‍ മാത്രം 40 പേരെ അറസ്റ്റു ചെയ്തു. എറണാകുളത്ത് 20 പേരെയാണ് അറസ്റ്റ് ചെയ്തത്. പിറവം, വൈപ്പിന്‍ തുടങ്ങിയ സ്ഥലങ്ങളിലും സമരം മൂലം ചില്ലറ വില്‍പ്പനശാലകള്‍ അടച്ചു.
മാനന്തവാടിയില്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കിയ ജില്ലാ പ്രസിഡന്റ് അഖിലിനെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് അജി തോമസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റും മര്‍ദ്ദനവും ഉപയോഗിച്ച് യുവമോര്‍ച്ചയുടെ ഉപരോധ സമരത്തെ നേരിടാമെന്ന് സര്‍ക്കാരും പോലീസും കരുതുന്നത് വിഡ്ഢിത്തമാണെന്ന് സുധീര്‍ പറഞ്ഞു. ഒരു ദിവസം ശരാശരി പത്തുലക്ഷം പേരാണ് ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്ന് മദ്യം വാങ്ങുന്നത്. ഓണക്കാലത്ത് ഇത് അനേകമിരട്ടിയാകും. സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്ന മദ്യത്തിന്റെ 70 ശതമാനവും വില്‍ക്കുന്നത് ബിവറേജസ് ചില്ലറ വില്‍പ്പനശാലകള്‍ വഴിയാണ്. ബാറുകളും ഓണക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് യുവമോര്‍ച്ച ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. മദ്യം നിരോധിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല. ഉണ്ടെങ്കില്‍ ഓണക്കാലത്ത് മദ്യം നിരോധിക്കുമായിരുന്നു. യുവമോര്‍ച്ചയുടെ ഈ സൂചന സമരം സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. ഓണത്തിന് മദ്യം നിരോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: