തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി അനന്തകൃഷ്ണനായിരിക്കും അന്വേഷണത്തിന്റെ ചുമതലയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിനെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി അനന്തകൃഷ്ണന് നാളെ കണ്ണൂരിലെത്തും. ജില്ലാ കളക്ടര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ചാകുമ്പോള് ആര്‍ക്കും പരാതി ഉണ്ടാവേണ്ട കാര്യവുമില്ല. അന്വേഷണ സംഘത്തിലെ അംഗങ്ങളെ എഡിജിപി തീരുമാനിക്കും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന് വധം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. ഇനി ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയെന്നും ചെന്നിത്തല പറഞ്ഞു.
മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശേരി ലോക്കല്‍ പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഒന്നാംപ്രതി കിഴക്കേ കതിരൂര്‍ ബ്രഹ്മപുരം സ്വദേശി വിക്രമനാണ്. കണ്ടാലറിയാവുന്ന എഴ് സിപിഐഎം പ്രവര്‍ത്തകരാണ് മറ്റുപ്രതികള്‍ എന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: