ടോക്യോ: വരൂ, നിങ്ങള്‍ ഭാരതത്തിലേക്ക് വരൂ.. നിങ്ങളെ കാത്തിരിക്കുന്നത് ചുവപ്പു നാടയല്ല, ചുവപ്പു പരവതാനിയാണ്.. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു പറഞ്ഞപ്പോള്‍ അവിടെ മുഴങ്ങിയത് ലക്ഷ്യബോധമുള്ളഒരു ജനനായകന്റെ ശബ്ദമാണ്. ഭാരതത്തില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ജപ്പാനിലെ വ്യവസായികള്‍ക്കുള്ള ക്ഷണമായിരുന്നു അത്.
തീരുമാനങ്ങളും നടപടികളും എല്ലാം ചുവപ്പുനാടയില്‍ കുരുങ്ങിയൊടുങ്ങിയിരുന്ന ഭാരതത്തില്‍ നിന്നുള്ള പുതിയ ശബ്ദമാണ് അവിടെ ഉയര്‍ന്നത്. ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രണ്ടായിരത്തിലേറെപ്പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ദയവായി നിങ്ങള്‍ വരൂ, ഭാരതത്തില്‍ ഉത്പാദനം നടത്തൂ.. അതിനു വേണ്ടത് എന്താണോ അതെല്ലാം ഞങ്ങള്‍ ഒരുക്കിനല്കാം, മോദി വ്യക്തമാക്കി.
കിഴക്കു ദിക്കിലേക്ക് നോക്കുകയെന്ന നയമാണ് ഇപ്പോള്‍ ഭാരതം സ്വീകരിച്ചിരിക്കുന്നത്. ഭാരതത്തിലേക്ക് നോക്കുകയെന്ന നയം ജപ്പാനും സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, മോദി തുടര്‍ന്നു.
ഭാരതത്തില്‍ വലിയ ഒരു വിപണിയാണ് ഉള്ളത്. വിദഗ്ധരായ മനുഷ്യശേഷിയും കുറഞ്ഞ നിരക്കില്‍ ലഭ്യം. ഭാരതത്തില്‍ മെട്രോ പോലുള്ള റെയില്‍ പദ്ധതികള്‍ പ്രതീക്ഷിച്ചിരിക്കുന്ന അമ്പതിലേറെ വന്നഗരങ്ങളുണ്ട്. ഒരു രാജ്യത്ത്, ഒരു മേഖലയില്‍ മാത്രം ഇത്രയേറെ ബിസിനസ് അവസരം നിങ്ങള്‍ കണ്ടിട്ടുണ്ടോ.. മോദി ചോദിച്ചു.രാജ്യത്തിന്റെ വികസനത്തിലാണ്, ഉത്പാദന പ്രകൃയ വര്‍ധിപ്പിക്കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നത്. നിക്ഷേപത്തിന് ഭാരതത്തെക്കാള്‍ നല്ലൊരു സ്ഥലം വേറെയില്ല, മോദി പറഞ്ഞു.
മൂന്ന് പ്രധാന ഡികളുള്ള ഒരേയൊരു രാജ്യം ഭാരതമാണ്. ഡെമോക്രസി (ജനാധിപത്യം) ഡെമോഗ്രഫി (ജനസംഖ്യ) ഡിമാന്‍ഡ് (ആവശ്യം), മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ട് കഴിയാത്ത കാര്യമാണ് തന്റെ സര്‍ക്കാര്‍ ഇതിനകം സാധിച്ചത്, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസം കൊണ്ട് മൊത്തം ആഭ്യന്തര ഉത്പാദനം 5.7 ശതമാനമായി. ഇത് രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതാണ്.
ജപ്പാനില്‍ നിന്നുള്ള വ്യവസായികളുടെയും നിക്ഷേപകരുടെയും പദ്ധതികള്‍ക്ക് വേഗം അനുമതി നല്‍കാം. എന്റെ ഓഫീസില്‍ തന്നെ ഇതിന് പ്രതേ്യക സംവിധാനം ഒരുക്കാം, മോദി ജപ്പാന് വാഗ്ദാനം നല്കി.
ജപ്പാനില്ലാതെ ഭാരതം അപൂര്‍ണ്ണമാണ്. ഭാരതമില്ലാതെ ജപ്പാനും അപൂര്‍ണ്ണം. ജപ്പാന്റെ ശാസ്ത്ര വൈദഗ്ധ്യവും ഭാരതത്തിന്റെ സോഫ്റ്റ്വെയര് വൈദഗ്ധ്യവും കൂടിച്ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം, മോദി പറഞ്ഞു. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് ഭാരതത്തില്‍ രണ്ടുലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം ചര്‍ച്ചകളില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിക്ക് വാഗ്ദാനം നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനും ഗംഗാ ശുചീകരണത്തിനും ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പദ്ധതികളിലുമാണ് ജപ്പാന് നിക്ഷേപം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: