കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ തലവന്‍ സിപിഎം സഹയാത്രികന്. പാര്‍ട്ടിയുടെ വിശ്വസ്തനും കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുമായ ഇദ്ദേഹം എല്‍ഡിഎഫ് ഭരണകാലത്ത് മാത്രമേ ക്രമസമാധാന ചുമതലയിലുണ്ടാവാറുള്ളൂ. ഇതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി.
സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നതനേതാക്കളുമായി അടുത്ത വ്യക്തിബന്ധമുള്ള ആളാണ് ഇദ്ദേഹം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സിപിഎം അനുചരനായിട്ടാണ് അറിയപ്പെടുന്നതും. ഇദ്ദേഹത്തെ അന്വേഷണ സംഘത്തലവനാക്കിയതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സംഘത്തെയാണ് സര്‍ക്കാര്‍ മനോജ് വധം അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.എഡിജിപി:എസ്.അനന്തകൃഷ്ണന്റെ കീഴില്‍ ക്രൈംബ്രാഞ്ച് എസ്പി രാമചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്പി സിപിഎം സഹയാത്രികനാണെന്നാണ് ആരോപണം.ടി.പി.വധക്കേസ് അന്വേഷണസംഘത്തിലെ അംഗങ്ങളായിരുന്ന ഡിവൈഎസ്പിമാരായ കെ.വി.സന്തോഷ്, ജോസി ചെറിയാന്, എം.ജെ.സോജന് എന്നിവരും സിഐമാരായ വി.വി.ബെന്നി, ജയന് ഡൊമനിക് എന്നിവവരുമാണ് മനോജ് വധക്കേസ് അന്വേഷണ സംഘത്തിലുള്ളത്. ഇവരെ കൂടാതെ ഡിവൈഎസ്പി സുദര്ശന്, സിഐ പ്രോംസദന് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
ഇന്നലെ ഉത്തരമേഖലാ എഡിജിപി ശങ്കര്‍റെഡ്ഡിയും ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനും അന്വേഷണത്തിന്റെ പ്രാഥമിക പുരോഗതി വിലയിരുത്തി. കൊല്ലപ്പെട്ട മനോജിന്റെ വീടും എഡിജിപി സന്ദര്‍ശിച്ചു.
ഡിഐജി ദിനേന്ദ്ര കശ്യപ്, എഎസ്പി ടി.നാരായണന്, കൂത്തുപറമ്പ്, പാനൂര്‍ സിഐമാരായ പ്രേംസദന്, ബെന്നി എന്നിവരും എഡിജിപി എസ്.അനന്തകൃഷ്ണനൊപ്പം ഉണ്ടായിരുന്നു. നേരത്തെ തലശ്ശേരി റസ്റ്റ്ഹൗസില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം വൈകുന്നേരം മൂന്നര മണിയോടെയാണ് എഡിജിപി കതിരൂരിലെത്തിയത്.
ടി.പി.വധം അന്വേഷിച്ച രീതിയില്‍ ശാസ്ത്രീയമായി തന്നെ മനോജ് വധവും അന്വേഷിക്കുമെന്നും മനോജിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ഗൂഢാലോചന നടത്തിയവരെക്കുറിച്ചും അന്വേഷിക്കുമെന്നുമാണ് സംഘം പറയുന്നത്. അക്രമത്തില്‍ എട്ട് പേരാണ് നേരിട്ട് പങ്കെടുത്തിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. തലശ്ശേരി കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി രാമചന്ദ്രന്, ഡിവൈഎസ്പിമാരായ സുദര്ശന്, കെ.വി.സന്തോഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. എഡിജിപി അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് ഇന്നലെ കതിരൂരിലെത്തിയ എഡിജിപി എസ്.അനന്തകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: