ന്യൂദല്‍ഹി: ഭാരതചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ത്ത ഐതിഹാസികമായ ജപ്പാന് പര്യടനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തി. ന്യൂദല്‍ഹിയിലെ പാലം വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്വീകരിച്ചു. രാജ്യത്തെ വികസന പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,10,000 കോടി രൂപയുടെ ജാപ്പനീസ് നിക്ഷേപം ഉറപ്പിച്ചിട്ടാണ് നരേന്ദ്ര മോദിയുടെ തിരിച്ചുവരവ്.
ലോകരാഷ്ട്രങ്ങള്‍ സാകൂതം വീക്ഷിച്ച ചരിത്ര സംഭവങ്ങളിലൊന്നായിരുന്നു ഭാരത പ്രധാനമന്ത്രിയുടെ പഞ്ചദിന ജപ്പാന് പര്യടനം. 30ന് ആരംഭിച്ച സന്ദര്‍ശനത്തില്‍ പതിവു ശീലങ്ങള്‍ പലതും മാറ്റിമറിക്കപ്പെട്ടു. നയതന്ത്രത്തിന്റെ പുതുരീതികള്‍ ലോകത്തിനു കാട്ടിക്കൊടുക്കാന്‍ പ്രധാനമന്ത്രിക്കു സാധിച്ചു. 400 കിലോ മീറ്റര്‍ സഞ്ചരിച്ച് പൈതൃക നഗരമായ ക്യോട്ടോയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിക്ക് കൈകൊടുത്തപ്പോള്‍ തുടങ്ങിയതാണ് കീഴ്വഴക്കങ്ങളുടെ വ്യതിയാനം. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു ജപ്പാന് ഭരണാധികാരി വിദേശനേതാവിനെ നേരിട്ടെത്തി വരവേറ്റത്.
പിന്നെ വാരാണസിയെ പൈതൃകവും ആധുനികതയും സമ്മേളിക്കുന്ന സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ലക്ഷ്യമിടുന്ന ഉടമ്പടിയില്‍ ഭാരതവും ജപ്പാനും ഒപ്പിട്ടു. വാരാണസിയെ നവയുഗ നഗരമാക്കാന്‍ സഹായിക്കാമെന്നേറ്റതിലൂടെ ജപ്പാന് ഭാരതത്തിന് ആദ്യസമ്മാനം കൈമാറുകയായിരുന്നു.
ഭാരതവികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാവുന്ന ധാരണകള്‍ പിന്നാലെ പിറന്നു. പ്രതിരോധമേഖലയില്‍ സഹകരണം വിപുലപ്പെടുത്താനുള്ള തീരുമാനം പരമപ്രധാനമായ ഉടമ്പടികളിലൊന്ന്. പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റം വര്‍ധിപ്പിക്കാനും തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇതിനുപുറമെ സംശുദ്ധ ഊര്‍ജ്ജം, റോഡ്- ദേശീയപാത നിര്‍മ്മാണം, ആരോഗ്യസംരക്ഷണം- വനിതാക്ഷേമം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അഞ്ചു നിര്‍ണായക കരാറുകള്‍ ഒപ്പിടപ്പെട്ടു. ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് അടക്കം ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജപ്പാന് എടുത്തുകളഞ്ഞെന്നതും ഭാരതത്തെ സംബന്ധിച്ച് നേട്ടമായി. സൈനികേതര ആണവോര്‍ജ കരാര്‍ സാധ്യമാക്കുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള തീരുമാനം മറ്റൊരു പ്രധാന ചുവടുവയ്പ്പ്. ഭാരതത്തിലെ ബുള്ളറ്റ് ട്രെയിന്‍, സ്മാര്‍ട്ട് സിറ്റി, ഗംഗാ നവീകരണ പദ്ധതികളില്‍ ജപ്പാന് നിക്ഷേപവും സാങ്കേതിക സഹകരണങ്ങളും ഉറപ്പാക്കപ്പെട്ടു.
ശുഭകരമായ ശരീരഭാഷ പ്രകടമാക്കിയ ഒരു ജനനായകനെയും മോദിയിലൂടെ ജപ്പാന് ദര്‍ശിച്ചു. ജപ്പാന് നിക്ഷേപകരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നടത്തിയ പരിശ്രമങ്ങള്‍ അക്ഷീണവും മാതൃകാപരവുമായിരുന്നു. ഭാരതത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ചുവപ്പുനാടകളല്ലെന്നും പരവതാനികളാണെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പുകൊടുത്തു. ഭാരതത്തിലേക്കുള്ള ജപ്പാന് നിക്ഷേപം ത്വരിതഗതിയിലാക്കാന്‍ തന്റെ ഓഫീസിനുകീഴില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: